എല്ലാ അതിരുകളും ഭേദിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിക്കുന്നു. ഒരു പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. 1,14,160 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 14,270 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും ഇന്ന് വില കൂടി. ഒരു പവന് 424 രൂപയാണ് കൂടിയത്. 1,24,528 രൂപയാണ് വിപണവില. ഗ്രാമിന് 53 രൂപയാണ് വർധിച്ചത്. 15,566 രൂപയാണ് വിപണിവില.
രണ്ട് മാസം മുൻപുണ്ടായിരുന്ന ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയേക്കുമെന്നാണ് ഈ വിലവർധനവ് സൂചിപ്പിക്കുന്നത്. അവസാനമായി സ്വർണവില 1,14,000ത്തിൽ എത്തിനിന്നത് ജൂൺ മാസത്തിലാണ്. അവിടെനിന്ന് പടിപടിയായി സ്വർണവില 1,03,000 വരെ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ കുതിപ്പാണ് സ്വർണവിലയെ ഇപ്പോൾ വീണ്ടും പഴയ ഉയർന്ന നിരക്കിലേക്ക് എത്തിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തോടെ സ്വർണവില 1,30,000 കടന്ന് വീണ്ടും റെക്കോർഡ് ഇടുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ൽ ഒരു പവന് സ്വർണത്തിന്റെ വില എത്രയായിരിക്കുമെന്ന്? 1947 ല് രാജ്യത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 8.86 രൂപമാത്രമായിരുന്നു. അതായത് പവന് 70 രൂപയോളം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും റിസർവ് ബാങ്കിന്റെയും കണക്കുകൾ പ്രകാരം 1947-ൽ 88.62 രൂപയായിരുന്ന 10 ഗ്രാം സ്വർണവില 2026 ഓഗസ്റ്റ് 14-ഓടെ 1,51,594.68 രൂപയായി ഉയർന്നു. അതായത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള 79 വർഷങ്ങൾക്കിടയിൽ സ്വർണവിലയിൽ ഉണ്ടായത് ഏകദേശം 1,711 മടങ്ങിന്റെ വളർച്ചയാണ്.
1947-ൽ ഒരാൾ 1,000 രൂപയ്ക്ക് സ്വർണം വാങ്ങിയിരുന്നെങ്കില് ഇന്നതിന്റെ മൂല്യം ഏകദേശം 17.1 ലക്ഷം രൂപയായി മാറുമായിരുന്നു പ്രതിവർഷം ശരാശരി 9.9 ശതമാനം നിരക്കിലാണ് സ്വർണവില ഉയർന്നത്. എന്നാൽ സ്വർണവിലയുടെ ഈ വളർച്ച എല്ലായ്പ്പോഴും ഒരേ നിരക്കിലായിരുന്നില്ല. 1950-ൽ 10 ഗ്രാമിന് 99.18 രൂപയായിരുന്ന വില 1964 ആയപ്പോഴേക്കും 63.25 രൂപയായി ഇടിഞ്ഞിരുന്നു. പിന്നീട് ഘട്ടംഘട്ടമായി ഉയർന്ന വില 1970-ൽ 184.50 രൂപയിലും 1980-ൽ 1,330 രൂപയിലുമെത്തി.
2000-01 സാമ്പത്തിക വർഷത്തിൽ ശരാശരി 4,473.60 രൂപയായിരുന്ന സ്വർണം 2010-11-ൽ 19,227.08 രൂപയിലേക്കും 2020-21-ൽ 48,723.22 രൂപയിലേക്കും കുതിച്ചു. 2024-25-ൽ ശരാശരി 75,841.87 രൂപയിലെത്തിയ ശേഷമാണ് 2026-ൽ ഒന്നര ലക്ഷം രൂപയെന്ന ചരിത്രനേട്ടം കൈവരിച്ചത്.



