ഇന്ത്യൻ കോഫീ ഹൗസിലെ മസാല ദോശകൾ പോലെയുള്ള മനുഷ്യരെയാണ് എല്ലാവർക്കുംവേണ്ടത്.
തുറന്നു നോക്കിയാൽ അപ്രതീക്ഷിതങ്ങൾ ഒന്നും ഇല്ലാത്തത്,
നിങ്ങൾ മുന്നേ മനസിൽ കരുതിയതെന്തോ അത് മാത്രം ഉള്ളിലുള്ളത്..
ആ ബീറ്റ് റൂട്ടിന്റെ ചുവപ്പ്, അധിക ജലാംശമുള്ള ആ നനഞ്ഞ മസാല..
നിങ്ങളുടെ വിചാരത്തിലുണ്ടായിരുന്ന അതേ അളവിലും രുചിയിലും ..
എല്ലാവർക്കും അങ്ങനേയുള്ള മനുഷ്യരേയാണ് വേണ്ടത്.
അവരുടെ പ്രതീക്ഷകൾക്ക് അപ്പുറത്തക്കോ ഇപ്പുറത്തേക്കോ ഒരിഞ്ചും കടക്കാത്തത്
അവർ കൽപ്പിച്ച അതേ അളവിന്റെ പരിധി വിടാത്തത്.
ഭർത്താവിനെ ,ഭാര്യയെ, കാമുകനെ, കാമുകിയെ മക്കളെ, സുഹൃത്തുക്കളെ ഒക്കെ മനുഷ്യർക്ക് അങ്ങനെയാണ് വേണ്ടത് അവർ വിചാരം ചെയ്യുന്ന അതേ ഉള്ളടക്കങ്ങളുള്ളവരെ..
അതിൽ നിന്ന് വിത്യാസമുള്ളതെന്തും അവർക്ക് അസഹനീയമാണ്. കോഫീ ഹൗസിലെ മസാലദോശ തുറക്കുമ്പോൾ മഞ്ഞ ഉരുളക്കിഴങ്ങുകൾ കണ്ടാലെന്ന പോലെ അമ്പരപ്പാണ് അവർക്കപ്പോൾ ‘ഇതല്ല.. ഇതല്ല ഞാൻ പ്രതീക്ഷിച്ച ആൾ’ എന്ന് കലഹമാണ് അപ്പോൾ മനസിൽ.
‘ഞാൻ ഇങ്ങനെയാണ്..’ എന്ന് അയാൾ കളവ് പറഞ്ഞിട്ടൊന്നുമില്ല
അയാൾ ഇങ്ങനെയൊക്കെയാണ് എന്ന് അവർ സ്വയം സങ്കൽപം ചെയ്തതാണ്
എന്നിട്ടും തുറക്കുമ്പോൾ/അടുക്കുമ്പോൾ അയാൾ അങ്ങനെയല്ലല്ലോ എന്ന് അരിശപ്പെടുന്നതും അവർ തന്നെയാണ്.
എന്നിട്ടും അയാൾ /അവൾ കുറ്റക്കാരനാകുന്നു ‘നീ ഇത്തരക്കാരനാണെന്ന് ഞാൻ കരുതിയില്ല’ എന്ന് അവർ അയാളെ സങ്കടത്തോടെ പഴിക്കുന്നു.
മനുഷ്യൻ എന്ന ദോശ ബാഹ്യമായി ഏതാണ്ട് സമാനരൂപമാണെങ്കിലും ഉള്ളിലെ മസാലകൾ വിത്യസ്തങളാണ് എന്ന് ദയവായി മനസിലാക്കുക അവയുടെ രുചി പലതാണെന്നും..
അവന്റെ മനസുകളുടെ മസാലക്കൂട്ട് പലതാണ്, എരിവ് കൂടിയും കുറഞ്ഞും ..
രുചിയിലും നിറത്തിലും അവ ഒന്നിൽ നിന്ന് വേറെയാണ്.
ചൂടോടേയും തണുക്കുമ്പോഴും ഒരേ മസാല പോലും നമുക്ക് വെവ്വേറെയായാണ് അനുഭവപ്പെടുക, എന്തിന് വിശക്കുമ്പോഴും വിശപ്പില്ലാത്തപ്പോഴും പോലും അവ വിഭിന്ന രുചികളിലാണ്.
മനുഷ്യരെല്ലാവരും ഒരേ പോലെ ആയിരുന്നാൽ ഈ ലോകം എത്രയേറെ ബോറായ ഒന്നായേനേ?
സകല മനുഷ്യരും സകല സാഹചര്യത്തിലും നിങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറം കടക്കാതെ നിന്നിരുന്നെങ്കിൽ നിങ്ങളുടെ ജീവിതം കോഫീ ഹൗസിലെ മസാല ദോശകൾ പോലെ വിരസമാകുമായിരുന്നു എന്ന് മനസിലാക്കുക.. അത്രയേ വേണ്ടൂ.



