ഫിലഡൽഫിയ: ഫിലഡൽഫിയ മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന, കേരളക്കരയുടെ നൊസ്റ്റാജിക്ക് ഫീൽ സമ്മാനിക്കുന്ന, ഫിലഡൽഫിയ മലയാളികളുടെ ആദ്യകാല അഭിമാന സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ഓണാഘോഷം ഇതാ നാളെ…. ഫിലഡൽഫിയ സെന്റ് തോമസ് ഫെറോനാ പള്ളിയുടെ അതിവിശാലാമായ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.
ട്രൈസ്റ്റേറ്റ് ഏരിയയിലെ മികവുറ്റ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട്, കേരളത്തിലെ എല്ലാ ജില്ലകളിലെയും കലാരൂപങ്ങൾ സ്റ്റേജിൽ അരങ്ങേറുമ്പോൾ കാണികൾക്കത് ഓർമ്മയുടെ ചെപ്പിൽ എക്കാലവും സൂക്ഷിക്കുവാൻ കഴിയുന്ന ഒരു പുത്തൻ അനുഭവമായി മാറും എന്നതിൽ യാതൊരു സംശയമില്ല എന്ന് ഓണാഘോഷം ചെയർമാൻ ശ്രീജിത്ത് കോമത്ത് മലയാളി മനസ്സിനോട് പറഞ്ഞു. മാസങ്ങൾ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഓണാഘോഷം ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും ശ്രീജിത്ത് കോമത്ത് കൂട്ടിച്ചേർത്തു.

എല്ലാം ജില്ലകളിലെയും തനത് കലാരൂപങ്ങൾ കൂടാതെ, മെഗാ തിരുവാതിര, അതിമനോഹരമായ അത്തപ്പൂക്കളം, താളമേളങ്ങളുടെ അകമ്പടിയോടുകൂടി വമ്പൻ ഘോഷയാത്ര, മാവേലി മന്നന്റെ എഴുന്നള്ളത്ത്, വിവിധ ഡാൻസ് സ്‌കൂളുകൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, സ്‌കിറ്റുകൾ.. എന്നിവയ്‌ക്കൊപ്പം, ‘ആയിരങ്ങളുടെ വയറും, മനവും നിറയ്ക്കുന്ന, ഓണം സദ്യ നിങ്ങൾക്കായി ഒരുക്കുന്നത്, കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് ഇന്ത്യൻ വിഭവ രുചിഭേദങ്ങൾ നിറയ്ക്കുന്ന, രുചിഭേദങ്ങൾ സമ്മാനിക്കുന്ന കേരളാ സ്റ്റൈൽ രുചിക്കൂട്ടുകളുടെ സുൽത്താന്മാരായ ‘പെപ്പർ പാലസ്’ ഫിലാഡൽഫിയ . എല്ലാംകൂടി ഉത്സവപ്രതീതിയിൽ മിന്നിത്തിളങ്ങുമെന്നതിൽ സംശയമില്ലായെന്നും, മാപ്പിൻ്റെ എല്ലാ കമ്മറ്റി അംഗങ്ങളും ഒത്തൊരുമിച്ച് ഒരു മനമോടെ, മാസങ്ങളായി പരിശ്രമിക്കുന്നതിന്റെ ഫലമായാണ് ഇത്രയും ഭംഗിയായി ഒരുക്കങ്ങൾ പൂർത്തിയാകുവാൻ സാധിച്ചത് എന്ന് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ ഏറെ ആത്മാഭിമാനത്തോടെ പറഞ്ഞു.

ഏതൊരു പരിപാടിയുടെയും നടത്തിപ്പിനും, വിജയത്തിനും സാമ്പത്തികം ഒരു പ്രധാന ഘടകമാണ്. അതിനായി നിരവധി സ്പോൺസർമാരുടെ ആത്മാർത്ഥ സഹകരണം പൂർണ്ണമായി ലഭിച്ചത് ഏറെ പ്രയോജനപ്രദമായി എന്നും, അവരെ നന്ദിപൂർവ്വം സ്മരിക്കുന്നതായും ബെൻസൺ വർഗീസ് പണിക്കർ, ജനറൽ സെക്രട്ടറി ലിജോ ജോർജ്ജ്, ട്രഷറാർ സാജൻ എന്നിവർ പ്രത്യേകം എടുത്തുപറഞ്ഞു.
ഫിലഡൽഫിയ ഏരിയയിലെ എല്ലാ ഡാൻസ് സ്കൂളുകളും മാപ്പ് ഓണം പ്രോഗ്രാമിനായി നിരവധി നാളുകളായി ആയി പ്രാക്ടീസ് ചെയുന്നു. മാപ്പിന്റ എല്ലാ മെംബേഴ്‌സും, അവരുടെ ഫാമിലിയും പലവിധ കലാപരിപാടികൾ അരങ്ങിൽ അവതരിപ്പിക്കുവാൻ തയ്യാറായി മുന്നോട്ടുവന്നു എന്നുള്ളത് തികച്ചും ആവേശം പകരുന്നു എന്ന് ജനറൽ സെക്രട്ടറി ലിജോ ജോർജ്ജ് വളരെ സംതൃപ്തിയോട് പറഞ്ഞു. മാപ്പ് സീനിയർ മെമ്പർ ജോൺസൺ മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫുഡ് കമ്മിറ്റി വളരെ ഉത്സാഹത്തോടെ പ്രവർത്തിച്ച് എല്ലാവിധ ക്രമീകരണങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു.

നാളെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ വൻ വിജയത്തിനായി ഫിലഡൽഫിയയിലും, പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും കുടുംബസമേതം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മാപ്പ് കുടുംബാംഗങ്ങൾ അറിയിച്ചു.



