അന്ന് കേരളത്തിൽ ഭൂമികൾ ധാരാളമുണ്ട്. എന്നാൽ ജനങ്ങൾ വളരെ കുറവായിരുന്നു. അതിനാൽ അവുന്നത്ര ആര്യന്മാർ അവിടെ വന്നു കുടിയേറി താമസിക്കണമെന്നേ അവിടെ ഉണ്ടായിരുന്നവർ ആഗ്രഹിച്ചിരിക്കയുള്ളൂ. ഒരു പ്രദേശത്തുവന്നാൽ അവിടുത്തെ വിഭവം കൊണ്ട് – വിളവുകൊണ്ട് – ജീവിക്കാൻ കഴിയുന്നേടത്തോളം ആളുകൾ മാത്രമേ അവിടെ പാർപ്പുറപ്പിച്ചിരുന്നുള്ളൂ. പിന്നെ വരുന്നവർ അതിനു മുമ്പ് അവിടെ കുടിയേറിപാർത്തവർക്ക് ഉപദ്രവം തട്ടാത്ത വിധത്തിലും എന്നാൽ അന്യോന്യം സമ്പർക്കം പുലർത്താവുന്ന തരത്തിൽ അധികം ദൂരത്തല്ലാതേയും കുടിയേറിപ്പാർത്തു. കേരളത്തിലാണെങ്കിൽ ഫലവത്തും വിസ്തൃ തവുമായ വളരെ ഭൂമി ഉടമസ്ഥനില്ലാതെ കാടുകെട്ടി കിടക്കുകയായിരുന്നു. അതിനാൽ മുമ്പ് കുടിയേറിപ്പാർത്തവർക്ക് ഉപദ്രവമുണ്ടാക്കത്തക്കവണ്ണം അടുത്തുകൂടുകയോ അവരുടെ കൃഷിസ്ഥലങ്ങൾ കയ്യേറുകയോ ചെയ്യേണ്ടതായ ആവശ്യം ആർക്കുമുണ്ടായിരുന്നില്ല. ഭൂമി ജസ്തിയും ജനങ്ങൾ കുറവുമായ രാജ്യത്ത് ഇങ്ങനെ ആളുകൾ കുടിയേറിപാർക്കാൻ വരുന്നതിൽ ആദ്യം വന്നവർക്ക് സന്തോഷമല്ലാതെ വെറുപ്പുണ്ടാകുവാൻ സാധ്യതയില്ല. ഒരേ ഉന്നം വെച്ച് ഒന്നിലധികം ആളുകൾ പ്രവർത്തിക്കുമ്പോഴല്ലേ മത്സരമുണ്ടാകുക. അവിടെ ഭൂമിയെ സംബന്ധിച്ചിടത്തോളം ആർക്കും ഉന്നമില്ല. പുഴയിൽ നിന്നും വെള്ളം മുക്കി എടുക്കുന്നതിനാൽ അർക്കേങ്കിലും എതിർപ്പുണ്ടാകുമോ? ഇതുതന്നെയായിരുന്നു പ്രകൃതത്തിലേയും സ്ഥിതി.
ആൻഡമാൻ ദ്വീപിലെ ഭൂമിയും വളരെ ഫലപുഷ്ടിയുള്ളതായിരുന്നു. അവിടെ മഴ ധാരാളമായി കിട്ടാറുണ്ട്. ഭൂമിക്ക് ക്ഷാമവുമില്ല. അവിടെ താമസിക്കാനും കൃഷിയിറക്കാനും മനുഷ്യരില്ലായ്കയായിരുന്നു പ്രധാന പ്രശ്നം. അതിനാൽ അവിടെ പോയി കുടി പാർക്കാൻ ഗവൺമെൻ്റ് ഇന്ത്യക്കാരെ പ്രേരിപ്പിക്കുകയും പല സൗജന്യങ്ങൾ ചെയ്ത് സഹായിക്കുകയും ഉണ്ടായി. പണ്ട് ഇന്ത്യയിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ച ജയിൽപുള്ളികളേയാണ് അവിടെ പാർപ്പിച്ചിരുന്നത് എന്ന് പറയുന്നുണ്ട്. അവരിൽ ചിലരുടെ സന്താനങ്ങൾ അപൂർവ്വമായി നല്ലനിലയിൽ എത്തിയവരുമുണ്ട്. അവിടെ ജോലിക്കായിപ്പോയി സ്ഥിരതാമസമാക്കിയവരും ഇല്ലെന്നില്ല. അങ്ങനെ അപൂർവ്വം ചിലരല്ലാതെ ഭേദപ്പെട്ടവർക്ക് ബന്ധുക്കളാവാൻ പറ്റിയവരായി അവിടെ അധികം പേർ ഉണ്ടായിരുന്നില്ല. അതിനാൽ അത്തരക്കാർ അങ്ങോട്ട് ചെല്ലുന്നതു തന്നെ അവർക്ക് സന്തോഷമായിരുന്നു. അതിനു പുറമെ തങ്ങളുടെ മകൾക്കോ സഹോദരിക്കോ തക്കതായ ഒരു ഭർത്താവിനെ സമ്പാദിക്കുക എന്ന ഒരു പ്രധാന ഉദ്ദേശവും അതിൻ്റെ അടിയിൽ ഒളിഞ്ഞുകിടന്നിരുന്നതായി തോന്നുന്നു.
ആദ്യം കുടിയേറിപാർത്ത അവസരങ്ങളിൽ ആര്യന്മാർക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ വളരെയായിരുന്നു. കൃഷി ചെയ്യാൻ വയലില്ല.അതിനാൽ വലിയ കേറ്റിറക്കമില്ലാത്ത ലെവലായി കിടക്കുന്ന പ്രദേശത്തു ചെന്ന് ആദ്യമായി കടു വെട്ടി തീയ്യിട്ട് വേരോടെ കട പറിച്ചു കളഞ്ഞ് നിലം കിളച്ച് ലെവലാക്കി വരമ്പിട്ട് വയലാക്കണം. ആ പണി വർഷക്കാലത്തെ ചെയ്യാൻ കഴിയൂ. കൃഷി ഇറക്കാനും വർഷക്കാലമാവണമല്ലോ. ഭൂമി കിളച്ച് വയലാക്കി കൃഷിയിറക്കി അതു വിളഞ്ഞ് കൊയ്തെടുക്കുന്നതുവരെ വേണ്ടതായ ഭക്ഷണസാധനങ്ങളും ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള മറ്റു സകലതും നാട്ടിൽ നിന്നു കൊണ്ടുവന്നേ പറ്റുമായിരുന്നുള്ളൂ.അതുപോലെതന്നെ മരപ്പണി, ഇരുമ്പുപണി, സ്വർണ്ണപണി, ഓടുകൊണ്ടുള്ള വാർപ്പുപണി, ചെരുപ്പ്, പലിശ ചെണ്ട മുതലായതുണ്ടാക്കുന്ന തോൽപ്പണി എന്നിവയിലും വിദഗ്ദ്ധന്മാരായ നാഗന്മാരെ ആവശ്യാനുസരണം പരിശീലനം കൊടുത്തു കുടിയിരുത്തി. ആശാരി, കരുവാൻ (കൊല്ലൻ), തട്ടാൻ, മൂശാരി, കൊല്ലൻ എന്നീ പേരുകളെകൊണ്ട് പില്ക്കാലത്ത് അറിഞ്ഞു വരുന്നത് അവരെയാകുന്നു. ഇങ്ങനെ മേല്പറഞ്ഞ ഓരോ തരം തൊഴിലുകളിലും പരിശീലനം കൊടുത്ത് വിദഗ്ദ്ധന്മാരാക്കിയ നാഗന്മാരെ ആവശ്യമുള്ളേടത്തോളം ദേശത്ത് കുടിയിരുത്തി.
തുടർന്ന് മേല്പറഞ്ഞ പ്രകാരം താമസിക്കാൻ വേണ്ടതായ കുടിലും-അഥവാ ഇല്ലവും – ജീവിക്കാൻ വേണ്ടതായ കൃഷിസ്ഥലവും മറ്റും തയ്യാറായാൽ നാട്ടിൽ പോയി കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരാൻ ഏർപ്പാടാക്കുകയായി. അതോടൊപ്പം ആവുന്നത്ര ബന്ധുക്കളേയും ചാർച്ചക്കാരേയും ഇങ്ങോട്ട് കൊണ്ടുപോരാനും ശ്രമിച്ചിരിക്കും. അവർക്ക് ഉത്സാഹം ജനിപ്പിക്കത്തക്കവിധം അതിനാവശ്യമായ പ്രചാരണം അവർ നടത്തിയിട്ടുമുണ്ടാകണം.
ഇങ്ങനെയാണ് കേരളത്തിൽ കുടിയേറിപ്പാർത്തു ആര്യന്മാരുടെ ആദ്യത്തെ ദേശം രൂപം കൊണ്ടത്. പരശുരാമൻ്റെ പ്രേരണയും പ്രോത്സാഹനവും കാരണം അദ്ദേഹത്തോടൊരുമിച്ച് ആദ്യം വന്ന സംഘത്തിനുശേഷം ഇത്രയും ആര്യന്മാർ വന്നു ഈ വിധം സമൃദ്ധമായ ഒരു ദേശമുണ്ടാകാനും അതിന് സ്ഥിരപ്രതിഷ്ഠ ലഭിക്കാനും എത്ര കാലം വേണ്ടിവന്നിരിക്കുമെന്നും പറയാനാവില്ല. അതിന് നൂറ്റാണ്ടുകൾ വേണ്ടിവന്നില്ലെന്നും വിശ്വസിച്ചുകൂടാ. അതെങ്ങിനെയായാലും ഈ വിധത്തിലാണ് ഇവിടെ ആദ്യത്തെ ദേശമുണ്ടായതെന്ന കാര്യത്തിൽ സംശയമില്ല. ഈ പ്രദേശം ഏതായിരിക്കുമെന്നും ഇപ്പോൾ അജ്ഞാതമായിരിക്കുന്നു. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വെച്ച് പ്രധാനികളും നേതാക്കന്മാരുമായിരുന്നത് പന്നിയൂർ, ശുകപുരം എന്നീ ഗ്രാമങ്ങളാണല്ലോ. അതിനാൽ ആദ്യത്തേതായ ഈ കേരള ദേശമുണ്ടായത് പൊന്നാനിയിലൊ അതിന്നടുത്ത പ്രദേശത്തോ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.




🙏