പാലാ നഗരസഭാ ഭരണം പൊളിച്ച കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഭിന്നത. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ വിമത പക്ഷത്തിനൊപ്പം നിന്ന ലിസിക്കുട്ടി മാത്യുവാണ് തിരികെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നത്. മായാ രാഹുലിനെ ചെയര്‍പേഴ്‌സണാക്കുന്നതിലെ വിമുഖതയാണെന്നും ഇതിന് കാരണമായി പറയപ്പെടുന്നു.
എല്‍ഡിഎഫ് നിര്‍ദേശിച്ച ആള്‍ക്ക് വോട്ട് ചെയ്യാനാവില്ലെന്നാണ് ലിസിക്കുട്ടിയുടെ നിലപാട്. താന്‍ കോണ്‍ഗ്രസുകാരിയാണെന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ലിസിക്കുട്ടി ഇപ്പോള്‍ പറയുന്നത്.
നേരത്തെ എല്‍ഡിഎഫിന് പിന്തുണ നല്‍കി അവിശ്വാസ പ്രമേയം പാസാക്കിയവരില്‍ ഒരാളായിരുന്നു ലിസിക്കുട്ടി. പാര്‍ട്ടി നല്കിയ വിപ്പ് കൈപ്പറ്റാതെയാണ് നിര്‍ദേശം ലംഘിച്ച് വോട്ട് ചെയ്ത് ദിയ ബിനുവിനെ പുറത്താക്കിയത്. ജനങ്ങളെ വഞ്ചിക്കാന്‍ താനില്ലെന്നും കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നുമാണ് ഇപ്പോള്‍ ലിസിക്കുട്ടി വ്യക്തമാക്കുന്നത്.
ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മായാ രാഹുലിന് ആദ്യ ടേം നല്‍കുന്നതിലെ വ്യവസ്ഥയോട് ലിസിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍ ഈ സംഭവവികാസങ്ങള്‍ വിമതര്‍ക്കും എല്‍ഡിഎഫിനും ഒരുപോലെ വെല്ലുവിളിയായിരിക്കുകയാണ്.
19-ാം തീയതിയാണ് പുതിയ ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് വിമത കൗണ്‍സിലര്‍മാര്‍ക്കിടയിലുണ്ടായ ഭിന്നത കാരണം ഭരണത്തെച്ചൊല്ലി വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. നേരത്തെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞിരുന്നെങ്കിലും,
നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.
ഈ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസ് വിട്ടുപോയ വിമതര്‍ക്കിടയിലുണ്ടായ പൊട്ടിത്തെറി യുഡിഎഫ് എങ്ങനെ മുതലെടുക്കും എന്നതും ശ്രദ്ദേയമാണ്.



