Wednesday, May 13, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ-അദ്ധ്യായം13) ✍ സോഫിയാമ്മ ജോസ്, വാഴക്കുളം

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ-അദ്ധ്യായം13) ✍ സോഫിയാമ്മ ജോസ്, വാഴക്കുളം

‘ എന്റെ അച്ഛാ ‘

 

കാട്ടുപ്ലാവിൽ പിരിച്ചു വച്ചിരിക്കുന്ന ചക്ക പഴുത്തിട്ടുണ്ട്.
അത് പൊട്ടിപ്പോകാതെ താഴെയിറക്കണം.

അപ്പു കയറിന്റെ ഒരറ്റം പ്ലാവിന്റെ ചുവട്ടിൽ കെട്ടി.
മറ്റേ അറ്റവും കൊണ്ട് അവൻ ഒരു അണ്ണാൻ കുഞ്ഞിന്റെ ലാഘവത്തോടെ പ്ലാവിനു മുകളിൽ കയറി.
എന്നിട്ട് എത്തി വലിഞ്ഞ് ഒരു ശിഖരത്തിന്റെ മുകളിൽ കൂടി കയറിന്റെ ഒരറ്റം താഴേക്ക് ഇട്ടു. ആ അറ്റം ചക്കപ്പഴത്തിൽ വട്ടം കെട്ടി. എന്നിട്ട് കയ്യിലിരുന്ന പിച്ചാത്തി കൊണ്ട് ഞെട്ട് കണ്ടിച്ചു വച്ചു.
മെല്ലെ താഴെയിറങ്ങി വന്നു. ചുവട്ടിലെ കെട്ടഴിച്ച് മുകളിലേക്ക് കയർ അയച്ച് അയച്ച് വിട്ടു കൊടുക്കുമ്പോൾ അതാ മറ്റേ അറ്റത്തുനിന്നും ചക്ക താഴേക്ക് ഇറങ്ങി വരുന്നു.

എന്റമ്മോ! എന്തൊരു സന്തോഷം.!

ഹോ! പക്ഷേ മടുത്തു പോയി !

അവൻ നിലത്ത് അല്പനേരം മലർന്നു കിടന്നു.
കിടക്കുമ്പോൾ വാരികല്ലുകൾ ഉയർന്നു കാണുമാറ് ഒട്ടിയ വയർ ഉയരുകയും താഴുകയും ചെയ്തു.

വിശന്നിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്കൊക്കെ നല്ല ഉശിരാണ്.

ഒരു കാര്യം മനസ്സിൽ നിനച്ചാൽ അവൻ അത് സാധിച്ചെടുക്കുക തന്നെ ചെയ്യും.

ചക്കയും കൊണ്ട് വീട്ടിലെത്തുമ്പോൾ ആകെ മടുത്തിരുന്നു.

സിനിമ തിയേറ്ററിൽ നിന്നും മാറ്റിനിക്കു മുൻപുള്ള പാട്ട് ഉയർന്നു.

” വിശുദ്ധനായ സെബസ്ത്യാ നോസേ… ” എന്നു തുടങ്ങുന്ന പാട്ടാണ് ആദ്യം വയ്ക്കുക.

പിന്നാലെ സിനിമ പാട്ടുകൾ ഓരോന്നായി ഒഴുകിയെത്തും.

അച്ഛനുള്ളപ്പോൾ തങ്ങൾ കൂടെക്കൂടെ സിനിമയ്ക്ക് പോകുമായിരുന്നു.
തിയേറ്ററിലിരുന്ന് അമ്മ ചിരിച്ചുകയും കരയുകയും ഒക്കെ ചെയ്യും.

അന്നൊക്കെ അമ്മയ്ക്ക് എന്ത് സന്തോഷമായിരുന്നു!

തന്റെ അച്ഛന്റെ തിരോധാനത്തെ പറ്റി ആളുകൾ പറഞ്ഞു കേട്ട അറിവ് മാത്രമാണ് അപ്പുവിനുള്ളത്.

അമ്മയോട് അതേപ്പറ്റി സംസാരിക്കാൻ തന്നെ അവന് ധൈര്യമില്ല.
ആ ഹൃദയത്തിലെ സങ്കടക്കടൽ പലപ്പോഴും കരകവിഞ്ഞ് കണ്ണുനീരായി ഒഴുകുന്നത് കാണാനുള്ള ശേഷി അവനില്ല.

മനപ്പൂർവ്വം മറന്നു കളയാൻ ശ്രമിക്കുന്ന ആ സത്യങ്ങൾ വെറുതെയിരിക്കുമ്പോഴെല്ലാം ഒരു ഭീകരസത്വം പോലെ അവന്റെ മനസ്സിനെ വിഹ്വലപ്പെടുത്താറുണ്ട്.

അപ്പോഴെല്ലാം ക്രൂരനായ ഒരു പുലിയുടെ തീഷ്ണമായ കണ്ണുകളും രക്തം പുരണ്ട ദംഷ്ട്ര കളും അച്ഛന്റെ നിണമണിഞ്ഞ ശരീരവും നിസ്സഹായമായ നിലവിളി യുമെല്ലാം അവന്റെ അകക്കണ്ണുകൾ ദർശിക്കും.

അതിന്റെ ഭയാനകതയിൽ കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസവേഗം നിയന്ത്രിച്ച് കൈകൾ മാറിൽ ചേർത്തു പിണച്ചുവച്ച് അവൻ അനങ്ങാതെ കിടക്കും.

മനസ്സ് മിനഞ്ഞെടുത്ത ആ ഭീകര ദൃശ്യത്തിനൊടുവിൽ താൻ ആ പുലിയുടെ മുതുകിൽ കയറിയിരുന്നു അതിന്റെ പള്ളയിൽ ആഞ്ഞാഞ്ഞു കുത്തുന്നതും അതിനെ കീഴ്പ്പെടുത്തി അവശനാക്കി കൊല്ലുന്നതും അവൻ ഭാവനയിൽ ദർശിക്കും.

” എന്റെ അച്ഛാ… ”
അവന്റെ ഹൃദയം തേങ്ങി. അച്ഛൻ വല്ലാതെ ഭയന്നിട്ടുണ്ടാവില്ലേ?
എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടാവും?
ആ പുലിയുടെ കൂർത്ത ദംഷ്ട്ര ങ്ങൾ എവിടെയൊക്കെയായിരിക്കും ആഴ്ന്നിറങ്ങിയിട്ടുണ്ടാവുക?
എന്നെങ്കിലും അതിനെ പിടിച്ചു കൊല്ലാൻ സാധിച്ചെങ്കിൽ!…..

(തുടരും………..)

സോഫിയാമ്മ ജോസ്, വാഴക്കുളം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com