(വൃത്തം : ഓമനക്കുട്ടൻ)
വീട്ടുപടിക്കൽ വിരുന്നു വന്ന
നീലപ്പൊൻശംഖുപുഷ്പമേ
നീലിമ നിറഞ്ഞാടും നിൻമുഖ –
ത്തുണ്ടു നല്ലൊരു പാൽച്ചിരി
കണ്ടുമിണ്ടാതെ പോകാനാകില്ല
കാന്തിയേറുന്നാ പുഞ്ചിരി
കണ്ണനെപ്പോലെ കാന്തി തൂകുന്ന
നീലക്കാർവർണ്ണസൂനമേ
നീലമേഘശകലമിവിടെ
നീൾമിഴികൾ തുറക്കുന്നു
കവിതയൊന്നു കാണുന്ന നിൻ്റെ
നീലക്കൺമുന തന്നിലായ്
ഒരു സ്വപ്നകാന്തി മിന്നുന്നൊരു
നീലമയൂര നർത്തനം !



