ഇന്നത്തെ കമ്പ്യൂട്ടർയുഗത്തിൽ കാലാഹരണപ്പെട്ട ടൈപ്പ്റൈറ്ററുകൾ ഉപയോഗിക്കുന്ന ധാരാളം സ്ഥാപനങ്ങളെ ഇപ്പോഴും ഇന്ത്യയിൽ കാണാം. അമേരിക്കയിലെയോ ഇംഗ്ലണ്ടിലെ യോ ഒരു ചെറിയ സ്ഥാപനത്തിൽനിന്നും വരുന്ന കത്തുമായി ഇന്ത്യയിലെ അതേ നിലവാരമുള്ള ഒരു സ്ഥാപനത്തിലെ കത്ത് താരതമ്യം ചെയ്തു നോക്കുക; അവ തമ്മിലുള്ള അന്തരം വളരെ കൂടുതലാണ്. അതുപോലെതന്നെ പലരും ലെറ്റർഹെഡിൻ്റെ ഉപയോഗം എന്തെന്നറിയില്ലാതെ അതിൻ്റെ തുടർച്ചയായി കത്തെഴുതുന്നതും കാണാറുണ്ട്. ഒന്ന് മനസ്സിലാക്കുക കത്തുകൾ സ്ഥാനപതികളാണ്. പക്ഷേ, മികച്ച നയതന്ത്രപരമായ സേവനം ലഭ്യമാകണമെങ്കിൽ ഇവിടുത്തെ കത്തെഴുത്തുരീതിയെ സമൂലം ഉടച്ചുവാർക്കേണ്ടതായിട്ടുണ്ട്. വാണിജ്യപരമായ ഉന്നതിക്കു മാത്രമല്ല പൊതുനന്മയ്ക്കും അത് അത്യാവശ്യമാണ്.
സൗഹാർദ്ദബന്ധങ്ങൾ ഔദ്യോഗിക ബന്ധങ്ങളിൽ നിന്നും തുലോം വിത്യസ്തമാണ്. സൗഹാർദ്ദബന്ധങ്ങൾ ഒരുമിപ്പും സന്തുഷ്ടിയും പകരുമ്പോൾ ഔദ്യോഗികബന്ധങ്ങളിൽ നിന്നും പലപ്പോഴും ലഭിക്കുന്നത് ഒറ്റപ്പെടലും അവഗണനയുമായിരിക്കും. മനുഷ്യർ തമ്മിൽ നടത്തുന്ന കത്തിടപാടുകൾ, അവ വാണിജ്യപരമായാലും ഔദ്യോഗികമായാലും സൗഹാർദ്ദപരമല്ലാതാകേണ്ടതിൻ്റെ യാതൊരു കാരണവും ഞാൻ കാണുന്നില്ല.
വൻകിട വാണിജ്യസ്ഥാപനങ്ങൾക്കൊക്കെ പൊതുജനസമ്പർക്കത്തിൻ്റെ പ്രാധാന്യം അറിയാം; പൊതുജനസമ്പ
ർക്കങ്ങളിലെ ഊഷ്മളത വർദ്ധിപ്പിക്കുന്നതിന് പ്രത്യേക വകുപ്പുകൾ തന്നെ അവയ്ക്കുണ്ട്. എന്നാൽ ദിനംപ്രതി ആയിരക്കണക്കായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ചെറുകിട സ്ഥാപനങ്ങൾ വ്യക്തിഗത സൗഹാർദ്ദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൂർണ്ണമായും അജ്ഞരാണ്. അവരുമായി അടുത്ത സുഹൃദവലയത്തിലല്ലാത്തവരുമായി വാണിജ്യപരമോ ഔദ്യോഗിക മോ ആയ ബന്ധമല്ലാതെ വ്യക്തിബന്ധങ്ങൾ പരിപാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അവർ ബോധവാന്മാരല്ല.
വൻകിട സ്ഥാപനങ്ങൾക്ക് പൊതുജനബന്ധങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ചെലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിൽ ചെറുകിട സ്ഥാപനങ്ങൾ നിലനില്പിനുതന്നെ ബുദ്ധിമുട്ടകയാണെന്നുള്ള സത്യവും നമുക്ക് കാണാതിരിക്കാൻ കഴിയില്ല. വ്യക്തിബന്ധങ്ങളുടെ പ്രായോഗികവും മാനവികവുമായ തലങ്ങളെക്കുറിച്ച് വ്യക്തമായ ഉൾക്കാഴ്ച നൽകുന്ന “ഡെയ്ൻ കാർണിജിൻ്റെ ” എങ്ങനെ സുഹൃത്തുക്കളെ നേടാം, ആളുകളെ സ്വാധീനിക്കാം” എന്ന പുസ്തകത്തിന് നമ്മുടെ രാജ്യത്ത് വേണ്ടത്ര പ്രചാരം ഇനിയും ലഭിച്ചിട്ടില്ല. ഇന്ത്യൻ ഭാഷകളിലേക്ക് ഇത് പരിഭാഷ ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വേഗതയാർന്ന ഗതാഗത സൗകര്യങ്ങളുടെയും ആശയവിനിമയ സൗകര്യങ്ങളുടേയും ഫലമായി ലോകം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ധാരാളം കത്തിടപാടുകൾ നടത്താൻ നമ്മൾ നിർബ്ബന്ധിതരാകുന്നു. സംസാരശേഷി പോലെതന്നെ പ്രധാനമാണ് കത്തുകളെഴുതുന്നതിനുള്ള കഴിവും. പക്ഷെ അർഹിക്കുന്നത്ര പരിഗണന ലഭിക്കാതെ അവഗണിക്കപ്പെടുന്ന ഒരു വശമാണിത്.
നമ്മളുമായി ഇടപെടുന്നവർ യന്ത്രങ്ങളോ ജീവനില്ലാത്ത വസ്തുക്കളോ അല്ല, മറിച്ച് കേവലമായ വികാരവിചാരങ്ങളുള്ള മനുഷ്യർ തന്നെയാണെന്ന് കരുതി പെരുമാറിയാൽ ഊഷ്മളമായ വ്യക്തിബന്ധങ്ങളും അതിൻ്റെ ഫലമായി ഇടപാടുകളിൽ വിജയവും സംജാതമാക്കാം. ഒരു മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഉത്തമ മാർഗ്ഗം അയാൾക്കു വേണ്ട അംഗീകാരവും പോത്സാഹനവും നൽകുക എന്നതാണ്. ഉന്നതരിൽനിന്നുള്ള വിമർശനം പോലെ ഉത്കർഷേച്ഛുവായ ഒരു മനുഷ്യനെ തളർത്തുന്നതായി ഒന്നുമില്ല.
വിജയപ്രദമായ വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന് നമ്മൾ സാമൂഹ്യമര്യാദ, ഉപചാരക്രമങ്ങൾ, പെരുമാറ്റരീതി എന്നിവയൊക്കെ വേണ്ടപോലെ അറിഞ്ഞിരിക്കണം. ഇവയുടെ അഭാവം വർഗ്ഗവിവേചനങ്ങൾക്കും കലാപങ്ങൾക്കും കാരണമായിത്തീരും.നല്ല രീതിയിലുള്ള ആശയസംവേദനം നമ്മൾ ഇടപെടുന്നവരുമായി ഫലപ്രദവും ഊഷ്മളവുമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും തത്ഫലമായി പ്രവർത്തനമേഖലകളിൽ വിജയം കൈവരിക്കുന്നതിനും ഇടവരുത്തുന്നു.
പി. എം.എൻ.നമ്പൂതിരി✍



