Saturday, December 7, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം.11) 'വഴിയോരക്കാഴ്ചകൾ.'. ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം.11) ‘വഴിയോരക്കാഴ്ചകൾ.’. ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

 

വഴിയോരക്കാഴ്ചകൾ..

ചായക്കടയിൽ ആളുകൾ വന്നും പോയും ഇരുന്നു . സദാനന്ദൻ മാഷ് മേശപ്പുറത്ത് കിടന്ന പത്രത്താളുകളിലേക്ക് കണ്ണുകൾ ഓടിച്ചു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മറ്റൊരു മയിൽവാഹനം ബസ് സ്റ്റോപ്പിൽ വന്നുനിന്നു.
കെട്ടും കിടക്കുകയും ആയി ചില ആളുകൾ ബസ്സിൽ നിന്നിറങ്ങി. ചിലരുടെ കയ്യിൽ നീണ്ട തുണി സഞ്ചി ഉണ്ട്. ചിലരുടെ കയ്യിൽ ചൂല്, മുറം തുടങ്ങിയവയും ഉണ്ട്

‘ദാ ….ആ വരുന്ന ആൾ പുലിയന്നൂരിലേക്കാണ്. ‘

ബസ്സിൽ നിന്നും ഇറങ്ങിയ ഒരാളെ ചൂണ്ടി കടക്കാരൻ പറഞ്ഞു.

‘ഡേയ് മുരുകാ… ഇങ്കെ വാ….നിങ്ങടെ സ്കൂളിലെ പുതിയ മാഷാണ് . സ്കൂൾ കാണിച്ചുകൊടുക്കൂ ട്ടോ.’

‘ഓ… സരി…..’

സദാനന്ദൻ മാഷ് അയാളെ സൂക്ഷിച്ചു നോക്കി. മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ. കൈലി മുണ്ട് ഉടുത്ത് ഷർട്ട് ധരിച്ചിട്ടില്ലാത്ത അയാൾ ഒരു മുഷിഞ്ഞ തോർത്ത് തോളിൽ ഇട്ടിട്ടുണ്ട്. കയ്യിൽ ഒരു തുണി സഞ്ചി തൂക്കി പിടിച്ചിരിക്കുന്നു. ചുരുണ്ട മുടി.. തലമുടി എണ്ണയും വെള്ളവും കണ്ടിട്ട് വർഷങ്ങൾ ആയ പോലെ….. ..!മാഷിനെ നോക്കി അയാൾ വെളുക്കെ ചിരിച്ചു ..മുറുക്കി കറ പിടിച്ച ചുവന്ന പല്ലുകൾ..

‘സാറെ, ..പോകലാം…..’

അയാൾ പറഞ്ഞു.
മാഷ് തലയാട്ടി. കടയിൽ നിന്ന് ഇറങ്ങി പാലത്തിലൂടെ അവർ നടന്നു. പുഴയിലെ വെള്ളം പാലം മുട്ടി ഒഴുകുന്നു. കലങ്ങി മറിഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ മരങ്ങളും മരത്തടികളും ഒഴുകി പോകുന്നുണ്ട്. കൂടാതെ തേങ്ങ, കശുമാങ്ങ തുടങ്ങി എന്തൊക്കെയോ വെള്ളത്തിലൂടെ ഒഴുകി പോകുന്നുണ്ട് . വെള്ളത്തിന്റെ ഒഴുക്ക് കാണാൻ ആണോ എന്നറിയില്ല, കുറെ പേർ കൈവരിയിൽ പിടിച്ച് നിൽക്കുന്നുണ്ട് . പാലം കടന്നതും വലത് വശത്തായി വെള്ള ബോർഡിൽ കറുത്ത അക്ഷരത്തിൽ കള്ള് എന്ന ബോർഡ് കണ്ടു.
മുരുകൻ , മാഷിനെയും ആ കെട്ടിടത്തിന് നേരെയും ഒന്ന് നോക്കി ….

‘സാറിന് വേണോ റൊമ്പ മതുരം ണ്ട്..ദാഹോം ണ്ടാവില്ല . നമുക്ക് കൊറേ നടക്കാനണ്ട്..’

‘ഞാൻ വരുന്നില്ല, മുരുകൻ പോയിട്ട് വരൂ… ഞാൻ ഇവിടെ ദാ ആ പാറപ്പുറത്ത് ഇരിക്കാം..’

‘ന്നാ..നാൻ പ്പം വര്റേ…’

അയാൾ കള്ളുഷാപ്പിലേക്ക് കയറിപ്പോയി.
ചെമ്മൺ പാതയുടെ അരികിലായി ഒരു പാറയിൽ സദാനന്ദൻ മാഷ് ഇരുന്നു.
പുഴയിലെ വെള്ളം കര കവിഞ്ഞ് തെങ്ങിൻ തോട്ടത്തിൽ കയറിയിട്ടുണ്ട്. വെള്ളത്തിന് മണ്ണിന്റെ നിറം…
അരമണിക്കൂർ കഴിഞ്ഞിട്ടും മുരുകനെ കാണാനില്ല. മാഷ് പതിയെ എഴുന്നേറ്റ് പുഴയുടെ അടുത്തേക്ക് നീങ്ങി നിന്നു.
ശരിക്കും പുഴ കലിതുള്ളി ഒഴുകുകയാണ്..
ഒരു പാറപ്പുറത്ത് കയറിയിരുന്ന് ഒരാൾ ചൂണ്ടയിടുന്നുണ്ട്.

‘സാറേ വെള്ളത്തിലേക്ക് ഇറങ്ങല്ലേ …നല്ല ഒഴുക്കുണ്ട് .. ചൂണ്ടയിടുന്ന ആൾ വിളിച്ചു പറഞ്ഞു. …

‘സാറേ…’

മാഷ് തിരിഞ്ഞുനോക്കി, മുരുകനാണ്.
അങ്ങോട്ട് പോയ പോലെയല്ല ഇങ്ങോട്ടുള്ള വരവ് …!
രണ്ടുകാലും നിലത്ത് ഉറക്കുന്നില്ല. കാലുകൾ വേച്ച് വേച്ച് പോകുന്നു .. തോളിൽ ഉണ്ടായിരുന്ന തോർത്ത് ഇപ്പോൾ തലയിൽ കെട്ടിയിട്ടുണ്ട്..

‘സാ….റേ…മ്മ്ക്ക് പോലാം….’

മുരുകന്റെ ഒപ്പം മാഷും മെല്ലെ നടന്നു..
റോഡിന് ഇരുവശവും തെങ്ങിൻതോപ്പുകൾ.
എത്ര മനോഹരമായ ഭൂപ്രദേശം! മാഷ് മനസ്സിൽ കരുതി…

ഏകദേശം രണ്ട് കിലോമീറ്റർ നടന്നിട്ടുണ്ടാവും …
നിരപ്പായ റോഡ് കഴിഞ്ഞു . സർക്കാർ ഭൂമിയാണ് എന്ന് അടയാളപ്പെടുത്തുന്ന ജണ്ടകൾ കാണാം…
തെങ്ങിൻതോപ്പുകൾ, മറ്റ് മരങ്ങൾ ഒന്നും കാണാതെയായി. ഇടത്തോട്ട് തിരിഞ്ഞ് റോഡ് പോലെയുള്ള ചെമ്മൺ പാതയിലൂടെ അവർ നടന്നു. ചെറിയ കയറ്റം ഉണ്ട്. നല്ല വെയിൽ.. മാഷിന്റെ ശരീരം വിയർത്ത് കുളിക്കാൻ തുടങ്ങി.. അല്ലേലും പൊതുവെ പെട്ടെന്ന് വിയർക്കുന്ന ശരീരമാണ് . വളഞ്ഞു തിരിഞ്ഞ് പോകുന്ന വഴിയിലൂടെ അവർ നടന്നു.. മണലിൽ കൂടിയുള്ള നടത്തവും വിയർപ്പും കൂടിയായപ്പോൾ ലൂണാർ ചെരിപ്പ് കാലിൽ നിന്നും തെന്നി പോകുന്നുണ്ട് . നല്ല ദാഹം..ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ!
പക്ഷേ ദൂരെ പോലും വീടുകൾ പോയിട്ട് ഒരു പച്ചപ്പ് പോലും എവിടെയും കാണാനില്ല ..
ശരിക്കും മൊട്ടക്കുന്നുകൾ..

‘സാറേ… സഞ്ചി തരൂ നാൻ പിടിക്കാം….

‘വേണ്ട മുരുകാ.. ഈ ബാഗിന് അധികം കനം ഒന്നുമില്ല.. കുറച്ച് തുണികൾ ഉണ്ട്, അത്ര തന്നെ.’

‘ഇതെന്താ മുരുകാ ഇവിടെ ഇങ്ങനെ?
മരുഭൂമി പോലെ ഉണ്ടല്ലോ…?’

‘അതുവന്തു പെരിയ കതൈ.. കൊറെ കൊല്ലം മുന്നാടി ഇങ്കെയെല്ലാം കാടാർന്നു……
വന്താവാസികൾ എല്ലാം നസിപ്പിച്ചു..
മരങ്ങളെല്ലാം വെട്ടി വിറ്റു ആവാങ്ക കാശുണ്ടാക്കി…..’

‘ഇതെല്ലാം നിങ്ങളുടെ ഭൂമി അല്ലായിരുന്നോ…?’

‘അതെ സാറേ.. നാങ്കളുടെ ഭൂമി …അവർ നങ്ങളെ പറ്റിച്ചു വാങ്ങിയെടുത്തു. സാരായം വാങ്ങിക്കൊടുത്ത് നങ്കളുടെ മണ്ണ് തട്ടിയെടുത്തു.

‘സർക്കാർ ഉദ്യോഗസ്ഥരും അതിന് കൂട്ടുനിന്നു അല്ലേ..?’

‘ഉം…….. .’

‘ഇനി എത്ര ദൂരം കൂടി
പോകണം സ്കൂളിലേക്ക്..?’

‘മൂൻറ് മൈൽ ഇരിക്ക്ത്..
സാറ് ഷീണിച്ചാ..?

‘ ഉം..നല്ല ദാഹം , കാല് കടയണ്.. എവിടെയെങ്കിലും ഒന്ന് ഇരിക്കാൻ ഒരു തണൽ മരം ഉണ്ടാകുമോ?’

കൊഞ്ചം ദൂരം കൂടി പോണം ..
കൊറച്ച് മതുരക്കള്ള് കുടിച്ചാ ഷീണം പോയേനെ…’

‘കാൽ ചുട്ടുപൊള്ളുന്നല്ലോ മുരുകാ..ഇനി നടക്കാൻ വയ്യ ..’

‘സാറേ ….സാറേ….വേഗം വാ സാറേ…..
മുരുകൻ പെട്ടെന്ന് മാഷിന്റെ കയ്യിൽ പിടിച്ച് ഓടി അടുത്തു കണ്ട ഒരു പാറയുടെ മുകളിൽ കയറി.

‘എന്താ…? എന്തിനാ നമ്മൾ ഓടിയത് എന്തിനാ ഇവിടെ ഇരിക്കുന്നത്..?
മാഷ് ചോദിച്ചതും ഒരു കൂട്ടം കാട്ടുപന്നികൾ ഓടി വരുന്നത് കണ്ടു..
അവ വഴി മുറിച്ച് കടന്ന് വേഗം ഓടി പ്പോയി..
എന്തൊരു വേഗത്തിലാണ് അവറ്റകൾ ഓടുന്നത്!

‘പന്നീന്റെ മുന്നിൽപ്പെട്ടാൽ അവ നമ്മളെ കുത്തിമറിച്ചിടും.
അതാ ഓടി പാറപ്പുറത്ത് കയറിയത്.’

മുരുകന്റെ വർത്തമാനം കേട്ടപ്പോൾ മാഷ് ഞെട്ടി.
മുരുകൻ കൂട്ടിന് വന്നത് നന്നായി !അല്ലെങ്കിൽ ഈ മരുഭൂമിയിൽ തൻ്റെ ജീവൻ തീർന്നേനെ …
മാഷ് മനസ്സിൽ കരുതി.
അവർ നടന്നുനടന്ന് ഒരു കുന്നിന്റെ മുകളിൽ എത്തി.

‘അതെന്താ അങ്ങ് ദൂരെ കാണുന്നത് വെള്ളം നിറത്തിൽ?..’

‘അതോ ? അതാണ് കങ്കിയാംപടി ഊര്….നങ്കളുടെ കൂട്ടർക്ക് സർക്കാർ കെട്ടിത്തന്ന വീടുകളാ..’

‘ഓഹോ … അത് കോൺക്രീറ്റ് വീടാണല്ലോ..?’

‘ഉം…..’

മുരുകൻ ഒന്ന് മൂളുക മാത്രം ചെയ്തു .

‘സാറേ, സൂഷിച്ച് ….ഇനി കൊറേ ദൂരം നല്ല ഇറക്കമാണ് .’

കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ മുരുകൻ പറഞ്ഞു .

കുടിയേറ്റക്കാർ ആദിവാസികളെ പറ്റിച്ച കഥകൾ ഓരോന്നായി മുരുകൻ പറഞ്ഞു കൊണ്ടേയിരുന്നു. കൂടാതെ, ആദിവാസികളുടെ താമസം, അവരുടെ ജീവിതരീതി , എന്നിവയെല്ലാം മുരുകൻ വിശദമായി പറഞ്ഞു.

വെയിൽ തിളങ്ങുന്ന ചെമ്മൺ റോഡിലൂടെ അവർ നടന്നു.
ഒടുവിൽ ഒരു താഴ്‌വരയിൽ എത്തി.

‘നമ്മൾ നേരത്തെ മലമുകളിൽ നിന്ന് കണ്ട വീടുകളില്ലേ.. അതാണോ ഇതെല്ലാം ..?
ഇതിൽ പല വീടുകളുടെയും പണി കഴിഞ്ഞിട്ടില്ലല്ലോ ഇവിടെ ആരും താമസമില്ലേ?’

‘നങ്കൾക്ക് ഇവിടെ കിടന്നാൽ ഉറക്കം വരില്ല സാറേ…’

‘അതെന്താ …?’

‘ഇതിന്റെ ഉള്ളിൽ നല്ല ചൂടാണ് സാറേ..’

അവർ വീണ്ടും നടന്ന് നടന്ന മറ്റൊരു കുന്നിൻറെ മുകളിൽ എത്തി .

‘സാറേ അങ്ങ് ദൂരെ കാണുന്നതാണ് നങ്കൾ താമസിക്കുന്ന പുലിയനൂർ.
അതിനപ്പുറം കാണുന്ന വലിയ കെട്ടിടം ആണ് സ്കൂള്…’

ആവൂ.. ആശ്വാസമായി. ഇനി കുറച്ചുകൂടി നടന്നാൽ മതിയല്ലോ ..ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കിൽ ! ദാഹിച്ചു തൊണ്ട വറ്റി . സ്കൂൾ അടുക്കുംതോറും സദാനന്ദൻ മാഷിന്റെ മുഖത്ത് സന്തോഷം ഇരച്ചു കയറി.

(തുടരും…)

✍ സജി ടി. പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments