🔹ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിൽ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ വൈദ്യുതി പ്രതിസന്ധിയിൽ വലഞ്ഞ സംസ്ഥാനത്തിന് ആശ്വാസം.മഴ ശക്തമായതിനു പിന്നാലെ വൈദ്യുതി ഉപയോഗത്തിലും ഗണ്യമായ കുറവുണ്ടായി. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ ശരാശരി പ്രതിദിന വൈദ്യുതി ആവശ്യകത 82.14 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഒരാഴ്ച മുൻപ് വരെ ഇത് ഏകദേശം 90 ദശലക്ഷം യൂണിറ്റായിരുന്നു.
🔹സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ദേശീയഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകി ചീഫ് സെക്രട്ടറി.വന്ദേമാതരത്തിന്റെ ആലാപനം കർശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാ ണ്സംസ്ഥാനത്തും നിർദേശം നടപ്പാക്കുന്നത്. ഇതു പ്രകാരം ഓഗസ്റ്റ് 15ന് നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം പാലിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തു നൽകിയത്.
🔹സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് വിദ്യാർഥികളുടെ ഫീസ് സംബന്ധിച്ച ഉത്തരവ് സംസ്ഥാനത്ത് നടപ്പിലാക്കാൻ വൈകുന്നു. എംബിബിഎസിന് നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാനാകൂവെന്ന ഉത്തരവ് ആണ് ഇതുവരെ നടപ്പിലാകാത്തത്.സംസ്ഥാനത്തെ ഫീസ് റഗുലേറ്ററി കമ്മറ്റി, പുനഃസംഘടിപ്പിക്കാത്തത് കാരണം സ്വാശ്രയകോളജുകളിലേക്കുള്ള പുതിയ ഫീസ് ഘടന നിശ്ചയിക്കാനായിട്ടില്ല. നിലവിൽ വിദ്യാർഥികളിൽ നിന്ന് അഞ്ച് വർഷത്തെ ഇടാക്കുന്നുണ്ട്.
🔹നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പിടിയിൽ. സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. നേരത്തെ ഇയാൾ കണ്ണൂരിൽ നിന്ന് കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ആയങ്കിക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ അർജുന് ഒളിവിൽ പോകാൻ ഉപയോഗിച്ചിരുന്ന കാർ പോലീസ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
🔹ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് കമർപുർ കോളനി സ്വദേശിയായ അഹദ് അലി (36) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 15.183 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കളമശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ടോൾ ഭാഗത്തുനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
🔹ലാഭത്തിൽ റിക്കാർഡ് നേട്ടം കൈവരിച്ച് കൊച്ചിൻ അന്തരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് (സിയാൽ). ചരിത്രത്തിലാദ്യമായി സിയാലിന്റെ ലാഭം 500 കോടി കടന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയർമാനായ ആദ്യ ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ ഭാവി പദ്ധതികൾക്ക് രൂപം നൽകി. നിക്ഷേപകർക്കു 55 ശതമാനം ലാഭവിഹിതമാണ് ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുള്ളത്.
🔹പുഞ്ചിരിമട്ടും ഉരുള്‍ ദുരന്ത ബാധിത പ്രദേശമായ ചൂരല്‍മലയില്‍ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസംരാത്രി ചൂരല്‍മല വില്ലേജ് റോഡില്‍ എത്തിയ പുലി പ്രദേശത്തെ വിജയന്റെ നായയെ പിടിച്ചു. രാത്രി എട്ടരയോടെ എത്തിയ പുലിയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞു.ഏതാനും ആഴ്ചകള്‍ക്കിടെ നാലാം തവണയാണ് വിജയന്റെ വീടിനടുത്ത് പുലി സാന്നിധ്യമുണ്ടാവുന്നത്.
🔹പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് ഒരുക്കം പൂര്‍ത്തിയായതായി മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രന് ആവേത്താന്‍, പ്രസന്നകുമാര്‍, വാസു വെള്ളോത്ത്, അഡ്വ.കെ.എ. അശോകന്, ബാബു കട്ടയാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
🔹സംസ്ഥാനത്തെ ഗുണ്ടകളെ പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്. പദ്ധതിയുടെ ഭാഗമായി 300 ഗുണ്ടകളുടെ പട്ടികയാണ് പോലീസ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ചും ഇന്റലിജൻസിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പോലീസ് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🔹കർണാടകയിലെ ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കാനും പൂക്കളും മുന്തിരിത്തോട്ടങ്ങളും കാണാനുമായി സുൽത്താൻ ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്ക് സർവീസ് നടത്തുന്ന അന്തർസംസ്ഥാന കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരുടെ തിരക്കേറുന്നു. സ്ത്രീകളാണ് ബത്തേരി ബസ് സ്റ്റാൻഡിൽ ബസ് കാത്ത് വലിയ തോതിൽ എത്തുന്നത്.കർണാടകയിലെ വിവിധ ഗ്രാമങ്ങളിൽ പൂക്കാലത്ത് വിരിഞ്ഞുനിൽക്കുന്ന പൂന്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമാണ് യാത്രക്കാരെ ആകർഷിക്കുന്നത്. വയനാട്ടിൽ നിന്ന് എളുപ്പത്തിൽ കർണാടകയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് എത്താൻ കഴിയുന്നതും കുറഞ്ഞ ചെലവിലുള്ള യാത്രാസൗകര്യവുമാണ് പ്രിയദർശിനി സർവീസിന്റെ പ്രധാന ആകർഷണം.
🔹 കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ കർണാടക ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിനെ ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളും ആരാഞ്ഞു.
🔹ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഇന്ത്യന്‍ യുവതിയെ പോര്‍ച്ചുഗലിലെ ബിയര്‍ കടയുടമയ്ക്കു വിറ്റതായി പരാതി.പൂനയിലെ വിദേശ റിക്രൂട്ടിംഗ് സ്ഥാപനമാണ് നാഗ്പുര്‍ സ്വദേശിയായ 28കാരിയെ വഞ്ചിച്ചത്. പോര്‍ച്ചുഗലിലെത്തിയ യുവതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് തടങ്കലിലാക്കിയെന്നും പരാതിയുണ്ട്.യൂറോപ്പിലേക്കുള്ള വീസയ്ക്കും മറ്റു രേഖകള്‍ക്കുമുള്ള ചെലവുകളെന്ന പേരില്‍ പലഘട്ടങ്ങളിലായി തട്ടിപ്പുകാര്‍ യുവതിയില്‍നിന്ന് 11 ലക്ഷം രൂപ കൈക്കലാക്കി.
🔹 മലയാളി വൈദികവിദ്യാര്‍ഥി ഓസ്ട്രിയയില്‍ വാഹനാപകടത്തില്‍ മരിച്ചു.പെരുമ്പല്ലൂര്‍ പൊതൂര്‍ ഷാജന് മാത്യു-റെജി ദമ്പതികളുടെ ഏക മകന് ബ്രദര്‍ മാത്യൂസ് പൊതൂരാ(33)ണ് ലിന്‍സില്‍ ഇന്നലെയുണ്ടായ കാറപകടത്തില്‍ മരിച്ചത്. ജര്‍മനിയില്‍ വൈദികപഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു.വൈദിക പരിശീലനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെ ലിന്‍സിലെ പള്ളിയില്‍ പിആര്‍ഒയായി ശുശ്രൂഷ ചെയ്തു വരികെയായിരുന്നു അപകടം.മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കള്‍. അമ്മ റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപറമ്പില്‍ കുടുംബാംഗം.
🔹ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീയെന്ന ഗിന്നസ് ലോക റിക്കാർഡ് ഇനി ഇന്ത്യയുടെ രേണു ധരിയാലിന്. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിയായ രേണുവിന്റെ മുടിയുടെ നീളം 271.50 സെന്റിമീറ്ററാണ് (എട്ടടി പത്തിഞ്ച്).257.33 സെന്റിമീറ്റർ നീളമുള്ള മുടിയുള്ള യുക്രെയ്ൻ സ്വദേശിനി അലിയ നാസിറോവയെ മറികടന്നാണ് രേണുവിന്റെ നേട്ടം. 2015 മുതൽ കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രേണു മുടി വെട്ടിയിട്ടില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ റോബർട്ട് വാഡ്ലോയുടെ ഉയരത്തിന് (272 സെന്റിമീറ്റർ) തൊട്ടുതാഴെയാണ് രേണുവിന്റെ മുടിയുടെ നീളം.
🔹രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ വിവിധ തലങ്ങളിൽ നടത്തിയ അന്വേഷണം ഏകദേശം പൂർത്തിയായതായും അടുത്ത മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്നും അയോധ്യ സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ അറിയിച്ചു.
🔹പ്രാദേശിക കോൺഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ (ഡേവിഡ് ഡാലിയ -55) വെടിയേറ്റു മരിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ഉഡുപ്പി ജില്ലയിലെ മുദരങ്ങാടി സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിക്കു മുന്നിൽവച്ച് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു.ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ സ്വദേശികളായ മൂന്നുപേരെ ഉഡുപ്പി പോലീസ് കസ്റ്റഡിയിലെടുത്തു. രാജു(42), അജയ് രസ്തോഗി (23), ജിയാവുൽ ഷെയ്ഖ് (38) എന്നിവരാണ് അറസ്റ്റിലായത്.
🔹ഈ ജനുവരിമുതൽ ഇതുവരെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്കു തിരിച്ചയച്ചത് 3323 ഇന്ത്യക്കാരെ.കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞവർഷം മൊത്തം 3779 ഇന്ത്യക്കാരെയാണ് ഇന്ത്യയിലേക്ക് അയച്ചത്.മുൻവർഷങ്ങളിൽ കാനഡയിൽനിന്ന് ഏറ്റവും കൂടുതൽ നാടുകടത്തപ്പെടുന്നത് മെക്സിക്കോയിൽ നിന്നുള്ളവരായിരുന്നു.
എന്നാൽ, 2026-ൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യക്കാരാണ് പട്ടികയിൽ മുന്നിലുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, നിലവിൽ കാനഡയിൽ നിന്ന് പുറത്താക്കൽ നടപടി നേരിടുന്നവരിൽ മുന്നിലുള്ളത് ഇന്ത്യക്കാരാണ്.കുടിയേറ്റ നിയമങ്ങൾ കാനഡ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാർക്കെതിരേയുള്ള നടപടി.
🔹കടുത്ത സാമ്പത്തികതകർച്ച അനുഭവിക്കുന്ന പാക്കിസ്ഥാനിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും നികുതിയും കുത്തനേ കൂട്ടിയതിൽ ജനരോഷം ആളിക്കത്തുകയാണ്. ജമാ അത്തെ ഇസ്ലാമി തലവൻ ഹാഫിസ് നയീമുർ റഹ്മാന്റെ ആഹ്വാനപ്രകാരം ആരംഭിച്ച പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചു.
🔹ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും മുന്നറിയിപ്പു നല്കി.
ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഇറാനും ഒമാനും കരാറിന്റെ വക്കിലാണെന്നാണ് അരാഗ്ചി പറഞ്ഞത്. എന്നാൽ, യുദ്ധത്തിൽ ഇറാനിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്‍കുന്നതടക്കം മറ്റു പല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഹോർമുസ് തുറക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
🔹യൂജിന്‍ (യുഎസ്എ): ലോക അത്ലറ്റിക്സ് ഭൂപടത്തില്‍ ഇന്ത്യയുടെ അഭിമാനമായി ആശിഷ് യാദവ്. അണ്ടര്‍ 20 ലോക അത്ലറ്റിക്സ് പുരുഷ ജാവലിന്‍ത്രോയില്‍ ആശിഷ് യാദവ് ഇന്ത്യക്കായി വെള്ളി സ്വന്തമാക്കി. ലോക അണ്ടര്‍ 20 ജാവലിൻ ത്രോയില്‍ വെള്ളി നേടുന്ന രണ്ടാമതു മാത്രം ഇന്ത്യന്‍ താരമാണ് പത്തൊമ്പതുകാരനായ ആശിഷ്.
2016ല്‍ നീരജ് ചോപ്രയാണ് അണ്ടര്‍ 20 ജാവലിനില്‍ ആദ്യമായി മെഡല്‍ നേടിയത്. അന്ന് അണ്ടര്‍ 20 ലോക റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ നീരജ്, പിന്നീട് ഇന്ത്യക്കായി 2020 ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും സ്വന്തമാക്കി.
നീരജിന്റെ പിന്‍ഗാമിയായി പത്തു വര്‍ഷത്തിനുശേഷം അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശുകാരനായ ആശിഷ്; ഇന്ത്യയുടെ രണ്ടാം റോക്കറ്റ്.
🔹യൂജിന്‍ (യുഎസ്എ): അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വനിതാ ഹൈജംപിൽ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ പൂജ ഇന്നു കളത്തില്‍.യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയില്‍ 1.79 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് പൂജ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ഗ്രൂപ്പ് എയില്‍ അഞ്ച് താരങ്ങള്‍ മാത്രമാണ് 1.79 ക്ലിയര്‍ ചെയ്തത്. ഗ്രൂപ്പ് ബിയില്‍നിന്ന് ഒമ്പതും.പൂജ 1.76 മീറ്റര്‍ മുതലാണ് മത്സരം ആരംഭിച്ചത്. 1.76, 1.79 മീറ്ററുകള്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ക്ലിയര്‍ ചെയ്ത് പൂജ ഫൈനലിലേക്ക് മുന്നേറി.
🔹രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എന്റർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ ടീസർ റിലീസ് ചെയ്തു. ചിത്രം സെപ്റ്റംബർ നാലിന് തിയറ്ററുകളിലെത്തും.
സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജിയും മഹാസുബൈറും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ ‘ബ്ലാക്കിൽ’ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായി സൂപ്പർ താരം അതിഥി വേഷത്തിലെത്തുന്നു. ടീസറിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രമണിഞ്ഞ് കൈയിൽ തോക്കുമായി നടന്നുനീങ്ങുന്ന കാരിക്കാമുറി ഷൺമുഖനെ കാണാം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസ്പേർസ് – അതുൽ പ്രേം, സൈനുദ്ദീൻ. ഉദയ്കൃഷ്ണയാണ് രചന നിർവഹിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം.അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് വർമ്മയും, അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.
ഗാനങ്ങൾ – ഷിബു ചക്രവർത്തി, സംഗീതം – ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ, ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്. കലാസംവിധാനം – സാബു റാം.
🔹ആർഷം മൂവീസിന്റെ ബാനറിൽ മധുമൊഴി സിനിമ സെപ്റ്റംമ്പറോടു കൂടി തിയേറ്ററുകളിൽ. വിക്രമൻ നമ്പൂതിരി കഥയും സംവിധാനവും നിർവഹിച്ച്, രവി പർണശാല തിരക്കഥ സംഭാഷണം തയാറാക്കിയ ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങളാണ് വേഷമിട്ടിരിക്കുന്നത്.വയനാട്ടിലെ വള്ളിയൂർക്കാവ് പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ. വയനാട്ടിലും തിരുവനന്തപുരത്തുമായിട്ടാണ് ഷൂട്ടിംഗ് നടന്നത്.ക്യാമറ: രഞ്ജിത്ത് ഓംകാർ, ആർട്ട്: ഹരി പെരിങ്ങമല, മേക്കപ്പ്: സിനിലാൽ, അസോസിയേറ്റ് ഡയറക്ടർ: കിച്ചൂ സുദർശൻ, മ്യൂസിക്: അനു പ്രവീൺ, പാടിയത്: കുമാരപുരം ശ്രീകുമാർ, അനു പ്രവീൺ, മീനു നാരായണൻ. ലിറിക്ക്സ്: ജിജി കലാമന്ദിർ.അഭിനയിച്ചവർ, സേതുസാഗർ, അപർണ രമേശ്, കലേഷ് കൊല്ലം, പ്രതീഷ് സൂര്യ, ഇന്ദു ചന്ദ്ര. ബിജു കലാവേദി, അതിഥി, പരമേശ്വരൻ കുഴിയാത്തി, പാറശാല വിജയൻ, ആനന്ദ്, ആർച്ച, അരുൺനാഥ് പാലോട്, ശിവമുരളി, അനിൽ വർഗീസ്, 30 ഓളം ആദിവാസികളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
💦 ഗുരുജിയുടെ വാക്കുകൾ
*****************************
ആരിൽ നിന്നും ഏറെ പ്രതീക്ഷിക്കരുത്, അളവിൽ കൂടുതൽ പരിഗണന പ്രതീക്ഷിച്ച് ലഭിക്കാതെ വരുമ്പോഴുള്ള ദുഃഖം വലുതായിരിക്കും. ഒരു പ്രലോഭനത്തെയും ആർക്കും നിരോധിക്കാനാകില്ല… നേരിടാനും തരണം ചെയ്യാനും മാത്രമേ കഴിയൂ, അതിനാൽ മനസ്സുറപ്പോടെ എന്തും നേരിടുക
ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യങ്ങൾ
********************************************************************
ഓഗസ്റ്റ് 9
•ക്വിറ്റ് ഇന്ത്യ ദിനം (ഓഗസ്റ്റ് ക്രാന്തി ദിനം):ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഏടുകളിൽ ഒന്നാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം.1942 ഓഗസ്റ്റ് 8-ന് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് മഹാത്മാഗാന്ധി ബ്രിട്ടീഷുകാർക്കെതിരെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ (Do or Die) എന്ന ആഹ്വാനത്തോടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.പ്രസ്ഥാനത്തിന്റെ ഔദ്യോഗിക തുടക്കവും പ്രമുഖ നേതാക്കളുടെ അറസ്റ്റും നടന്നത് ഓഗസ്റ്റ് 9-ന് ആയതിനാൽ, ഈ ദിവസം രാജ്യവ്യാപകമായി ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ചെയ്യുന്നു.
•നാഗസാക്കി ദിനം (Nagasaki Day):ലോകത്തിന് ആണവായുധങ്ങളുടെ ഭീകരത ഓർമ്മിപ്പിക്കുന്ന ഒരു കറുത്ത ദിനമാണിത്.രണ്ടാം ലോകമഹായുദ്ധകാലത്ത്, 1945 ഓഗസ്റ്റ് 6-ലെ ഹിരോഷിമ ആക്രമണത്തിന് കൃത്യം മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 9-ന് അമേരിക്ക ജപ്പാനിലെ നാഗസാക്കി നഗരത്തിൽ രണ്ടാമത്തെ ആറ്റോമിക് ബോംബായ ‘ഫാറ്റ് മാൻ’ (Fat Man) വർഷിച്ചു.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകളെ ഓർമ്മിക്കുന്നതിനും, ആഗോള സമാധാനവും ആണവ നിരോധനവും മുൻനിർത്തിയും നാഗസാക്കി ദിനം ലോകമെമ്പാടും ആചരിക്കുന്നു.
•അന്താരാഷ്ട്ര തദ്ദേശജനതാ ദിനം (International Day of the World’s Indigenous Peoples):ലോകമെമ്പാടുമുള്ള ഗോത്രവർഗ്ഗക്കാരുടെയും തദ്ദേശീയ സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭ (UN) പ്രഖ്യാപിച്ച ദിനമാണിത്.തദ്ദേശീയ ജനതയുടെ സംസ്കാരം, ഭാഷ, അവകാശങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിൽ അവർ നൽകുന്ന സംഭാവനകളെ ആദരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കേരളത്തിലും ഈ ദിവസം ഔദ്യോഗികമായി തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കാറുണ്ട്.
•ദേശീയ പുസ്തകപ്രേമി ദിനം (National Book Lovers Day):വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തകങ്ങളോടുള്ള സ്നേഹം പങ്കുവെക്കുന്നതിനുമായി പ്രധാനമായും ഈ ദിവസം പുസ്തകപ്രേമി ദിനമായി ആചരിക്കുന്നു.



