ഓണക്കോടിയും പൂക്കളും സദ്യയുടെ വിഭവങ്ങളുമായി വിപണികൾ സജീവമാകുമ്പോൾ, മഹാബലിയുടെ വരവിനായി കേരളവും ഒരുങ്ങിക്കഴിഞ്ഞു.
തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ്. വീടുകളിൽ പൂക്കളമൊരുക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ, അടുക്കളയിൽ സദ്യയ്ക്കുള്ള വിഭവങ്ങൾ ഒരുക്കാനുള്ള തിരക്കിലാണ് കുടുംബങ്ങൾ.
പച്ചക്കറി വിപണികളിൽ പതിവിലും തിരക്കേറി. ചേനയും കുമ്പളങ്ങയും പച്ചമുളകും പയറും വെള്ളരിയും ഉൾപ്പെടെ സദ്യയ്ക്ക് ആവശ്യമായ പച്ചക്കറികൾ വാങ്ങാൻ പുലർച്ചെ മുതൽ തന്നെ വിപണികളിൽ തിരക്കേറി. പഴവർഗങ്ങൾക്കും പലചരക്ക് സാധനങ്ങൾക്കും ആവശ്യക്കാരേറെ.
പൂവിപണിയിലും തിരക്കിന് കുറവില്ല.
പുത്തനുടുപ്പിനായുള്ള അവസാനവട്ട ഷോപ്പിംഗും സജീവമാണ്.. നഗരവിപണികൾക്കൊപ്പം വഴിയോര കച്ചവട കേന്ദ്രങ്ങളിലും മാളുകളിലും ഓണത്തിരക്ക് പ്രകടമാണ്.



