Saturday, June 20, 2026
Homeഅമേരിക്കഅധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം - 7) 'എഴുതി തീരാത്ത കണക്ക്' ✍ റോമി ബെന്നി

അധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം – 7) ‘എഴുതി തീരാത്ത കണക്ക്’ ✍ റോമി ബെന്നി

എഴുതി തീരാത്ത കണക്ക്.

അന്ന് വൈകുന്നേരത്തെ സ്പെഷൽ ക്ലാസു കഴിഞ്ഞ് വീട്ടിലേയ്ക്കു പോകാനിറങ്ങുന്ന നേരം.

എന്റെ അടുത്തേയ്ക്ക് നുസ്റത്ത് നടന്നു വന്നു

“ടീച്ചർ രണ്ടു ദിവസം ലീവു തരണം ഉപ്പയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട ദിവസങ്ങളാണ് ”

ഞാനവളെ സൂക്ഷിച്ചു നോക്കി. മിഴികളിൽ സങ്കടത്തിന്റെ അരുണ വർണ്ണം . വിളറിയ മുഖത്ത് വേദനയൊളിപ്പിക്കാനൊരു വിഫലശ്രമം.

വളരെ നന്നായി പഠിക്കുന്ന കുട്ടിയാണ് നുസ്റത്ത്.

ഏറ്റവും ഇഷ്ടപ്പെട്ട വിഷയമേതെന്നു ചോദിച്ചാൽ മാത് സ് എന്നു ചാടിപ്പറയും.

ഏറ്റവും കൂടുതൽ മാർക്കും എപ്പോഴും അതിനായിരിക്കും.

ഒരിക്കൽ മലയാളം ഉത്തരക്കടലാസ് വിതരണം ചെയ്തപ്പോൾ ഞാൻ പറഞ്ഞു കണക്കിന്റെ മാർക്കു മലയാളത്തിനില്ല. മറ്റു കുട്ടികൾ നേരെ തിരിച്ചാണ്. മാത് സ് അവർക്കു പേടി വിഷയമാണ്.
പുഞ്ചിരിയോടെ നുസ്റത്തു എന്റെ കസേരയോടു ചേർന്നു നിന്നു പറഞ്ഞു.

“എനിക്ക് മലയാളം ഇഷ്ടമാണ്. പക്ഷേ ഉപ്പയെ മാത് സ് പഠിപ്പിക്കാൻ കുറേ സമയം എടുക്കും. അങ്ങനെ കണക്കു ചെയ്തും പറഞ്ഞും താൽപ്പര്യമായി. നല്ല മാർക്കും കിട്ടുന്നുണ്ട്.

പത്താം ക്ലാസായിട്ടും ഞാൻ ട്യൂഷനൊന്നും പോകുന്നില്ല ടീച്ചർ. മാത്രമല്ല
നാലാം ക്ലാസു വരെയുള്ള അയൽപക്കത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുമുണ്ട്”

ഞാനത്ഭുതത്തോടെ അവളെ നോക്കി.

മക്കളെക്കുറിച്ച് പരാതിയുമായി അമ്മമാർ ക്ലാസ് ടീച്ചറെ സമീപിക്കാറുണ്ട്.

“തിന്ന പാത്രം കഴുകില്ല. പഠിക്കില്ല. എന്തിനും തിരിച്ചു മറുപടി പറയുന്നു” . എന്നിങ്ങനെ നൂറു കുറ്റങ്ങൾ.

അതുപോലെ മക്കൾക്കു അമ്മമാരെക്കുറിച്ചും പരാതിയുണ്ട്. ഏതു സമയവും ഉപദേശവും . ഒന്നിനും സ്വാതന്ത്ര്യവും തരാത്തതിലെ പ്രതിഷേധവും അവരും പറയും.

ക്ലാസ്പി.റ്റി.എ കഴിഞ്ഞ് ഏറ്റവും അവസാനമിറങ്ങുന്ന ടീച്ചറായിരുന്നു ഞാനെന്ന് എല്ലാവരും പറയും .

കാരണം ചില നേരങ്ങളിൽ മുമ്പിലിരിക്കുന്ന അമ്മ മകൾ സംഘട്ടനങ്ങൾക്ക് സാക്ഷിയാകും.

ആരെങ്കിലുമൊരാൾ കരയും. പിന്നെ ആശ്വസിപ്പിക്കൽ, ഉപദേശം. ഓരോരുത്തർ പോകാൻ വൈകുന്നതനുസരിച്ച് എന്റെ ക്ലാസ് റൂമിലിരിപ്പ് നീണ്ടു പോകും.

ഇതിൽ മറ്റൊരു സന്തോഷം തോന്നിയതു തൊണ്ണൂറുകളിൽ ഞാൻ പഠിപ്പിച്ച പല കുട്ടികളും ഹൈസ്കൂളിൽ പഠിക്കുന്ന മക്കളുടെ പാരന്റായി എന്റെ മുൻപിൽ ക്ലാസ്പി.ടി.എ മീറ്റിംഗിൽ വന്നിരിക്കുമായിരുന്നു എന്നതാണ്.

കാലം ഓടി അതിവേഗം മറയുകയാണല്ലോ !

അതിൽ ഞങ്ങൾ ഇരുകൂട്ടരും സന്തോഷിച്ചിരുന്നു.

“ഞങ്ങൾ എത്ര ഒതുങ്ങി മാതാപിതാക്കളും അധ്യാപകരും പറയുന്നതനുസരിച്ചു ജീവിച്ചിരുന്നു ഇപ്പോഴത്തെ കുട്ടികളെന്താ ടീച്ചറെ ഇങ്ങനെ ”

എന്നു ആദ്യകാലവിദ്യാർത്ഥികളുടെ ആകുലതയ്ക്കും വ്യാകുലതയ്ക്കും ഞാൻ നിശബ്ദ സാക്ഷിയായി.

എന്നാൽ നുസ്റത്തിന്റെ വീട്ടിൽ നിന്ന് ഇതുവരെ ഒരു പരീക്ഷയുടെ ഫലമറിയാനും ആരും വന്നിട്ടില്ല.

ഉപ്പ കിടപ്പിലാണ് ഉമ്മയും രണ്ടു ഇളയ കുഞ്ഞുങ്ങളുമുണ്ട്. ഏറ്റവുംഇളയകുട്ടി സ്കൂളിൽ പോകാറായിട്ടില്ല.വരുമാന മാർഗ്ഗമൊന്നുമില്ല.
ഇതെല്ലാമെനിക്കറിയാം.

വീട്ടുകാരുടെയും അപൂർവ്വം ചില സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ആ കുടുംബം മുന്നോട്ടു പോകുന്നത്.

കറന്റടിച്ചു താഴെ വീണ് സർവാംഗം തളർന്നു കിടക്കുന്ന ഉപ്പയെ സംസാരിക്കാനും പഠിപ്പിക്കാനുമൊക്കെ നുസ്റത്ത് സ്കൂളിൽ നിന്നു ചെന്നാൽ സമയം കണ്ടെത്തുമത്രെ.

ടീച്ചേഴ്സ് ടേബിളിൽ പൊട്ടിയൊടിഞ്ഞ കിടക്കുന്ന ചോക്കു കഷ്ണങ്ങൾ വൈകുന്നേരം പെറുക്കിയെടുത്ത് അവൾ വീട്ടിൽ കൊണ്ടു പോകും.

ഉപ്പ കിടക്കുന്ന മുറിയുടെ വാതിലിന്റെ പലകയാണത്രെ നുസ്റത്തിന്റെ ബ്ലാക്ക് ബോർഡ്. അവൾ ചിരിച്ചു കൊണ്ടൊരിക്കൽ പറഞ്ഞു .

” ഉപ്പയ്ക്ക് കണക്ക് ഇഷ്ടമാണ്. പത്തുവരേ പഠിച്ചിട്ടുള്ളു.

ഞാൻ കടലാസിൽ എഴുതിപഠിക്കുന്നതു നോക്കിക്കിടക്കും.

ഉപ്പയെ എങ്ങനെയെങ്കിലും പഴയജീവിതത്തിലേയ്ക്കു കൊണ്ടുവരണം ടീച്ചർ. അതിനായി ഞാൻ കണ്ടെത്തിയ മാർഗമാണ് വാതിലിൽ എഴുതിയിടൽ. ഞാൻ തെറ്റിച്ച് എഴുതുമ്പോൾ ഉപ്പ ആദ്യമാദ്യം ദേഷ്യത്തോടെ ശബ്ദമുണ്ടാക്കും.

ഇപ്പോൾ വാക്കുകൾ കുഴഞ്ഞു പോകാതെ സംസാരിച്ചു തുടങ്ങി. ”

കൃതാർത്ഥതയുടേതോ സങ്കടത്തിന്റെയോ എന്നറിയില്ല ഒരായിരം വായിച്ചെടുക്കാനാവാത്ത ഭാവഭേദങ്ങൾ അവളുടെ മുഖത്തു മിന്നിമറഞ്ഞു.

“ഉമ്മച്ചി ജീവിതത്തിൽ സുഖമെന്തെന്നറിഞ്ഞിട്ടില്ല ടീച്ചർ. കല്യാണം കഴിഞ്ഞ കാലം തുടങ്ങി കല്ലും മണ്ണും രണ്ടാളും കൂടി ചുമന്നാണ് ഞങ്ങളുടെ പെരയുണ്ടാക്കിയത്. അതൊരു ഭാഗ്യമായി. വാടക കൊടുക്കാതെ കിടക്കാം. ”

പത്താംക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ സ്വഭാവ രീതികളല്ല നുസ്റത്തിൽ ഞാൻ കണ്ടത്. ജീവിത സാഹചര്യം നൽകിയ പക്വതയാൽ ഒരു ക്ലാസിനെ പലപ്പോഴും അധ്യാപികയെന്ന പോൽ അവൾ നിയന്ത്രിക്കുന്നതും എന്നെ അത്ഭുതപ്പെടുത്തി.

അമ്മയെ കരയാൻ അനുവദിക്കില്ല. ഇളയകുട്ടികളെ നോക്കുന്നു. ട്യൂഷൻ എടുക്കുന്നു. കിട്ടുന്ന സമയത്ത് അച്ഛന്റെ പരിപാലനം. നന്നായി പഠിക്കുന്നു.

നുസ്റത്ത് നന്നായി ഉറങ്ങുന്നുണ്ടോ? കണ്ണുകൾ എന്താണിങ്ങനെ തളർന്നിരിക്കുന്നത് ?പെട്ടെന്നവളുടെ മിഴികൾ നിറഞ്ഞു.

“ടീച്ചർ . ഞാൻ വീട്ടിലെ കുടുംബനാഥനാണ്. ഉമ്മയുടെ വിഷമം മാറ്റണം. ഉപ്പയെ എഴുന്നേൽപ്പിച്ചിരുത്തണം. ഇളയതുങ്ങളെ നോക്കണം. ഇതിനിടെ ഉമ്മയെ കരയിപ്പിക്കാൻ വരുന്നവരെ ഓടിക്കണം”.

കരഞ്ഞു കൊണ്ടവൾ ചിരിച്ചു.

രണ്ടുമൂന്നു ദിവസം അടുപ്പിച്ച് അവധിയായിരുന്നു. അതിലൊരു ദിനം എനിക്കൊരു ഫോൺ വന്നു.

” ടീച്ചർ ഇന്നലെ നുസ്റത്തിന്റെ ഉപ്പ മരിച്ചു. പെട്ടെന്നാണ് സംഭവിച്ചത്. കിടപ്പിലായിരുന്നല്ലോ അടക്കം നടത്തി .
ഞാനവളുടെ കസിനാണ്. അവളുടെ ഉമ്മ പറഞ്ഞിട്ട് വിളിച്ചതാണ്.”

ഞാൻ ഒരു നിമിഷം വിറങ്ങലിച്ചിരുന്നു. നുസ്റത്തിന്റെ അവസ്ഥ എന്തായിരിക്കും. ജീവിതത്തോടു തന്നെ വെറുപ്പു തോന്നിക്കാണുമോ?

എന്തു പറഞ്ഞവളെ ആശ്വസിപ്പിക്കും.? അവളുടെ ജീവിത ലക്ഷ്യം തന്നെ ഉപ്പയെ പഴയതു പോലെയാക്കണം. ഉമ്മച്ചിചിരിച്ചുല്ലസിക്കണം.എല്ലാം കൈവിട്ടു പോയ പോലെ എനിക്കു തോന്നി.

മോളെ എന്താണ് ഞങ്ങളെ അറിയിക്കാതിരുന്നത്. എന്റെ ചോദ്യത്തിന് അങ്ങേത്തലയ്ക്കൽ മൗനം.

” അതു പിന്നെ നുസ്റത്ത് പറഞ്ഞു,സ്കൂളിനവധിയാണ്. ആരെയും അറിയിക്കേണ്ട .ന്റെ ഉപ്പയെ ആരുമിങ്ങനെ കാണേണ്ടയെന്ന് ”

സംസാരിക്കുന്ന കുട്ടി വിതുമ്പി.

വഴിയൊന്നു പറഞ്ഞു തരു ഞാനിന്നു തന്നെ വരാമെന്നു പറഞ്ഞ് ഫോൺ വെച്ചു.

മറ്റൊരു ടീച്ചറുമൊപ്പം ഉണങ്ങി വരണ്ട പാടങ്ങൾക്കിടയിലുള്ള നേർത്ത റോഡിലൂടെ വഴി പറഞ്ഞു കൊടുത്ത് ഓട്ടോയിലിരുന്നു.

ഓട്ടോഎത്രയോടിയിട്ടും വീടെത്തുന്നില്ലയെന്നു തോന്നി. കാടുപോലുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടോ ഡ്രൈവർ പറഞ്ഞു “ഇനി വഴിയില്ല. ”

ഞങ്ങൾ പുല്ലിനെ ചവിട്ടിമെതിച്ചു മുന്നോട്ടു നടക്കുമ്പോൾ ഈ കുട്ടി രാവിലെയും വൈകുന്നേരവും എത്ര ദൂരം നടന്നു വന്നിട്ടാണ് ബസ് സ്റ്റോപ്പിൽ എത്തിയിരുന്നതെന്ന് വ്യാകുലപ്പെട്ടുകൊണ്ടു പറഞ്ഞു.

ഒരിക്കലും അവൾ വൈകി വന്ന് കണ്ടിട്ടില്ല.

വീടിന്റെ മുൻപിലിട്ടിരിക്കുന്ന കസേരയിൽ രണ്ടു മൂന്നു വൃദ്ധരായ സ്ത്രീകളിരിക്കുന്നു.മതിലില്ലാത്ത വീടിന്നതിരിൽ രണ്ടു പുരുഷന്മാരും.

“നുസ്റത്തിന്റെ ടീച്ചർമ്മാരാണല്ലേ ”

വളരെ ഭവ്യതയോടെ അവർ സംസാരിച്ചു.

എനിക്ക് ചെറിയ ഒരു വിറയൽ അനുഭവപ്പെട്ടു. എന്തു പറഞ്ഞാണവളെ ആശ്വസിപ്പിക്കേണ്ടത്. സാരമില്ലെന്നോ! വാക്കുകൾക്കായി ഞാൻ മനസിൽ പരതിക്കൊണ്ടിരിന്നു.

അകത്തെ മുറിയിൽ സ്ത്രീകൾ പ്രാർത്ഥനയിലാണ്.

നുസ്റത്തിന്റെ ഉമ്മ ഞങ്ങളെ കണ്ടയുടൻ എഴുന്നേറ്റിരുന്നു.
കരച്ചിൽ തുടങ്ങി.

“നുസിയേ നിന്റെ ടീച്ചർ വന്നു” എന്നു കണ്ണീരോടെ വിളിച്ചു പറഞ്ഞു.

ഉപ്പ കിടന്നിരുന്ന മുറിയിൽ നിന്ന് പുറത്തേയ്ക്കു വന്ന നുസ്റത്ത് ഒന്നും സംഭവിക്കാത്തതുപോലെ കസേരയിട്ട് ഞങ്ങളെ ഇരുത്തി. അടുത്തു നിന്നു.

ചെറിയ കുട്ടി ഇതൊന്നുമറിയാതെ സമപ്രായക്കാരിയുമായി കളിക്കുന്നുണ്ട്.

നുസ്റത്തിന്റെ തൊട്ടിളയത് പനിച്ച് മൂടിപ്പുതച്ചു കിടക്കുന്നു.

ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിൽ ജനലിനു പുറത്തേയ്ക്കു ഞാൻ നോക്കി.

ആകാശക്കീറിൽ ഒരു വെള്ളിമേഘത്തിന്റെ വര . ചുറ്റും ഒട്ടും തെളിച്ചമില്ല.

ഞങ്ങൾക്ക് കുടിക്കാനെടുക്കാൻ നുസ്റത്ത് ആരോടോ ആംഗ്യം കാണിച്ചു.

ഒന്നും വേണ്ട ഇവിടെയിരിക്ക് . ഞാൻ പറഞ്ഞിട്ടും അവൾ പുറത്തേയ്ക്ക് ആരോ വിളിച്ചതു പോലെ നടന്നു പോയി .

“എന്റെ കുട്ടി ഇതുവരെ കരഞ്ഞിട്ടില്ല ടീച്ചർ. അവളിപ്പഴേ കുടുംബം നോക്കലാ . ആരെയോ സഹായിക്കാൻ ഇലക്ട്രിക്ക് ലൈൻ പൊട്ടിയത് മാറ്റാൻ കയറി ഷോക്കേറ്റതാ അവളുടെ ഉപ്പയ്ക്ക്. രണ്ടു കൊല്ലമായി ഒറ്റക്കിടപ്പ്. ”

അവർ പെട്ടെന്ന് സംസാരം നിറുത്തി.

നുസ്റത്തിന്റെ നിഴൽ കണ്ടപ്പോഴാണെന്നെനിക്കു മനസിലായി.

അവൾക്ക് സഹതാപത്തോടുള്ള പെരുമാറ്റം ഇഷ്ടമല്ലെന്നെനിക്കറിയാം. ഞാൻ മൗനമായിരുന്നു.

വാതിലിനരികിൽ നിന്നവൾ എന്നെ കൈകാട്ടി വിളിച്ചു.

ചെറിയ മുറിയിലേയ്ക്ക് ഞാൻ കയറി.

ഇതാണ് ഉപ്പയുടെ കട്ടിൽ. വാതിൽ ചാരി വെച്ചവൾ കാണിച്ചു. രണ്ടു ദിവസം മുമ്പ് ഉപ്പയെ ഞാൻ പഠിപ്പിച്ച കണക്ക്.

ചോക്കിലെഴുതിയ അക്കങ്ങൾ മാഞ്ഞു തുടങ്ങി.
ഉത്തരമെഴുതാൻ വരച്ച വരയുടെ താഴെ ഒഴിഞ്ഞു കിടക്കുന്നു. ഒന്നു മെഴുതിയിട്ടില്ല.

ജീവിതം തന്നെ ഉത്തരമില്ലാത്ത ചോദ്യമെന്നാണോ ഇതിന്നർത്ഥം. അല്ലെങ്കിൽ നുസ്റത്തിന്റെ ഉപ്പ പറയാൻ ബാക്കി വെച്ചതു പറയാതെ പോയതിന്റെ ശൂന്യതയാണോ?

നാവ് തൊണ്ടയിൽ ഒട്ടിപ്പോയ പോലെ ഞാൻ നിന്നു .

“എത്ര കഷ്ടപ്പെട്ടാലും ശരി ഉപ്പയെ രക്ഷപെടുത്തുമെന്നു ഞാൻ കരുതിയിരുന്നു ടീച്ചർ ”

അവളുടെ സ്വരമിടറി.

കണ്ണു നിറയാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് മേശയിലിരുന്ന ഒരു പുസ്തകം ഞാനെടുത്തു. പഴയൊരു പാട്ടു പുസ്തകം .

“ഇതു നോക്കിയാ ഞാനും ഉമ്മിയും കൂടി രാത്രി ഉപ്പയ്ക്ക് പാട്ടു പാടിക്കൊടുക്കുന്നത്. നല്ല പാട്ടുകാരനായിരുന്നു ഉപ്പ. കിടപ്പിലായപ്പോഴും പാട്ട് ആസ്വദിച്ചിരുന്നു. ”

തുറന്നിട്ട ജനലിനരികിൽ വെച്ച ഒരു വടിയവൾ എടുത്തു കൊണ്ടുവന്നു.

“ഇതിൽ പിടിച്ച് ഞാനെണിപ്പിച്ചു നിർത്തും. കിടക്കാൻ വാശി പിടിക്കുമ്പോൾ ഞാൻ ദേഷ്യപ്പെടും. പാവം പുഞ്ചിരിക്കുകയേയുള്ള് ”

ജനലിന്നരികിലേയ്ക്ക് നടന്ന് വടി പുറത്തേയ്ക്കെറിഞ്ഞ
വൾ തിരിഞ്ഞെന്നെ നോക്കി

“ഇനി ഇതിന്റെ ആവശ്യമില്ലല്ലോ! എല്ലാം വെറുതെയായി.”

നുസ്റത്ത് ഇങ്ങോടു വരു നമുക്ക് ഉമ്മിയുടെ അടുത്തേയ്ക്ക് ചെല്ലാം . ഞാൻ വിളിച്ചു.

ആ മുറിയിലിരുന്ന് അവൾക്ക് മനസ് കൂടുതൽ അസ്വസ്ഥമാകുന്ന പോലെ എനിക്കു തോന്നി.

“ടീച്ചർ ഞാൻ കരഞ്ഞില്ലയെന്നെല്ലാവരും പറയുന്നു.
എന്റെ ഉള്ളു പൊള്ളുന്നതും കരയുന്നതും ഉപ്പയ്ക്കറിയാം ”

ഞാനവളെ ചേർത്തുപിടിച്ചു. തോളിലേയ്ക്കു മുഖം പെട്ടെന്ന് ചേർത്തവൾ വാവിട്ടു കരയാൻ തുടങ്ങി .എന്റെ പുറം അവളുടെ കണ്ണീർ വീണു പൊള്ളി.

കൂടെയുള്ള ടീച്ചറും ഞാനും പിടിച്ചു നിൽക്കാനാവാതെ കണ്ണീരൊഴുക്കി.

ശബ്ദം കേട്ട് ഉമ്മി നടന്ന് വന്ന് ഗൗരവഭാവത്തിൽ പറഞ്ഞു.

“ഹോ സമാധാനമായി എന്റെ മോള് ഒതുക്കി വെച്ച് പൊട്ടിത്തെറിച്ചില്ല. ”

പുറത്തേയ്ക്കിറങ്ങു
മ്പോൾ വാതിലിന്റെ പലകയിൽ എഴുതിയ അക്കങ്ങൾ കാലത്തിന്റെ കണക്കുകൂട്ടലുകളെന്തെന്നറിയാത്ത പോൽ അടിവരയുടെ താഴെ ഉത്തരത്തിനായി കേഴുകയായിരുന്നു.

റോമി ബെന്നി✍

RELATED ARTICLES

16 COMMENTS

  1. ടീച്ചർ അമ്മയാണ്….
    അല്ലെങ്കിൽ അമ്മയാവണം…
    ഹൃദയസ്പർശിയായ എഴുത്ത്

  2. ശിഷ്ടങ്ങളില്ലാത്ത കണക്കുകൾ പോലെ കുറേ ജീവിതങ്ങൾ, ജനിച്ചു പോയതുകൊണ്ട് ജീവിയ്ക്കുന്നു എന്തിനോ വേണ്ടി.കഷ്ടനഷ്ടങ്ങൾക്കിടയിൽ കര പറ്റാനുളള ഓട്ടത്തിൽ വീണുപോകുന്നവർ..

  3. എഴുതി തീരാത്ത കണക്ക്” എന്ന അനുഭവ കുറിപ്പിലൂടെ നുസ്റത്തിന്റെ ജീവിത കഥ മനസ്സിൽ തേങ്ങലോടെയാണ് വായിച്ച് തീർത്തത്…… എഴുത്ത്കാരി ഹൃദയസ്പർശിയായിഎഴുതി….. ചെറുപ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക….. ഉപ്പയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള പരിശ്രമങ്ങൾ:::: കുട്ടിയെ ചേർത്തു നിർത്തുന്ന അധ്യാപിക……. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്❤️❤️❤️

  4. ഹൃദ്യമായ അനുഭവകുറിപ്പ് ✍️🤝കണ്ണുകളെ ഈറനണിയിച്ചു😥 ടീച്ചറേ🙏😌

  5. ഉള്ളുലയ്ക്കുന്ന അനുഭവം.
    സാർഥകമായിരുന്നു റോമിയുടെ അധ്യാപന കാലമെന്ന് അറിയാൻ ഇത്തരം അനുഭവങ്ങൾ ധാരാളം.
    വായനക്കാരന്റെ മനസ്സിനെ മഥിക്കാൻ കഴിയുന്ന അവതരണ ശൈലിയും.
    ഭാവുകങ്ങൾ ചങ്ങാതി❤️❤️❤️

  6. ഉത്തരമെഴുതാൻ വരച്ച വരയുടെ താഴെ ഒഴിഞ്ഞു കിടക്കുന്നതുപോലെ നുസ്രത്തിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഒന്നും പറയാനില്ലാത്ത പോലെ ഹൃദയവും ശൂന്യമായി പോയി.വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം രചനകൾ വീണ്ടും പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com