തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് ലഭിക്കാത്തതിനെ തുടർന്ന് നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്സ് ടെസ്റ്റ് നടത്തുന്നതിനായി സ്കൂൾ, കോളേജ് എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ ലാബ് ഹാളുകൾ വാടകയ്ക്ക് എടുക്കാനാണ് വകുപ്പിന്റെ നീക്കം. ഇതിനായി അനുയോജ്യമായ കമ്പ്യൂട്ടർ ലാബുകൾ കണ്ടെത്താൻ ആർ.ടി.ഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി.
ലേണേഴ്സ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ ലാബുകൾ ഉപയോഗപ്പെടുത്തുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുന്നതിലൂടെ സ്ലോട്ട് ക്ഷാമത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതുക്കിയ സർക്കുലർ കർശനമായി പാലിക്കാനും ഗതാഗത കമ്മീഷണർ നിർദേശിച്ചു. ലേണേഴ്സ് ടെസ്റ്റ് പാസായ ശേഷം ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് പരമാവധി 45 ദിവസത്തിനുള്ളിൽ സ്ലോട്ട് അനുവദിക്കണം.
സ്ലോട്ട് അനുവദിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണർ മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികൾ അനാവശ്യമായി വൈകുന്നുവെന്ന പരാതികൾക്കിടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നീക്കം.



