പോലീസിൽ രക്ഷപെടാൻ കൈവശമുണ്ടായിരുന്ന രാസലഹരി വിഴുങ്ങിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ തൈപ്പറമ്പില്‍ ടോണി സാബു (23) ആണ് ലഹരിമരുന്ന് വിഴുങ്ങിയത്. മൂവാറ്റുപുഴയില്‍ പോലീസ് നടത്തിയ പതിവ് പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം.
മൂവാറ്റുപുഴ പോലീസ് സംഘം സംശയകരമായ സാഹചര്യത്തില്‍ ടോണിയെ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിച്ചു. പോലീസിനെ കണ്ടതോടെ പരിഭ്രാന്തനായ ഇയാള്‍ കൈവശമുണ്ടായിരുന്ന രാസലഹരി (MDMA എന്ന് സംശയിക്കുന്നു) പോലീസിന്റെ കണ്ണുവെട്ടിച്ച് വിഴുങ്ങുകയായിരുന്നു. ലഹരിമരുന്ന് ശരീരത്തിനുള്ളില്‍ എത്തിയതോടെ മിനിറ്റുകള്‍ക്കകം ഇയാള്‍ അവശനായി വീണു.
യുവാവ് ലഹരിമരുന്ന് വിഴുങ്ങിയെന്ന് മനസ്സിലാക്കിയ പോലീസ് ഉടൻ തന്നെ ഇയാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഇയാള്‍ നിരീക്ഷണത്തിലാണ്.



