മാവേലിയെത്തുന്നൊരോണക്കാലം
വീണ്ടുമീ ചിങ്ങത്തിൽ
വന്നെത്തുമ്പോൾ.
ഊഞ്ഞാലിലാടണം പൂക്കളമിടണം
തുമ്പിതുള്ളാൻ വായോ കൂട്ടുകാരേ.
സദ്യയൊരുക്കുവാനൊത്തുചേരാം
കൂട്ടത്തിലിരുന്നു കഥ പറയാം.
തൂശനിലയോ ഇന്നേ വെട്ടിവെക്കാം
നല്ല വാഴപ്പഴവും പാകമായി.
അപ്പൂപ്പനമ്മൂമ്മ സ്വന്തക്കാരെ
ഒന്നു പോയ്ക്കണ്ടീടാം ഓണമല്ലേ.
എല്ലാർക്കുമായി നാം വാങ്ങിയല്ലോ
നല്ല കസവുതിളങ്ങും ഓണക്കോടി.
പായസമില്ലാതെ സദ്യയുണ്ടോ
പപ്പടം കാച്ചുവാനെന്തൊരിഷ്ടം.
തോരനവിയൽ പുളിശ്ശേരി സാമ്പാറും
ഇഞ്ചിക്കറിയ്ക്കു സമമാകുമോ?
ഉത്രാടരാവും പൂനിലാവും
മാടിവിളിച്ചു പറമ്പിൽ നീളെ.
“വീരവിരാട കുമാര വിഭോ”യെന്നു
പാൽനിലാവെട്ടത്തിൽ ആടിപ്പാടാം.
ഓർമ്മയിൽ എന്നും
തുളുമ്പിനിൽക്കാൻ
ഒന്നിച്ചാഘോഷിക്കാം ഈ ഓണനാൾ.
ഓരോരോ വർഷങ്ങൾ പോകെപ്പോകെ
ഓണത്തിൻ മാധുര്യം ഏറുന്നല്ലോ.



