“എന്താ മാഷേ പുതിയ വിശേഷം ? ഇന്നത്തെ പത്രവായന കഴിഞ്ഞോ ?”
” ങ്ഹാ, ഇന്നത്തെ വായന കഴിഞ്ഞെടോ. പിന്നെ പ്രത്യേകിച്ച് പറയാൻ പുതിയ വിശേഷങ്ങൾ ഒന്നും തന്നെയില്ല. ഇപ്പോഴത്തെ വാർത്തകളെല്ലാം മെഗാ സീരയലുകൾ പോലെയല്ലെ. വാർത്തയുടെ സത്യാവസ്ഥ അറിയണമെങ്കിൽ എല്ലാ ദിവസവും അതിൻ്റെ തുടർഭാഗങ്ങളും വായിക്കണം. പലപ്പോലും യാതൊരു കഴമ്പുമില്ലാത്ത വാർത്തകളായിരിക്കും വലിയ തലക്കെട്ടോടെ അച്ചടിച്ചു വരുന്നെതെന്നതാണ് സത്യമായ യാഥാർത്ഥ്യം. ”
” ഹ ഹ ഹ അത് മാഷ് പറഞ്ഞത് ശരിയാ. വലിയ ചർച്ചയും വിവാദങ്ങളും സമരങ്ങളും ഉണ്ടാക്കിയ ചില വാർത്തകളുടെ പൊടിപോലും ഇപ്പോൾ കാണാനില്ല. ”
“അതങ്ങനെയാടോ, പണ്ടൊക്കെ വാർത്താ ചാനലുകൾ ആരും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. ഇന്ന് അതാണോ സ്ഥിതി.? സന്ധ്യമയങ്ങിയാൽ ചർച്ചയും വാഗ്വാദങ്ങളുമായി വാർത്തകൾ അങ്ങനെ അരങ്ങ് തകർക്കുകയല്ലെ ? എല്ലാ ചാനലുകളും അതിനുള്ള മത്സരത്തിലുമാണ് . ”
“അതെ അതെ. ഇപ്പോൾത്തന്നെ ആശാ വർക്കർമാരുടെ സമരം എന്തെല്ലാം ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വാദങ്ങളും പ്രതിവാദങ്ങളും അവകാശവാദങ്ങളും താരതമ്യ പഠനങ്ങളും എന്തിനേറെ പറയുന്നു ആഗോളതലത്തിലുള്ള കണക്കുകൾ വരെ വാർത്തകളിൽ ചർച്ചയാകുന്നുണ്ട്. ”
” അത്….. കാര്യമൊക്കെ ശരി തന്നെ. പക്ഷെ, നമ്മുടെ നാട്ടിലെ സാഹചര്യങ്ങളും മറ്റു നാടുകളിലെ സാഹചര്യങ്ങളും വ്യത്യസ്ഥമാണ് അതിൻ്റേതായ വ്യത്യാങ്ങൾ ഭരണസംവിധാനങ്ങളിലും ഉണ്ടാവും. ”
“എന്നാലും മാഷേ. ആശാവർക്കർമാരുടെ ആവശ്യങ്ങൾ ന്യായമല്ലെ.? മാന്യമായ ശംബളവർദ്ധന ഇല്ലാതെ ഇന്നത്തെക്കാലത്ത് ജീവിക്കാൻ പറ്റുമോ ?”
“ഇതൊക്കെത്തന്നെയല്ലെ നമ്മൾ പത്രത്തിലും ചാനലുകളിലും നിത്യേന കേൾക്കുന്ന ചോദ്യങ്ങൾ ? എന്തായും കണ്ടറിയാം. ആശാവർക്കർമാരുടെ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരമുണ്ടാവട്ടെ. അവരുടെ ആശകളും ആവശ്യങ്ങളും മറ്റു വാർത്തകൾപോലെ കടലാസുകളിലെ പ്രത്യാശയാകാതിരിക്കട്ടെ.”