കൊച്ചി: നടി അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് എടുത്തു. കോടതി നിർദ്ദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വനിതാ സെൽ എസ് ഐ രേഷ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവർക്കെതിരായ പരാതിയിലാണ് തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
അന്‍സിബ ഹസ്സനെ തൃപ്പൂണിത്തുറ വനിത സെല്ലില്‍ നിയമവിരുദ്ധമായി തടഞ്ഞു വച്ചു, സ്റ്റേഷനില്‍ രേഖയില്‍ അന്‍സിബയെകൊണ്ട് മാപ്പ് എഴുതി ഒപ്പിടിയിച്ചു, പിന്നീട് അതില്‍ പ്രതികള്‍ക്ക് വേണ്ടി അന്‍സിബ അറിയാതെ തിരുത്തൽ വരുത്തിയെന്നാണ് അൻസിബയുടെ പരാതി. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും കേസിൽ കഴമ്പില്ലെന്നായിരുന്നു പൊലീസ് വാദം അതിന് ശേഷമാണ് അൻസിബ കോടതിയെ സമീപിച്ചത്.
നടി ലക്ഷ്മിപ്രിയയുടെ വ്യാജ പരാതി സ്റ്റേഷനിൽ വിളിച്ചുവരുത്തി മോശമായി പെരുമാറിയതായി അൻസിബ പരാതിപ്പെട്ടിരുന്നു. എസ് ഐ രേഷ്മക്കെതിരെയും നടി പരാതി നൽകിയിരുന്നു. ഒരു എക്സിക്യൂട്ടീവ് അംഗം നൽകിയ പരാതിയിൽ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നുവെന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അൻസിബ പറഞ്ഞിരുന്നു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അൻസിബ ഹസൻ പരാതി നൽകിയത്.



