ഡേറ്റിംഗ് എന്നത് പുത്തൻ തലമുറയുടെ വിവാഹ മാർക്കറ്റിലെ ഒരു യോഗ്യതാ പരീക്ഷയായി മാറിയിരിക്കുന്നു. ഒരുമിച്ച് സമയം ചിലവഴിക്കുന്നതിലൂടെ പരസ്പരം അറിയുന്നതിനും, മൂല്യങ്ങൾ വിലയിരുത്തുന്നതിനും, ഇഷ്ടാനിഷ്ടങ്ങൾ പങ്കുവയ്ക്കുന്നതിനും , ഓരോരുത്തർക്കുമുള്ള ജീവിത വീക്ഷണങ്ങളെ ക്കുറിച്ച് പഠിക്കുന്നതിനും ഒക്കെ കഴിയുന്നു.
ഇടയ്ക്ക് എന്തെങ്കിലും ഇഷ്ടപ്പെടായ്കയോ, തീരെയും ചേർച്ചകൾ ഇല്ലായ്മയോ, മറ്റെന്തെങ്കിലും അലോസരങ്ങളോ, മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പ്രവൃർത്തികളോ ഒക്കെ ഉണ്ടായാൽ, അല്ലെങ്കിൽ ഫീൽ ചെയ്താൽ ആ ബന്ധം അവിടെവച്ച് അവസാനിപ്പിക്കാൻ, ഒരിക്കൽക്കൂടി ഒന്ന് ആലോചിക്കാൻ പോലും മിനക്കെടാതെ ഇപ്പോഴത്തെ കുട്ടികൾ തയ്യാറാകുന്നു എന്നുള്ളതാണ് വിലയിരുത്തൽ.
ഇനി എന്താണ് ഈ ഡേറ്റിംഗ് കൊണ്ട് അർത്ഥമാക്കുന്നത് അതുമല്ലെങ്കിൽ, ഉദ്ദേശിക്കുന്നത് എന്ന് നോക്കാം. വിവാഹത്തിലേയ്ക്കോ, പ്രണയത്തിലേയ്ക്കോ, അതുമല്ലെങ്കിൽ തൻ്റെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന്റെ ഒരു ഭാഗമായോ ഡേറ്റിംഗ് ഉപയോഗിക്കുന്നു. അതുകൊണ്ട് ശരിക്കും നമ്മുടെ പുത്തൻ തലമുറ (പ്രത്യേകിച്ചും പെൺകുട്ടികൾ) അർത്ഥമാക്കുന്നത് അവരോട് 100% വും നീതിപുലർത്തുന്ന അവരുടെ ആഗ്രഹങ്ങൾക്കൊത്ത് അവരോടൊപ്പം ചേർന്നു നിൽക്കുന്ന, അവരുടെ മൂല്യങ്ങളെ വിലയിരുത്തുന്ന, തത്തുല്യ പ്രാധാന്യം നൽകുന്ന, അവരെ ബഹുമാനിക്കുന്ന, അവർക്ക് സ്വാതന്ത്ര്യം നൽകുന്ന ഒരു പങ്കാളിയെയാണ്.
പഴയ കാലത്തെ പെണ്ണുകാണലിലും ചായ കൈമാറലിലും, ഒരു നോട്ടത്തിലും ചിരിയിലും രണ്ട് വാക്ക് മിണ്ടലിലും മാത്രമായി തന്റെ ജീവിതപങ്കാളിയെ ഒതുക്കാൻ, അവർക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ, സഹിക്കാൻ ഇന്നത്തെ വിദ്യാസമ്പന്നരായ, തൊഴിൽ മേഖലകളിൽ ആൺകുട്ടികൾക്കൊപ്പവും ഒരു പക്ഷെ…അവരേക്കാളും തിളങ്ങുന്ന ഒരു പെൺകുട്ടിയും തയ്യാറാകുന്നില്ല. അവിടെയാണ് ഈ പുത്തൻ പ്രവണതയായ ഡേറ്റിംഗിന്റെ പ്രസക്തി.
ഒറ്റ ദിവസം കൊണ്ടോ അതിലധികമോ, ആഴ്ചകളോ മാസങ്ങളോ നീണ്ടു പോകാം ഈ ഡേറ്റിംഗിന്റെ കാലാവധി. ഇതിനിടെ അവർക്ക് അനുയോജ്യമല്ലെന്ന് പരസ്പരം കണ്ടെത്തിയാൽ ആ ബന്ധം വിവാഹത്തിലോ പ്രണയത്തിലോ കലാശിക്കാതെ ഒരു നീണ്ട സുഹൃത്ത് ബന്ധത്തിലേക്ക് വഴിമാറാനും മതി. നല്ല വാക്കുകളിൽ പരസ്പരം മനസ്സിലാക്കി പിരിയുമ്പോഴും അവർ നല്ല സുഹൃത്തുക്കളായിരിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നു.
ഒരുമിച്ച് ഭക്ഷണം കഴിക്കുക, യാത്ര ചെയ്യുക തുറന്നു സംസാരിക്കുക,ഒപ്പം അവരുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സംസാരിക്കുക ഇതൊക്കെയാണ് അതിൻ്റെ രീതി.
ഒരാണും പെണ്ണും തമ്മിൽ വ്യക്തിപരമായി മനസ്സിലാക്കാനും പഠിക്കാനും മുൻഗണന കൊടുക്കുന്നത് കൊണ്ട് തന്നെ ഈ സമയത്തിന് വളരെ വളരെ പ്രാധാന്യമുണ്ട്. ഒരു തിരഞ്ഞെടുക്കലിന്റെ പ്രാതിനിധ്യം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് പ്രണയത്തിനും വിവാഹത്തിനും രണ്ടാംഘട്ട സ്ഥാനമേ പ്രാരംഭത്തിൽ കൊടുക്കുന്നുള്ളൂ.
വ്യക്തികളെ മനസ്സിലാക്കാതെ അവരുമായി പെട്ടെന്ന് ബന്ധം സ്ഥാപിക്കുന്നത് ഒട്ടും ഉചിതമല്ലാത്തതായും അപകടം പിടിച്ചതായും പുത്തൻ തലമുറ തിരിച്ചറിയുന്നു. ഇത് ഡേറ്റിംഗിനെ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. അതവരെ കൂടുതൽ സ്വപ്നതുല്യരാക്കുകയും പ്രതീക്ഷാനിർഭരർ ആക്കുകയും ചെയ്യുന്നു.
യാഥാസ്ഥിതികരായ ആൾക്കാർ ഈ രീതിയെ അംഗീകരിക്കാൻ ഇപ്പോഴും തയ്യാറല്ല എന്നുള്ള വാസ്തവം കൂടി നാം മനസ്സിലാക്കുക! കൂടാതെ കർശനമായ എതിർപ്പുകൾ ഇതിനെതിരെ അവർ പ്രകടിപ്പിക്കാറുമുണ്ട്. കൂടുതലും നഗരങ്ങളിലും, ആധുനിക ചിന്താഗതിക്കാരിലും ഈ രീതി പ്രകടമായി കണ്ടുവരുന്നു.
സത്യത്തിൽ ഈയൊരു ലേഖനം എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ഞാൻ കല്ല്യാണം കഴിക്കാൻ തയ്യാറായി നിൽക്കുന്ന എനിക്ക് ഏറ്റവും അടുപ്പമുള്ള പല കുട്ടികളുമായും ഈ വിഷയത്തെ ആസ്പദമാക്കി പല വിവരങ്ങളും വളരെ ഫ്രണ്ട്ലിയായി ചോദിച്ചു മനസ്സിലാക്കി.
ഇന്നത്തെ കാലത്ത് ഒരു പെണ്ണ് തന്നെ കിട്ടാൻ പാടാണെന്നാണ് പലരും പറഞ്ഞത്. ലോട്ടറി അടിക്കുമ്പോലെയാണെന്ന് ചിലരെങ്കിലും പറഞ്ഞു ചിരിച്ചു. ഏകദേശം ഒരു നാൽപ്പത് ശതമാനം പെൺകുട്ടികളും കല്ല്യാണം കഴിക്കാൻ തന്നെ തയ്യാറല്ലാത്രേ.
ഇനി തയ്യാറായവരോ? ഡേറ്റിംഗ് നടത്തി സമപ്രായക്കാരെയോ, ഏറിയാൽ മാക്സിമം മൂന്നു വയസ്സ് മാത്രം തങ്ങളിൽ തങ്ങളിൽ ഡിഫ്രൻസ് ഉള്ളവരെയോ തിരഞ്ഞെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നു. ഈ ഡേറ്റിംഗിലൂടെ തിരഞ്ഞെടുത്താലും ആ ബന്ധം 100% വും വിജയിക്കും എന്നൊന്നും അവർ ഉറപ്പു പറയുകയോ, പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല! തമ്മിൽ ഭേദം എന്നേ കരുതുന്നുള്ളൂ. പരാജയം പറ്റിയാലും താൻ തിരഞ്ഞെടുത്തതാണ് എന്നുള്ള ഒരു സംതൃപ്തി അവർക്ക് ബാക്കിനിൽക്കും എന്നത് നേട്ടം. കാലം പോയ പോക്കേ…
ഈ ഡേറ്റിംഗ് തന്നെ പല രീതികളിലുണ്ട്. കാഷ്വൽ ഡേറ്റിംഗ് ,സാമൂഹിക ഡേറ്റിംഗ്, ഓൺലൈൻ ഡേറ്റിംഗ്, എന്നിങ്ങനെ പോകുന്നു. ഏതിനും ഇതെല്ലാം തന്നെ ഒടുവിൽ ചെന്നെത്തുന്നത് ഒരുമിച്ച് ഭാവിയിൽ ഒരു നല്ല ബന്ധം
ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ? എന്ന വിലയിരുത്തലിന്റെ ഘട്ടമായി തന്നെയാണ്.
ഓൺലൈൻ ഡേറ്റിംഗ് പ്രധാനമായും മൊബൈൽ ആപ്പുകൾ വഴിയോ, വെബ്സൈറ്റുകൾ വഴിയോ പങ്കാളികളെ കണ്ടെത്താനും അവരുമായി ആശയവിനിമയം നടത്തി ഒരു പുതിയ ബന്ധത്തിന് തുടക്കം കുറിക്കാനും ആണ് ഉപയോഗിക്കുന്നത്. പരസ്പരം വേഗത്തിൽ കണ്ടെത്താനും ആശയവിനിമയം നടത്താനും ഇതുവഴി സാധിക്കുന്നു എന്നതാണ് പഴയകാലത്തിൽ നിന്നും അത്യാധുനിക കാലത്തേക്ക് വന്നപ്പോൾ ഉള്ള സാങ്കേതിക മികവ്.
കാഷ്വൽ ഡേറ്റിംഗ് ശക്തമായ ഒരു ബന്ധം പ്രതീക്ഷിച്ചുകൊണ്ടല്ല! തുടങ്ങുന്നത്. വളരെ സൗമ്യമായും ലളിതമായും സമയം ചിലവഴിക്കാനും, പരസ്പരം അറിയാനും വേണ്ടിയൊക്കെ ഉള്ള ഒരു ടൈം പാസ്. അത്ര തന്നെ.
സാമൂഹിക ഡേറ്റിംഗിൽ സുഹൃത്തുക്കൾക്കൊപ്പമോ, കുടുംബാംഗങ്ങൾക്കൊപ്പമോ ഉള്ള ഒത്തുചേരൽ പ്രധാനം.
ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ഈയൊരു രീതിയിലും ദോഷവശങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. തരുന്ന സ്വാതന്ത്ര്യങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കുക എന്നതാണ് ഏതു കാര്യത്തിലും പ്രധാനമായ വസ്തുത.
പങ്കാളിയുമായി പ്രണയം സ്ഥാപിച്ചെടുക്കുക, മാനസിക അടുപ്പം പിന്നെ ശാരീരിക അടുപ്പമായി മാറുക. ലൈംഗിക ബന്ധത്തിലേക്ക് വഴിമാറുക. ഒടുവിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് ബന്ധം വഷളാക്കി പിരിയുക.
അതുവഴി വലിയ സമ്മർദ്ദളെ ചുമക്കുക, വൈകാരിക പ്രതിസന്ധിയിൽ അടിപ്പെടുക, ചിലപ്പോഴെങ്കിലും പറ്റിക്കപ്പെടുക. വിഷാദരോഗം പിടിപെടുക ഇങ്ങനെയുള്ള തീരെയും നല്ലതല്ലാത്ത മറുവശങ്ങളും ഇതിലും ഉണ്ട്.
ലെസ്ബിയൻ പ്രണയ വിവാഹങ്ങൾ, ലിവിംഗ് ടുഗദർ, കുട്ടികൾ വേണ്ട എന്ന ആദ്യമേയുള്ള തീരുമാന വിവാഹം, അവിവാഹിതരായി അടിച്ചു പൊളിച്ചു ജീവിതം തീർക്കൽ ഒക്കെ പുത്തൻ തലമുറയുടെ ജീവിതഭാഗമായി പരിണമിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ സമൂഹവും, മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും, ഭരണകൂടവും,നിയമസംഹിതകളും വെറും നോക്കുകുത്തികളായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.അല്ലെങ്കിൽ വിദ്യാസമ്പന്നരായ സ്വന്തം കാലിൽ നിൽക്കുന്ന തങ്ങളുടെ മക്കളോട് അവർ തോറ്റുപോയിരിക്കുന്നു.
അടിച്ചമർത്തലുകളുടെയും അടക്കിപ്പിടിക്കലുകളുടെയും, പാരമ്പര്യ മാഹാത്മ്യങ്ങളുടെയും ചങ്ങലകളെ പുത്തൻ തലമുറ നിഷ്ക്കരുണം വലിച്ചെറിഞ്ഞിരിക്കുന്നു എന്നു തന്നെ പറയാം.
അവർ ആഘോഷിക്കുന്നു. ആടിപ്പാടുന്നു .ഓരോ നിമിഷവും ജീവിക്കുന്നു… അവരുടെ മുന്നിലുള്ളത് ജീവിക്കുന്ന നിമിഷം മാത്രം!
നാളത്തെ തലമുറയുടെ ഭാവി എന്തായിരിക്കുമെന്ന് ഈ ലോകത്തിൻ്റെ കിടപ്പ് എങ്ങനെ ആയിരിക്കുമെന്ന് നമുക്ക് ഏറെ ആശങ്കയോടെ കാത്തിരുന്നു കാണാം.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി,സ്നേഹം.



