കൊച്ചി: പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി നാലരക്കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി പി സി ജോര്‍ജ്. തെരഞ്ഞെടുപ്പ് ഫണ്ട് എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും തെരഞ്ഞെടുപ്പില്‍ നില്‍ക്കില്ലെന്ന് ശപഥം ചെയ്ത തന്നെ മത്സരിക്കാന്‍ നേതൃത്വം നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു.
ബിജെപിയുടെ പ്രധാനപ്പെട്ട രണ്ടുപേരാണ് തന്നോട് 4.45കോടി രൂപ കിട്ടിയെന്നു പറഞ്ഞത്. അതാണ് താന്‍ അവിടെ വേദിയില്‍ പറഞ്ഞത്. പാര്‍ട്ടി നേതൃത്വം ഈ വിഷയത്തില്‍ ബന്ധപ്പെട്ടു.
നാല്പത് ലക്ഷം രൂപ പോലും തനിക്ക് ചെലവായിട്ടില്ല. പാര്‍ട്ടി നേതൃത്വം കണക്ക് കാണിച്ചു. എരുമേലിയില്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നും പി സി ജോര്‍ജ് പറഞ്ഞു.
താന്‍ ബിജെപിയില്‍ ചേര്‍ന്നത് വെറുതെയല്ല. തന്റെ ജീവന് രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസും ബിജെപി പ്രവര്‍ത്തകരുമാണെന്നും പി സി ജോര്‍ജ് പറഞ്ഞു. തന്നെ മുസ്ലിം തീവ്രവാദികള്‍ കൊല്ലാന്‍ വന്നപ്പോള്‍ രണ്ട് പ്രാവശ്യം രക്ഷിച്ചത് ബിജെപിയും ആര്‍എസ്എസുമാണ്. തന്നെ സംരക്ഷിച്ചതിലെ സ്നേഹം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി മാറുന്ന പ്രശ്നം ഉദിക്കുന്നില്ല. തനിക്ക് ഒരു തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയാണ്. അത് മാറുന്ന പ്രശ്നം ഇല്ലെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.
ക്രിസ്ത്യന്‍ വിഭാഗം ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് യുഡിഎഫിന് വോട്ട് ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ബിഷപ്പുമാരും ഒറ്റകെട്ടായി നിന്നു. അതിലാണ് താന്‍ തോറ്റുപോയത്. അല്ലെങ്കില്‍ ജയിക്കുമായിരുന്നു. പാര്‍ട്ടി കമ്മിറ്റിയില്‍ സംസാരിച്ചത് ചാനലുകാര്‍ക്ക് എങ്ങനെയാണ് കിട്ടിയത്. ബിജെപിക്കാര്‍ കൊടുത്തതാവുമെന്ന് കണക്കാക്കുക. തെരഞ്ഞെടുപ്പില്‍ ഭിന്നതയുണ്ടായിരുന്നില്ലെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തില്‍ ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു പി സി ജോര്‍ജിന്റെ തുറന്ന് പറച്ചില്.
പൂഞ്ഞാര്‍ മണ്ഡലത്തിലേക്ക് ബിജെപി നേതൃത്വം നാലരക്കോടി നല്‍കിയെങ്കിലും ഫണ്ടില്‍ തിരിമറി നടന്നുവെന്നാണ് പാര്‍ട്ടി ക്യാമ്പില്‍ പി സി ജോര്‍ജ് പറഞ്ഞത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ തെറ്റിദ്ധാരണകൊണ്ടാണ് മധ്യമേഖല സെക്രട്ടറി സജി കൂരിക്കാട് അടക്കമുള്ളവര്‍ക്കെതിരെ സംസാരിച്ചതെന്ന് വ്യക്തമാക്കി പി സി ജോര്‍ജ് മലക്കം മറിഞ്ഞു.



