മാതേരു വെച്ച മുറ്റത്ത് ഓണം തപ്പുകൊട്ടിക്കളിച്ചു. എത്ര പെട്ടെന്നാ കുറുക്കൻപൊറ്റയിലെ മൂന്നു കളമുറം ചെമ്മണ്ണ് മാതേരായി രൂപം കൊണ്ടത്. ഒക്കെ പുറംപണിക്കു വരാറുള്ള സരോജിനിയുടെ കരവിരുതുതന്നെ. സരോജിനിക്ക് തരാതരം പോലെ പറഞ്ഞു കൊടുത്തുകൊണ്ട് മുത്തശ്ശി അരികുകോലായിൽ ഇരുന്നു.
മുത്തശ്ശിയെപ്പറ്റിക്കൊണ്ട് സൗമ്യമോളും മാതേരുണ്ടാക്കുന്നത് കൗതുകത്തോടെ കണ്ടു.
സൗമ്യമോൾക്ക് മാതേര് ഒരു കൗതുകം തന്നെയായിരുന്നു. ഹൈദരബാദിൽനിന്ന് അച്ഛനുമമ്മയുമോടൊപ്പം അവൾ ഇന്നലെയാണ് വന്നത്. അവൾക്ക് രണ്ടു വർഷം മുമ്പുള്ള ഓണം മുതൽക്കേ ഓർമയുള്ളു. വലിയമ്മയും വലിയച്ഛനും ഏട്ടന്മാരും ചോദിക്കുന്ന പൊന്നാര ചോദ്യങ്ങൾ. ഓണപ്പുടവയായി കിട്ടുന്ന പുത്തൻ ഉടുപ്പുകൾ. പഴനുറുക്കും ശർക്കര ഉപ്പേരിയും നാക്കിലയിൽ വിളമ്പുന്ന സദ്യയും പായസവും. ഇല നിറയെ വിഭവങ്ങൾ.
ഊണ് കഴിഞ്ഞ് മാവിൻ കൊമ്പത്ത് കെട്ടിയ ഊഞ്ഞാലിൽ ആട്ടം. കളി. തിരക്ക് കഴിഞ്ഞാൽ മാവേലയുടെ കഥ പറഞ്ഞും ഓണപ്പാട്ടു പാടിത്തന്നും രസിപ്പിക്കുന്ന മുത്തശ്ശി.മുത്തശ്ശിയുടെ വീട്ടിലെ ഓണം രസം തന്നെ.
ഇക്കുറി മുത്തശ്ശിയാണ് മാതേരിന്റെ കാര്യം പറഞ്ഞത്. കുറച്ചു വർഷങ്ങളായി വീട്ടുമുറ്റത്ത് മാതേര് വെയ്ക്കാറില്ല. മരം കൊണ്ടുണ്ടാക്കിയ മാതേര് കടയിൽ വാങ്ങാൻ കിട്ടും. മണ്ണ് കുഴച്ച് തേച്ച് പിടിപ്പിച്ച് മുറ്റത്ത് വെച്ചാൽ മതി. പണി എളുപ്പം. മുത്തശ്ശിക്കത് ഇഷ്ടമല്ല. മണ്ണുകൊണ്ടു വേണം മാതേരുണ്ടാക്കാൻ. സർവ്വസമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഉറവിടം മണ്ണാണ്.
ഇക്കാലത്ത് ഇഴുക്കമുള്ള മണ്ണ് കിളച്ചു കൊണ്ടുവന്ന് മാതേരുണ്ടാക്കാൻ ആളു വേണ്ടേ ? വയ്ക്കുന്ന കാലത്ത് മുത്തശ്ശി തന്നത്താൻ എല്ലാം ചെയ്തിരുന്നു. ഇനി വയ്യ. വയസ്സ് എൺപതു കഴിഞ്ഞു.
മുത്തശ്ശിയുടെ മാതേര് വിശേഷങ്ങൾ കേട്ടപ്പോൾ സൗമ്യമോൾ വാശി പിടിച്ചു.
“ഈ ഓണത്തിന് മുറ്റത്ത് മാതേര് വെയ്ക്കണം.”
“മാതേരുണ്ടാക്കിത്തരാൻ സരോജിനിയോട് പറയാം. കൂലി കൊടുത്താൽ അവൾ ചെയ്യും. മാതേരിന് ചൂടാൻ പട്ടക്കുട വേണം.
പട്ടക്കുട കിട്ടാനില്ല”
മുത്തശ്ശി നിരുത്സാഹപ്പെടുത്തി.
“പാം ലീഫ് അംബർലാ നിർബന്ധല്യ മുത്തശ്ശീ. നമുക്ക് അമ്മയുടെ ത്രീഫോൾഡ് അംബർല എടുക്കാം. ”
സൗമ്യമോൾ വിട്ടില്ല.
മുത്തശ്ശി സരോജിനിയെ വിളിച്ചു വരുത്തി.
“നീയൊന്ന് സഹായിക്ക്. നിനക്ക് എന്താ വേണ്ട് ച്ചാൽ തരാ.. കുട്ടീടെ ആഗ്രഹല്ലേ? അവൾ മാതേര് വെപ്പൊന്നും കണ്ടിട്ടില്ലല്ലൊ. ഉണ്ടാക്കേണ്ട വിധോക്കെ ഞാൻ പറഞ്ഞു തരാ.”
മനസ്സില്ലാമനസ്സോടെ സരോജിനി സമ്മതിച്ചു.
“താങ്ക് യൂ സരോ ആന്റീ ”
സൗമ്യമോൾ തുള്ളിച്ചാടി.
മുത്തശ്ശിയുടെ നിർദ്ദേശപ്രകാരം സരോജിനി മാതേര് ഉണ്ടാക്കി.
തറവാട്ടിലെ മറ്റം ടൈൽസ് ഇടാത്തതാണ്. ചാണകം മെഴുകിയ നടുമുറ്റത്ത് സരോജിനി കൊഴുപ്പിച്ച മാവുകൊണ്ട് ചന്തത്തിൽ അണിഞ്ഞു. തേച്ചു കഴുകിയ മരപീഠത്തിൽ നാക്കില വെച്ച് മാതേരി നെ പ്രതിഷ്ഠയിരുത്തി. പുന്നെല്ലിന്റെ ചോറും അടയും അവിലും മലരും പഴവും വെച്ച് പൂജിക്കണം.
മാതേരിന് ചൂടാൻ പുരയിടത്തിലെ വേലിയിൽ നിന്ന് ചെമ്പരത്തിപ്പൂ കോളാമ്പിപ്പൂ , അറളിപ്പൂ എന്നിവ സരോജിനി പറിച്ചു കൊണ്ടുവന്നു.
അതു കണ്ട് മുത്തശ്ശി ചിരിച്ചു.
മുത്തശ്ശി സൗമ്യമോളെ മടിയിലിരുത്തി ആടിയാടി പറഞ്ഞു.
നിലവിവിളക്ക് കത്തിച്ച് മത്തൻ പൂ
കുഞ്ഞോലക്കിണ്ണം പിടിച്ച് കുമ്പളപ്പൂ ഊഞ്ഞാലാടും വള്ളിച്ചെമ്പരത്തി
കാശിക്ക് പോക്ക് മാറ്റി വെച്ച് കാശിത്തുമ്പ
മുത്തുകളും തൊങ്കലുകളുമിളക്കി
കൃഷ്ണകിരീടം
മഞ്ഞപ്പട്ടുടുപ്പിക്കാൻ മഞ്ഞരളിപ്പൂ .
പൂക്കളണിഞ്ഞ് മാതേര് വിളങ്ങി.
മുറ്റത്ത് ഉത്രാട വെയിലിൽ ഓണ തുമ്പികൾ തൊടാനാട്ടിക്കളിച്ചു.
നാളെയാണ് തിരുവോണം.
“ഇനി മോൾ പോയി കളിച്ചോ. മുത്തശ്ശിക്ക് അകത്തിത്തിരി പണീണ്ട്. ”
മുത്തശ്ശി കൂന്ന് കൂന്ന് നടന്ന് അകായിലേക്ക് പോയി.
മുത്തശ്ശിക്ക് ക്ഷീണം തോന്നി കിടക്കാനാവും. അല്ലാതെ അകായിലിപ്പൊ ന്താ ഒരു പണി?
സൗമ്യമോൾ ചുറ്റും നോക്കി. ആരെയും കാണാനില്ല. ഈ അയലോക്കത്തൊന്നും കുട്ടികളില്ലേ? അതോ ആരും പുറത്തിറങ്ങാതെ വാട്ട്സാപും തോണ്ടിയിരിക്യാണോ ?
സൗമ്യമോൾ പതുക്കെ തൊടിയിലൂടെ നടന്നു. തൊടി അവസാനിക്കുന്നിടത്ത് നെൽപ്പാടം തുടങ്ങുന്നു. എങ്ങും പച്ചപ്പിന്റെ കുളിർമ. തൊടിയിലെ പൂക്കളിലെ തേൻ തേടി പൂമ്പാറ്റകൾ വട്ടമിട്ട് പറന്നു. മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് കിളികൾ പറന്നു കളിച്ചു.
മരങ്ങൾക്കിടയിലൂടെ കാണുന്ന നീലാകാശത്ത് വെള്ളരിപ്രാവുകളെപ്പോലെ വെള്ളിമേഘങ്ങൾ നീങ്ങി.
തൊടിയിൽ നിന്ന് സൗമ്യമോൾക്ക് തിരിച്ചുപോകാനേ തോന്നിയില്ല.
കാണാതായാൽ അമ്മ പരിഭ്രമിക്കും. അവൾ തിരിച്ചു നടന്നു.
മുത്തശ്ശി ക്ഷീണം തീർത്തിരിക്കുന്നു. കോലായിൽ മുത്തശ്ശി ഇരിക്കുന്നുണ്ട്.
അവൾ മുത്തശ്ശിയുടെ അടുത്തു കൂടി. മുത്തശ്ശി അവളെ ചേർത്തു പിടിച്ചു.
“നാളെ തിരുവോണം. മുത്തശ്ശി ഒരു കഥ പറയാം. ”
“കിങ് മാവേലിയുടെ സ്റ്റോറിയാണെങ്കിൽ നോ മുത്തശ്ശി. കൊറെ കേട്ടതാ.. മുത്തശ്ശിയോട് ഞാൻ ചോദിക്കാം… എന്തിനാ നമ്മൾ ഓണം ആഘോഷിക്കുന്നത്? സദ്യ ഉണ്ണാനാ ?”
“കാർഷികോത്സവമാണ് ഓണം.
വേനലിന്റെ പൊളളുന്ന ചൂടിനും കർക്കടകമാസത്തെ വിലിയ കഷ്ടപ്പാടിനും ശേഷം പ്രകൃതി മനുഷ്യരെ ഉൽസാഹപ്പെടുത്തുന്ന കാലമാണ് ഓണം.
പുത്തൻ അരിയും പച്ചക്കറികളും കൊണ്ട് ഉണ്ടാക്കുന്ന
സദ്യവട്ടങ്ങൾ നാക്കിലയിൽ വിളമ്പി കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഉണ്ണുന്നതിന്റെ സന്തോഷം വേറെ തന്നെയാണ്.. അന്ന് കുടുംബാംഗങ്ങളൊക്കെ ഒത്തുകൂടണം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എല്ലാവരിലും എത്തിക്കുന്ന ആഘോഷമല്ലേ ഓണം. അത് കുടുംബത്തിൽ നിന്ന് തുടങ്ങണം.
സമത്വ സുന്ദരമായ ഒരു ലോകം സ്വപ്നം കാണുന്നവരാണ് മോളെ , നമ്മൾ. മഹാബലിയാണ് ഈ സ്വപ്നം നമുക്ക് തന്നത്. മഹാബലിയുടെ രാജ്യഭരണം എങ്ങനെയായിരുന്നൂന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന പാട്ട് മോള് കേട്ടിട്ടുണ്ടോ? ഉണ്ടാവും. ”
മാവേലി നാടു വാണീടും കാലം
മാനുഷല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും.
മുത്തശ്ശി നീട്ടി പാടി.
“മാനുഷരെല്ലാരുമൊന്നുപോലെയുള്ള ലോകം അതിസുന്ദരമാണ് മോളേ.. വെറുപ്പും കലഹോം യുദ്ധോം ഒന്നുണ്ടാവില്ല. ”
സൗമ്യമാളുടെ സംശയത്തിന് മുത്തശ്ശി മറുപടി പറഞ്ഞ് നിർത്തി.
സൗമ്യമോൾ അതൊക്കെ കേട്ടു. എന്തൊക്കെയോ മനസ്സിലായി.
സൗമ്യമോൾ എഴുന്നേറ്റു.
കളിക്കാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ….
അങ്ങനെ ആലോചിച്ച് നിൽക്കെ , മുറ്റത്ത് ഒരു കാറ് വന്നു നിന്നു.
കാറിൽ നിന്നും സൗമ്യമോളുടെ അച്ഛനും അമ്മയും ഇറങ്ങി വന്നു.
അവർ ഓണപ്പുടവ എടുക്കാൻ പോയതാണ്.
“മുത്തശ്ശിക്ക് ഓണപ്പുടവ എടുത്ത്വോ അച്ഛാ ?”
സൗമ്യമോൾ അച്ഛന്റെ കൈയിലേക്ക് നോക്കി.
അമ്മ അച്ഛന്റെ മുഖത്തേക്ക് നോക്കി.
അമ്മ മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങി. അവരുടെ തോളിൽ മൃദുമായി അമർത്തി ഒരബദ്ധം പറ്റിയ പോലെ പറഞ്ഞു
“അമ്മേ, ഓണം പ്രമാണിച്ച് സ്വർണനാണയം വാങ്ങുമ്പോൾ നല്ല ഡിസ്കൗണ്ടുണ്ട് എന്ന പരസ്യം കണ്ടു. അപ്പൊ സൗമ്യമോൾടെ കാര്യം ഓർമ്മ വന്നു. ഇപ്പൊ വാങ്ങിയാൽ നല്ല ലാഭാന്നാ പറയണ്. രണ്ടു നാണയം വാങ്ങി. അപ്പോഴെക്കും ന്റെ കാർഡിലുണ്ടായിരുന്ന കാശ് മുഴുവൻ തീർന്നു.
അമ്മയുടെ ഓണപ്പുടവ……”
അമ്മ മുഴുമിക്കാതെ നിർത്തി.
“സാരംല്യ കുട്ട്യേ, ഇനിയും ഓണമുണ്ടല്ലോ? ”
മുത്തശ്ശി ചിരിച്ചു.
സൗമ്യമോൾടെ അച്ഛൻ മുത്തശ്ശിയുടെ കാതിൽ രഹസ്യമായി പറഞ്ഞു.
“ഇരുപതു കൂട്ടം വിഭവങ്ങളും മൂന്നുതരം പ്രഥമനും ണ്ടാവും നാളത്തെ സദ്യക്ക്. ഒക്കെ ഏൽപ്പിച്ചിട്ടുണ്ട്. നമുക്ക് ഗംഭീരാക്കണം ”
അതിനും മുത്തശ്ശി ചിരിച്ചു.
സൗമ്യമോൾ മാത്രം സങ്കടപ്പെട്ടു.



