Monday, August 24, 2026
Homeഅമേരിക്കഅഗ്രഹാരത്തിൽ ഒരു ഓണം (കഥ) ✍ ആസിഫ അഫ്രോസ്, ബാംഗ്ലൂർ

അഗ്രഹാരത്തിൽ ഒരു ഓണം (കഥ) ✍ ആസിഫ അഫ്രോസ്, ബാംഗ്ലൂർ

അതിരാവിലെ, ക്ഷേത്രത്തിൽനിന്നുള്ള ‘സുപ്രഭാതം’ കേട്ടുകൊണ്ടാണ് പാട്ടി ഉണർന്നത്. ആകാശം ഇനിയും രാത്രിയുടെ നീലച്ചായം അഴിച്ചുവച്ചിട്ടില്ല. റേഴിയുടെ ഇരുട്ടിൽ കൈനീട്ടി, തിണ്ണയിലെ വിളക്ക് തെളിയിച്ച ശേഷം അവർ വീടിന്റെ നടുവിലെ മിട്ടത്തിലേക്ക് നോക്കി.

വർഷങ്ങൾക്കുശേഷം മക്കളെല്ലാം എത്തിച്ചേർന്നിരിക്കുകയാണ്. അമേരിക്കയിൽ കഴിയുന്ന മൂത്ത മകൻ രാമനാഥനും ഭാര്യ ഇന്ദ്രാണിയും മകൻ അനന്തുവും മരുമകൾ അഭിരാമിയും. മകൾ അംബുജവും കുടുംബവും രണ്ടുദിവസം മുൻപേ എത്തിയിട്ടുണ്ട്. മഠത്തിന്റെ പഴയ മുറികൾ വീണ്ടും ശ്വാസംകൊണ്ട് നിറഞ്ഞു. ഈ വർഷത്തെ ഓണം വിശേഷപ്പെട്ടതാണ്. മക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ആഘോഷിക്കുന്ന ഓണം.

പാട്ടി തിണ്ണയിലേക്കിറങ്ങി. നടുവാശലിന് മുന്നിൽ വെള്ളം തളിച്ചു. കൈയ്യിലെ ചെറിയ പാത്രത്തിൽനിന്നും അരിമാവെടുത്ത് കൈവിരലുകൾകൊണ്ട് പിരിച്ച് കോലം വരച്ചുകൊണ്ടിരിക്കുമ്പോൾ പത്രക്കാരന്റെ സൈക്കിളിന്റെ മണി അകലെനിന്നും കേട്ടു. മഞ്ഞയും ഇളം ചുവപ്പും കലർന്ന നിറത്തിൽ കിഴക്കൻ ആകാശത്തിന്റെ പൊൻവെളിച്ചം പഴയ ഓടുമേഞ്ഞ വീടുകളുടെ ചുവരുകളിൽ ചിത്രംവരച്ചപ്പോൾ ഓണത്തെ വരവേൽക്കാൻ കൽപ്പാത്തി തെരുവ് ഉണരുകയായിരുന്നു.

പത്രക്കാരൻ ഓരോ വീട്ടുമുറ്റത്തേക്കും പത്രം കൃത്യമായി എറിഞ്ഞിട്ട് കടന്നുപോയി. പാട്ടിയുടെ മുറ്റത്തേക്കും ഒരു പത്രം പറന്നുവീണു. ‘മലയാളി മനസ്സ് – ഓണം വിശേഷാൽപ്പതിപ്പ്’. അത് കുനിഞ്ഞെടുക്കുമ്പോൾ എവിടെയോ കിണറ്റിൽനിന്നും വെള്ളംകോരുന്ന തൊട്ടിയുടെ താളം കേൾക്കുന്നുണ്ടായിരുന്നു. അഗ്രഹാരം ഉണർന്നുകഴിഞ്ഞിരുന്നു. ഇനി പൂക്കാരൻ പൂവുംകൊണ്ട് വന്നിട്ടുവേണം പൂക്കളമൊരുക്കാൻ. പാട്ടി അക്ഷമയോടെ തെരുവിന്റെ അറ്റത്തേക്ക് കണ്ണുകൾ പായിച്ചു.

ഇന്ദ്രാണിയും രുക്കുവും അഭിരാമിയും ഉത്രാട ദിവസംതന്നെ തിരുവോണത്തിന് പാകം ചെയ്യാനുള്ളതെല്ലാം ഒരുക്കിവച്ചിരുന്നു. പച്ചക്കറികളെല്ലാം അരിഞ്ഞുവച്ചിരുന്നു; പായസത്തിനുള്ള ശർക്കര പൊട്ടിച്ചും തേങ്ങ ചിരകിയും, പരിപ്പും ഉഴുന്നും കഴുകിയുണക്കിയും, വറുക്കേണ്ട കശുവണ്ടിയും ഉണക്കത്തേങ്ങയും നേരത്തേ വറുത്തുവച്ചും സദ്യയ്ക്കുവേണ്ട എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കി വച്ചിരുന്നു.

മിട്ടിയിൽ മനോഹരമായ പൂക്കളമൊരുങ്ങിയിരുന്നു. പൂജാമുറിയുടെ വാതിലിൽ, മഞ്ഞളിന്റെ വിരലടയാളങ്ങളും മാവിലത്തോരണവും ഒരാഘോഷത്തിന്റെ ഐശ്വര്യംപകർന്നു. പാട്ടി അകത്തുകടന്ന് വെള്ളിക്കുത്തുവിളക്ക് തെളിയിച്ചപ്പോൾ, ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം മഠത്തിനുള്ളിൽ ആകെ നിറഞ്ഞു. മണിനാദം ചുമരുകളിൽ തട്ടി നേർത്ത പ്രതിധ്വനിയായി പടർന്നു. ചന്ദനക്കല്ലിൽ നിന്ന് ഒരിറ്റു ചന്ദനമെടുത്ത് പാട്ടി അഭിരാമിയുടെ നെറ്റിയിൽ ചാർത്തി, പിന്നെ അവളുടെ കൈകളിൽ അക്ഷതവും നൽകി.
അപ്പോൾ അഭിരാമി പാട്ടിയുടെ കാൽതൊട്ടു വണങ്ങി.

“ദീർഘസുമംഗലിയായിരിക്കട്ടെ”. പാട്ടി അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ഒരു ചെറിയ വെള്ളിച്ചെപ്പിൽനിന്നും ഒരുനുള്ള് കുങ്കുമമെടുത്ത് ഇന്ദ്രാണി മരുമകളുടെ സീമന്തത്തിൽ തൊട്ടു. പിന്നെ താലിയിലും.

അംബുജം അടുക്കളയിൽ പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വെൺപൊങ്കലിന്റെയും ഫിൽട്ടർ കോഫിയുടെയും നറുമണം മിട്ടിയും കടന്ന് നടുവാശലിലെത്തി.

മടിശ്ഷാർ ഞൊറിഞ്ഞുടുത്ത്, വെള്ളിക്കാപ്പും കാശുമാലയും വൈരമൂക്കുത്തിയും അണിഞ്ഞ്, മുടിയിൽ കനകാംബരവും ചൂടി പെണ്ണുങ്ങൾ അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങിവന്നു.
പെരിയമ്മ, ചിത്തി, പാട്ടി, അത്ത, പെരിയ മാമൻ, പെരിയ അത്ത, മാമി തുടങ്ങി എല്ലാ ബന്ധുക്കളും കാലത്തുതന്നെ എത്തിച്ചേർന്നു.

സദ്യവട്ടങ്ങൾ ഓരോന്നായി നിരന്നു. വലിയ ഉരുളിയിൽ പായസവും വാണലിയിൽ ഉപ്പേരിയും ഈയച്ചൊമ്പിൽ രസവും വെള്ളിത്തളികയിൽ താമ്പൂലവും ഒരുക്കിവച്ചു.

സദ്യയ്ക്ക്, എല്ലാവരും നടുവാശലിലേക്ക് മാറി. നിലത്ത് പലകയിട്ടു. സ്ത്രീകളും പുരുഷന്മാരും ചമ്രംപടിഞ്ഞ് രണ്ടു ഭാഗങ്ങളിലായി ഇരുന്നു. ഇലയിൽ സദ്യവിളമ്പി. വീടിനകത്ത് ഒതുങ്ങാത്തൊരു സദ്യപോലെ തോന്നിച്ചു അത്. സദ്യയുണ്ടശേഷം പുരുഷന്മാരെല്ലാം തിണ്ണയിലേക്കുമാറി. അവിടെ പിന്നെയൊരു താമ്പൂലക്കൂട്ടായ്മയായി.

കുറച്ചുനേരം സംസാരിച്ചിരുന്നശേഷം ഓരോരുത്തരും യാത്രയായിത്തുടങ്ങി. അവസാനവണ്ടിയുടെ പുറകിലെ ചുവന്നവെളിച്ചം ഒരു പൊട്ടുകുങ്കുമം പോലെ തെരുവിന്റെ വളവിനപ്പുറം മറഞ്ഞു.

പാട്ടി പതിയെ മഠത്തിനുള്ളിലേക്ക് നടന്നു. സ്വന്തം ശ്വാസത്തിന്റെ ശബ്ദംപോലും തിരിച്ചുകേൾക്കാവുന്ന അത്രയും വലിയൊരു നിശ്ശബ്ദത അവരെ പൊതിഞ്ഞു.

സന്ധ്യാവെയിൽ ജനലിലൂടെ അരിച്ചിറങ്ങി, പാട്ടിയുടെ മുഖത്തുതട്ടി . അവർ ഒരാലസ്യത്തിൽ കണ്ണുതുറന്നു. ചുറ്റും നോക്കിയപ്പോൾ, മുറി പഴയതുപോലെ നിശ്ശബ്ദം. അപ്പോഴാണ് ഉച്ചമയക്കത്തിൽ കണ്ടൊരു സ്വപ്നമായിരുന്നു അതെന്ന് പാട്ടിക്ക് മനസ്സിലായത്. മുറിഞ്ഞ സ്വപ്നം തുടർന്നുകാണുവാൻ എന്നപോലെ, ഒരു നേർത്ത പുഞ്ചിരിയോടെ അവർ വീണ്ടും കണ്ണുകളടച്ചു. ആ മയക്കം പതുക്കെ മറ്റൊരു ഉറക്കത്തിലേക്ക് വഴുതിപ്പോയി.

പുറത്തെ അത്തപ്പൂക്കളത്തിൽനിന്നൊരു ചെമ്പരത്തിയിതൾ കാറ്റിൽ പറന്നുവീണു..

ആസിഫ അഫ്രോസ്, ബാംഗ്ലൂർ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ