ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതികളിലും പ്രളയത്തിലുമായി 47 ദിവസത്തിനുള്ളിൽ 183 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്.
മേഖലയിൽ 972 കോടിയുടെ നാശനഷ്ടം രേഖപ്പെടുത്തി. അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ ഒഴുക്കിപ്പെട്ട രണ്ട് സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ദിബാങ് മാലി ജില്ലയിലെ പാസുപാനിയിലുണ്ടായ ‘മി ആർമി’ ക്യാമ്പാണ് അപകടത്തിൽപ്പെട്ടത്.
ഉത്തരാഖണ്ഡിൽ വ്യാപകമായ മണ്ണിടിച്ചലിനെ തുടർന്ന് റോഡുകൾ അടച്ചു. ഗതാഗതം പൂർണമായും തടസപ്പെട്ടു. പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.



