ദില്ലി: 80ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി.
ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുത്തൻ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വന്ദേമാതരത്തിന്റെ 150 വർഷത്തെ ചരിത്രപരമായ പാരമ്പര്യം സ്മരിച്ചുകൊണ്ടാണ് ഇത്തവണ ചടങ്ങിൽ ആദ്യമായി വന്ദേമാതരവും രണ്ടാമതായി ദേശീയഗാനവും ആലപിച്ചത്.
2047-ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിൽ യുവശക്തിയുടെ സംഭാവനകൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി.
പതാക ഉയർത്തിയ സമയത്ത് ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. വന്ദേമാതരത്തിന് ശേഷം ദേശീയഗാനവും ആലപിച്ചു. വന്ദേമാതരത്തിന്റെ 150 വർഷത്തെ ചരിത്രപരമായ പാരമ്പര്യം സ്മരിച്ചുകൊണ്ടാണ് ചടങ്ങിലെ ആലാപനക്രമം ഒരുക്കിയത്.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദില്ലിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനനില നിലനിർത്തുന്നതിനായി ദില്ലി പൊലീസും അർധസൈനിക വിഭാഗവും ഉൾപ്പെടെ 25,000-ത്തിലധികം ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ചെങ്കോട്ടയ്ക്ക് ചുറ്റും ബഹുമുഖ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും ആയിരത്തിലധികം സിസിടിവി ക്യാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത വീഡിയോ അനലിറ്റിക്സും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ പ്രത്യേക കൺട്രോൾ റൂമിലിരുന്ന് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ചാണ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും കർശന പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ഭീഷണികളെയോ അടിയന്തര സാഹചര്യങ്ങളെയോ നേരിടുന്നതിനായി പ്രത്യേക ഭീകരവിരുദ്ധ പ്രതികരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സുരക്ഷിതമായി നടത്തുന്നതിനായി ദില്ലിയിലുടനീളം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.



