Saturday, August 22, 2026
Homeഅമേരിക്കതിരികെ വരാത്ത ആ ഓണം (ഓർമ്മകുറിപ്പ്) ✍ സുജിത് S. S. ഭരതന്നൂർ, തിരുവനന്തപുരം.

തിരികെ വരാത്ത ആ ഓണം (ഓർമ്മകുറിപ്പ്) ✍ സുജിത് S. S. ഭരതന്നൂർ, തിരുവനന്തപുരം.

ഇന്നത്തെ ഓണാഘോഷങ്ങളിൽ നിന്ന് അൽപ്പം മാറിനിന്ന്, എന്റെ ഓർമ്മയിൽ ഇന്നും വാടാതെ നിൽക്കുന്ന ആ പഴയ ഓണത്തെ, ഒരിക്കൽ കൂടി മനസ്സിന്റെ മുറ്റത്ത് പൂക്കളമിടുകയാണ്.

ഇന്നത്തെ തലമുറയ്ക്ക് കഥകളിലൂടെ മാത്രം പരിചയപ്പെടാൻ കഴിയുന്ന, നമ്മുടെയൊക്കെ കുഞ്ഞുന്നാളുകളിൽ നാട്ടിൻപുറങ്ങൾ ആഘോഷിച്ചിരുന്ന ഓണം!

എന്റെ ഓർമ്മയിലെ ആദ്യത്തെ ഓണം അച്ഛൻ നാട്ടിലില്ലാത്ത കാലത്താണ്. അമ്മയും ഞാനും അനിയത്തിയും മാത്രം. വീടും പറമ്പും വൃത്തിയാക്കുന്ന തിരക്കിനിടയിലും കുറുമ്പുകാട്ടുന്ന എന്നെ ഓടിക്കാനും തല്ലാനും, പിന്നെ ചേർത്തുപിടിക്കാനും അമ്മയ്ക്ക് സമയം കണ്ടെത്തണം.

മുറ്റത്ത് നെല്ലും മുളകും മല്ലിയും മഞ്ഞളുമൊക്കെ ഉണക്കാനിടും. അവയെ പക്ഷികളിൽ നിന്ന് കാക്കേണ്ട ചുമതല എന്റേത്; പക്ഷേ കൂട്ടുകാരുടെ വിളി കേട്ടാൽ ഞാൻ മുങ്ങും! വൈകുന്നേരങ്ങളിൽ അമ്മിക്കല്ലിൽ ചെറുപയർ ഒതുക്കുന്ന അമ്മ, മുളകും മല്ലിയും വറുക്കുന്ന അമ്മ, പിന്നെ അതൊക്കെ തലയിൽ ചുമന്ന് മില്ലിലേക്ക്.
റേഷൻ കടയിലേക്കും യാത്രയുണ്ടാകും. കൂലിയായി നാരങ്ങാമിഠായി, ഗ്യാസ്മിഠായി, കപ്പലണ്ടിമിഠായി. അന്ന് അതായിരുന്നു വലിയ പ്രതിഫലം.

അത്തം ഒന്നിന് മുറ്റത്ത് ചാണകം മെഴുകി, നടുവിൽ കുഞ്ഞുണ്ട ചാണകം വെച്ച് ചുറ്റും പൂക്കൾ. ആദ്യ ദിവസം ഒരു പൂ; പിന്നെ ഓരോ ദിവസവും പൂക്കളുടെ എണ്ണം കൂടും. സ്വന്തം പറമ്പിലെ പൂക്കൾ കഴിഞ്ഞാൽ അടുത്ത വീട്ടിലേക്ക്. കൂട്ടുകാരോടൊപ്പം പൂക്കൾ തേടിയുള്ള ആ ഓട്ടം തന്നെ ഒരു ഹരമായിരുന്നു .

ഉത്രാടച്ചന്ത ഒരു ചെറിയ ഉത്സവം തന്നെയായിരുന്നു. വീട്ടിൽ അച്ചപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, മുറുക്ക്, വെട്ടുകേക്ക്, ആലങ്ങാ, അവലോസുപൊടി, ഉരയപ്പം എന്നിവയുടെ മണം. ഉത്രാടത്തിന് തന്നെ വാഴയിലയും തേങ്ങയും ഒരുക്കും. കാരണം തിരുവോണത്തിന് ഇല വെട്ടരുത്, പൂ നുള്ളരുത്, തേങ്ങ പൊട്ടിക്കരുത്, സങ്കടപ്പെടരുത് എന്നായിരുന്നു വിശ്വാസം. തിരുവോണദിവസം എല്ലാവരും സന്തോഷത്തോടെ ഇരിക്കണം.

തിരുവോണപ്പുലരിയിൽ അത്തത്തറ ചാണകം മെഴുകി പത്ത് തരം പൂക്കൾ കൊണ്ട് പൂക്കളം തീർക്കും. പുതിയ വസ്ത്രം ധരിച്ച് അനിയത്തിയെയും കൂട്ടി അച്ഛന്റെ കുടുംബവീട്ടിലേക്ക്. അച്ഛമ്മ ഓണക്കോടിയും ഓണപ്പന്തും കുപ്പിവളയും മുത്തുമാലയുമായി കാത്തിരിക്കും. പിന്നെ അപ്പച്ചിമാരുടെ വീടുകൾ.

സദ്യ കഴിഞ്ഞാൽ നാട്ടിലെ ഓണക്കളിസ്ഥലത്തേക്ക്. ബിസ്കറ്റ് കടി, വെള്ളം നിറയ്ക്കുന്ന ഓട്ടം, പന്തുകളി, തവളച്ചാട്ടം, ചാക്കിലോട്ടം, ഉറിയടി, വടംവലി, പാട്ടുമത്സരം… എല്ലാവരും പങ്കെടുക്കും. സമ്മാനങ്ങൾ —പേന, ട്രോഫി, സ്റ്റീൽ പാത്രം, സോപ്പുപെട്ടി. ഒരു പേന കിട്ടിയാൽ പോലും അന്നത്തെ വലിയ വിജയമായിരുന്നു.

രാത്രിയാകുമ്പോൾ വാടകയ്ക്ക് കൊണ്ടുവന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിയിൽ സിനിമ. രണ്ടോ മൂന്നോ സിനിമകൾ. ഒരു ഗ്രാമം തന്നെ കാണാൻ കൂടും. സിനിമ കഴിഞ്ഞ് മടങ്ങുമ്പോഴേക്കും നേരം പുലരും. എന്നിട്ടും ഓണം തീരില്ല; പിറ്റേന്നും ബന്ധുവീടുകളിലേക്കുള്ള യാത്രകളും സ്നേഹവിരുന്നുകളും.

ഒടുവിൽ ഇരുപത്തിയെട്ടാം ഓണം. വീട്ടിൽ വീണ്ടും സദ്യ. കൊയ്ത്തുകഴിഞ്ഞ് വെള്ളം നിറഞ്ഞ പാടങ്ങളിൽ മരവടിമത്സരം—ജെല്ലിക്കെട്ട്. അതും കണ്ടാണ് ഓണം അവസാനിക്കുന്നത്.

ഇന്നും ഓണം വരുന്നു. പൂക്കളവും ഓണക്കോടിയും സദ്യയും എല്ലാമുണ്ട്. പക്ഷേ സദ്യ കടയിൽ നിന്ന് എത്തുന്നു, പൂക്കളം വാങ്ങിക്കൊണ്ടുവരുന്നു, ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. അന്ന് ഓണം മുറ്റത്തും പറമ്പിലും അയൽവീടുകളിലും അമ്മയുടെ അടുക്കളയിലെ മണത്തിലും അച്ഛമ്മയുടെ കാത്തിരിപ്പിലുമായിരുന്നു.

ഇന്ന് നമ്മൾ ഓണം ആഘോഷിക്കുന്നു; അന്ന് ഓണം നമ്മൾ ജീവിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഓരോ ഓണക്കാലത്തും മനസ്സിന്റെ വാതിൽ തുറക്കുമ്പോൾ, തിരികെ വരാത്ത ആ കാലം വീണ്ടും ഓർമ്മയിൽ പൂക്കും—നമ്മുടെ ബാല്യത്തിന്റെ ഏറ്റവും മധുരമുള്ള ഓർമ്മയായി. ❤️

സുജിത് S. S. ഭരതന്നൂർ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ