Friday, August 28, 2026
Homeഅമേരിക്കപി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. 'സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ' (12) " പന്തയക്കുതിരകൾ"

പി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. ‘സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ’ (12) ” പന്തയക്കുതിരകൾ”

നായരുടെ കടയിൽ നിന്നാണ് യാർഡിൽ കിടക്കുന്ന ഒരു പെട്ടിയിൽ മുഴുവൻ കുതിരകൾ ആണെന്ന വിവരം ആരോ പൊട്ടിച്ചത്. ഗുഡ്സ്ഷെഡ് വഴി ട്രാക്ക് മുറിച്ച് കടന്നുവന്ന വേലാണ്ടിയാണ് ആദ്യം കണ്ടത്. യാർഡിലെ ലൂപ്പ്ലൈനിൽ ഒതുക്കി നിർത്തിയ ഒരു പെട്ടിയിൽ ഒരു ഡസൻ കുതിരകൾ. നല്ല ഒന്നാന്തരം കുതിരകൾ.

ഗേങ്ങ്മാൻ കൃഷ്ണൻകുട്ടി ചായകുടിക്കാൻ വന്നപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്’

അത് പന്തയക്കുതിരകളാണ്. അടുത്തമാസം മൂന്നാംതിയതി തൊട്ട് ഊട്ടിയിൽ പന്തയം തുടങ്ങുകയാണ്. വന്നിരിക്കുന്നത് വളരെ വിശേഷപ്പെട്ട ഇനം കുതിരകളാണ് ഇംഗ്ലണ്ടിന് അടുത്ത് അയർലൻഡ് എന്നൊരു നാടുണ്ടത്രേ. അവിടുന്ന് തിരഞ്ഞുപിടിച്ചു കൊണ്ടുവന്നതാണ്. പ്രത്യേക പരിശീലനം ഉള്ള കുതിരകളാണ് .
“ആ കുതിരകളെ ഒന്നു കാണണം. ഇവിടെയുള്ള നമ്മുടെ വണ്ടിവലിക്കുന്ന ചാവാളി കുതിരകളെ പോലെയല്ല. അതിൻ്റെ രണ്ടിരട്ടി വലിപ്പമുണ്ട്. കൊഴുത്ത് തടിച്ച് എന്താ ഓരോന്നിന്റെ നിൽപ്പ് !ഉച്ചയ്ക്ക് മുമ്പ് വേറെ വണ്ടി വരും. ഇവിടെനിന്ന് മേട്ടുപ്പാളയം വഴി ഊട്ടിക്ക്. അതിലാണ് കുതിരകളെ കൊണ്ടുപോകുന്നത്. ”

അങ്ങനെയാണ് സാന്തന്നൂരിലെ ജനങ്ങൾ ഊട്ടിയിലെ റെയ്സ്കോഴ്സിനെപ്പറ്റിയും വേനൽക്കാലത്തെ സായിപ്പന്മാരുടെ വിനോദങ്ങളെപ്പറ്റിയും അറിയുന്നത്. അധികം കാത്തിരിക്കാതെ സാന്തന്നൂരിലും കോയമ്പത്തൂരിലും കുതിരപ്പന്തയങ്ങൾ നടക്കാനുള്ള സാധ്യതയുണ്ടെന്നും അവർ ചെട്ടിപ്പാളയത്ത് അതിനുള്ള സ്ഥലം തിരയുകയാണെന്നും അവർക്ക് വിവരങ്ങൾ ലഭിച്ചു.

“ഓ! ഈ വെള്ളക്കാരെ സമ്മതിക്കണം. ഒരു ചെറിയ രാജ്യത്ത്നിന്ന് വന്ന വളരെ കുറച്ചുപേർ, എത്ര പെട്ടെന്നാണ് ഒരു വലിയ രാജ്യം കീഴടക്കിയത്. വെറുതെ കച്ചവടം നടത്താൻ മാത്രമല്ല, എന്തൊക്കെ സൗകര്യങ്ങളാണ് അവർ കൊണ്ടുവരുന്നത് !എവിടെയൊക്കെ യുദ്ധങ്ങൾ ജയിച്ചു. ഫ്രഞ്ചുകാരും ഡച്ചുകാരും ഒക്കെ ഒതുങ്ങിയില്ലേ. ആദ്യം വന്ന പറങ്കികളെപ്പോലും ഇപ്പോൾ കാണാനില്ല. അവരെയൊക്കെ ഓരോ മൂലയിൽ ആക്കി ഇംഗ്ലീഷുകാർ തകർക്കുകയല്ലേ.”

“അതുമട്ടുമല്ല, ഹൈദറേയും തിപ്പുവേയും തോക്കടിച്ചാച്ച്”

“ആമാമാ നീ സൊന്നത് സരിതാൻ. അവങ്കളുക്ക് തങ്കറത്ക്ക് ബംഗ്ലാവ്, പയണത്ത്ക്ക് റോഡ് . ഇപ്പ കാറും വന്തിരിച്ച്ന്ന് സൊല്ലറാങ്കെ . ഒവ്വൊരു കപ്പലും വരുമ്പോ അതിലെ ദൊരൈകൾക്ക് തേവയാന എല്ലാ പൊരുളും വര്ത്. ടെന്റ് കെട്ടറത്ക്ക് ഷീറ്റിലെ ഇരുന്ത് ശാപ്പാട്ട് മേശയിലെ ഇസ്പ്പൂൺ , കത്തി, മുള്ള് വരൈ . ഇപ്പൊ പാരുങ്കെ കാറും വന്താച്ച് . പിന്നെ കുതിരയൈ കൊണ്ടുപോകറത്ക്കാകെ ഇന്നി എന്തമാതിരി വണ്ടി വരുമോ തെരിയലൈ ”

“നീങ്ക സൊന്ന മാതിരി ത്താൻ . എന്നാ സുറു സുറുപ്പ് ! എന്നാ ഉർച്ചാകം! എതാവത് ഒരു വേലൈ എപ്പോതും എങ്കയാവത് നടന്തിട്ടേ ഇരിക്കരുത്. റോഡ് വന്തിരിച്ച് ,റെയിൽ വന്തിരിച്ചു്, വണ്ടി വന്തിരിച്ച് . ഇനി തപാൽ വണ്ടിയും വരപ്പോകിറതാം!”

“അതെന്നാ തപാൽ വണ്ടി ?”

“അത് താൻ പോസ്റ്റ് ആപ്പീസ്. ഇങ്കൈയിരുന്ത് ദൂരദേശത്തുക്ക് കടിതം കാശ്, പൊരുൾ എല്ലാം അനുപ്പറ്ത്ക്ക് .”

“പറവാ ഇല്ലൈ .നമ്മ ചേര ചോള പാണ്ട്യ മന്നർ കളെല്ലാം ഇന്ത മാതിരി ഒന്നുമേ ചെയ്യലിയേ”

“അപ്പടി സൊല്ലാദതീങ്ക. അവങ്ക കെട്ടിനത് താൻ ഇന്ത കുളം, കിണറ്, കോട്ടൈ, കോവിൽ, ഗോപുരം ….
അതനാലെ അവങ്ക ചെഞ്ചതെയെല്ലാം ശിന്നതാ ചിറ്ശാ പാക്കാതീങ്കെ…..”

കടകളിലും പാതകളിലും പൊതുജനസംസാരം വെള്ളക്കാരെ വാഴ്ത്തിയും പുകഴ്ത്തിയും തുടർന്നുകൊണ്ടിരുന്നു.

അതിനിടയിൽ വലിയൊരു വണ്ടി റെയിൽവേ സ്റ്റേഷന്റെ മുന്നിൽ വന്നു നിന്നു. മേൽപ്പുരയില്ലാതെ മൂന്നുവശവും തുറന്ന ഒരു ദീർഘചതുരത്തിലുള്ള വണ്ടി. നാട്ടുകാർ അങ്ങനെയൊന്ന് ആദ്യം കാണുകയാണ്. മൂന്നുപേർക്ക് മുന്നിൽ ഇരുന്ന് ഓടിക്കുവാൻ ഉള്ള സൗകര്യം. പുറകിൽ നീണ്ടു കിടക്കുന്ന സ്ഥലത്ത് സാധനങ്ങൾ കയറ്റി വയ്ക്കാനോ ആടുമാടുകളെ കയറ്റി കൊണ്ടുപോകുവാനോ പറ്റുന്നരീതിയിൽ മൂന്നു ഭാഗവും അഴികൾ ഇട്ട് ചങ്ങലകൊണ്ട് ഉറപ്പിച്ച് നിർത്തുവാനുള്ള സംവിധാനം.

“ഇത് താൻ ട്രക്ക്.”
വലിയ വിവരമുള്ള പോലെ കുപ്പുസ്വാമി പറഞ്ഞു.

കോയമ്പത്തൂരും ഈറോഡും ഒക്കെ പണിക്കുപോയി വന്നിട്ടുള്ള കുപ്പുസ്വാമിക്ക് കുറച്ച് അധികം ലോകപരിചയം ഉണ്ട്. വലിയ സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുവാനുള്ള വണ്ടിയാണ് ട്രക്ക് എന്ന് അയാൾ വിവരിച്ചു. പലതരത്തിലുള്ള ട്രക്കുകൾ ഉണ്ടെന്നും പട്ടാളക്കാരെ കൊണ്ടുപോകുന്നതിനും യുദ്ധസാമഗ്രികൾ കൊണ്ടുപോകുന്നതിനും പീരങ്കിവരെ മലയും ചുരവും കടത്തി കൊണ്ടുപോകുന്നതിന്നും പലതരത്തിലുള്ള ട്രക്കുകൾ ഉണ്ടെന്ന് മറ്റൊരാൾ വിവരിച്ചു.

ഇവിടെ ഇതു വന്നിരിക്കുന്നത് പന്തയക്കുതിരകളെ കയറ്റിക്കൊണ്ടുപോകുവാനാണ് എന്നും ഓരോന്നിനെയും അതിൽ കയറ്റി അവയ്ക്കുള്ള തീറ്റയും കരുതി ഈ ട്രക്ക് മലകയറി ഊട്ടിയിൽ എത്തും എന്നും അയാൾ വിവരിച്ചു.

“ഉനക്ക് ഇതെല്ലാം എപ്പടി തെരിഞ്ചിത് ?
നീ ഇന്ത ഊരുവിട്ട് വേറെയെങ്കയാവത് ഒരു ഊരുക്കു പോയി പാത്തിയാ?”

പലർക്കും പല വിവരങ്ങളും അറിയുവാനുള്ള തിടുക്കമായി. അവരുടെ കാത്തിരിപ്പുകൾക്കിടയിലൂടെ യാർഡിൽനിന്ന് റെയിൽവേ ട്രാക്കുകൾ മുറിച്ചു കടന്ന് കുതിരകൾ ഓരോന്നായി റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിർത്തിയ വണ്ടിയുടെ അടുത്ത് എത്തി. വളരെ അനുസരണയോടെ ഓരോ കുതിരയും വണ്ടിയിലേക്ക് കയറി. കുതിരകൾക്ക് കയറാൻ പാകത്തിൽ വണ്ടിയുടെ പിൻഭാഗത്തേക്ക് നിലത്തുനിന്ന് പലകകൾ ചരിച്ചു വച്ചിരുന്നു.

കാഴ്ചകൾ എല്ലാം പൊതുജനങ്ങൾക്ക് അത്ഭുതമായി. അവരെ പിറകിൽ നിർത്തി അത്ഭുതപ്പെടുത്തിക്കൊണ്ട് കുറച്ചുകഴിഞ്ഞപ്പോൾ വണ്ടി ശബ്ദമുണ്ടാക്കിക്കൊണ്ടു മുന്നോട്ടു നീങ്ങി. അത് കടവീഥിയിലൂടെ കടകളെയും കരിമ്പിൻതോട്ടങ്ങളെയും പിന്നിലാക്കി അകലങ്ങളിലേക്ക് ചെറുതായി.

പി.എൻ. വിജയൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ