Thursday, June 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 18 | ശനി ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 18 | ശനി ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

സമചിത്തതയോടെ കാര്യങ്ങളെ നേരിടാന്‍ പഠിക്കുക എന്നതാണ് ജീവിത വിജയത്തിന്‍റെ മന്ത്രം. ഇതില്ലാതെ ജീവിതത്തില്‍ മറ്റെന്തു നേടിയാലും ആത്യന്തികമായി പരാജയമായിരിക്കും ഫലം.

ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളേയും ഉള്‍ക്കൊണ്ടു കൊണ്ട് അഥവാ അംഗീകരിച്ചു കൊണ്ട് അതിനെ തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള കഴിവ് ഓരോ വ്യക്തിയും ആര്‍ജ്ജിച്ചെടുക്കേണ്ടതായിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടിയില്‍ ഈ കഴിവ് വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്.

കളിപ്പാട്ടത്തിനായി കുട്ടി വാശിപിടിച്ചു കരയുമ്പോള്‍ ചിലപ്പോഴെങ്കിലും അവര്‍ അത് വാങ്ങി കൊടുക്കുന്നില്ല. പണമില്ലാത്തതു കൊണ്ടോ കുട്ടിയോടു സ്നേഹം ഇല്ലാത്തതു കൊണ്ടോ അല്ല അവര്‍ ഇങ്ങനെ ചെയ്യുന്നത്. മറിച്ച് എല്ലാം എപ്പോഴും ആഗ്രഹിച്ച രീതിയില്‍ കിട്ടില്ല എന്ന് കുട്ടിയെ ബോധ്യപ്പെടുത്താനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. ജീവിതത്തില്‍ മുന്നോട്ടു പോകുന്തോറും വിഷമകരമായ അനേകം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായി വരുന്നു. അതിനെ തടഞ്ഞു നിര്‍ത്താനോ ഇല്ലാതാക്കാനോ നമുക്ക് കഴിയില്ല. പകരം അത് ഉള്‍ക്കൊണ്ടു കൊണ്ട് നേരിടാനാണ് ശ്രമിക്കേണ്ടത്.

എങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഏതൊരു വ്യക്തിയും തളര്‍ന്നു പോകുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അയാള്‍ക്കു സാധിച്ചുവോ എന്നതാണ് കാര്യം. ഉദാഹരണത്തിന് പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത അറിയുമ്പോള്‍ പലരും അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ തലചുറ്റി വീഴാറുണ്ട്. പെട്ടന്നുണ്ടായ അപ്രതീക്ഷിതമായ ഒരു സംഭവത്തിന്‍റെ ആഘാതമാണ് ഇത്.

എന്നാല്‍ പതിയെ അവര്‍ അതില്‍ നിന്ന് മോചിതരാവുകയും അത് ഉള്‍ക്കൊണ്ടു കൊണ്ടു തന്നെ ജീവിതത്തില്‍ മുന്നോട്ടു പോകുകയും ചെയ്യും. പ്രിയപ്പെട്ട ഒരാളുടെ വിയോഗം മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടാകാം. എന്നാല്‍ അതിന്‍റെ ഓര്‍മ്മയില്‍ നീറിനീറി ജീവിതം തള്ളിനീക്കുന്നതില്‍ അര്‍ത്ഥമില്ല. ആ വിയോഗം ജീവിതത്തില്‍ ഉണ്ടാക്കിയ മുറിവ് ഉണക്കാനും മായ്ക്കാനും ആണ് ശ്രമിക്കേണ്ടത്. ഇത്തരത്തില്‍ സമചിത്തതയോടെ ഓരോന്നിനേയും ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ജീവിതത്തില്‍ ശാന്തിയും സമാധാനവും പുലരുകയുള്ളു.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments