രാത്രി താമസസ്ഥലത്തേക്കു മടങ്ങുമ്പോളാണ് കടത്തിണ്ണയില്‍ ഒരു പഴഞ്ചാക്ക് കെട്ടു പോലെ ചുരുണ്ടു കൂടിയിരിക്കുന്ന ആ രൂപത്തെ കണ്ടത്.
അയാളപ്പോള്‍ വാരണാസിയില്‍ എത്തിച്ചേര്‍ന്നിട്ട് പത്തൊന്‍പതു മാസമായിരുന്നു.
പത്തൊന്‍പതു മാസങ്ങള്‍കൊണ്ടു നീണ്ടു വളര്‍ന്ന താടിയും മീശയും മുടിയും.
ചിതകളിലെ തീ അണയാതിരിക്കാന്‍ ഗംഗയില്‍ നിന്നും വീശുന്ന കാറ്റില്‍ ആളുന്ന തീയില്‍ താടിരോമങ്ങള്‍ ചുരുണ്ടും കത്തിയും രോമങ്ങള്‍ക്കിടയില്‍ ചിതയിലെ ചാരവും . അതു കണ്ണില്‍ വീണ് കണ്ണു ചുവന്നും .
ചാരവും വിറകിലെ പൊടിയും മണ്ണും പുരണ്ടു നിറം മാറിയ കാവിജുബ്ബയും പാന്‍സും
അയാള്‍ക്കു തന്നെ അയാള്‍ ആരാണ് എന്താണ് എവിടെ നിന്നാണ് എന്നു മനസ്സിലാക്കാന്‍ പറ്റാത്ത രൂപത്തിലായി മാറിപ്പോയിരുന്നു.
രാത്രി ഇടുങ്ങിയ എന്നാലാളൊഴിയാത്ത തെരുവിലൂടെ താമസഥലത്തേക്കു നടന്നു പോകുമ്പോളാണ് ഒരു കരച്ചില്‍ കേള്‍ക്കുന്നത് . ഒരു വയസ്സായ ആളുടെ കരച്ചില്‍ അതും മലയാളത്തില്‍.
ഏതു ദേശത്തും എത്ര തിരക്കിലും അലിഞ്ഞു അലഞ്ഞാലും മാതൃഭാഷ അത് എത്ര നേര്‍ത്ത ശബ്ദത്തില്‍ കേട്ടാലും മനസ്സിലാവും.
ഒന്നു കൂടി ശ്രദ്ധിച്ചു ആരോ ഭഗവാനെ വിളിച്ചു കരയുകയാണ്. കാലുകള്‍ കടത്തിണ്ണയിലെ തുണികെട്ടിനടുത്തേക്ക് എത്തിച്ചു. ഭിത്തിയിലേക്കു മുഖം തിരിച്ച് ചുരുണ്ടു കൂടിക്കിടന്നു കരയുകയാണൊരു വൃദ്ധസ്ത്രീ,
അയാള്‍ പതിയെ മുഖം കുനിച്ചു ആരാണ് എന്തിനാണ് കരയുന്നതെന്നു ചോദിച്ചു.
കേള്‍ക്കാന്‍ കാത്തിരുന്നൊരു ശബ്ദം കേട്ടതുപോലെ ആ പഴന്തുണികെട്ടു
ഞെട്ടിതിരിഞ്ഞു. ഒരു എഴുപത് എഴുപത്തഞ്ചു വയസ്സു വരുന്നൊരു വൃദ്ധ.അവര്‍ ചാടി അയാളുടെ കൈയ്യില്‍ പിടിച്ചു .
മോനേ നീവന്നോ..?
അമ്മ പേടിച്ചു പോയെടാ മക്കളെ…
ഞാനിവിടെ കിടന്നു മരിച്ചു പോകത്തേയുള്ളൂയെന്നാ കരുതിയത്..
അമ്മേ ഞാനമ്മയുദ്ധേശിക്കുന്നയാളല്ല.നിങ്ങള്‍ കരയുന്നതു കേട്ടാണു ഞാനിങ്ങോട്ടു വന്നത്.
അവര്‍ അവശ്വസനീയമായതെന്തോ കേട്ടതുപോലെ കണ്ണുമിഴിച്ചയാളെ നോക്കി.
പിന്നീട് അവര്‍ വലിയ വായില്‍ കരഞ്ഞു. അയാളവരെ താങ്ങിയിരുത്തി. വരാന്തയിലെ തൂണില്‍ ചാരി അയാളിരുന്നു. അരികെ അവരും .
നിലാവിന്‍റെ മങ്ങിയ വെളിച്ചം ഇടുങ്ങിയ തെരുവിനിരുപുറവുമുള്ള പുരാതന കെട്ടിടങ്ങളുടെ നിഴലുകളെ പരസ്പരം ബന്ധിപ്പിച്ചു.
അയാളാവൃദ്ധ ശരീരത്തെ താങ്ങിപ്പിടിച്ചു. അവരുടെ ശരീരം ഏങ്ങലടികളാല്‍ തുള്ളി വിറച്ചു കൊണ്ടിരുന്നു .
രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുന്‍പ് അങ്ങു നാട്ടില്‍ നിന്നും മകനും ഭാര്യയും കുട്ടികളും ഭാര്യാബന്ധുക്കളമായി പിതാവിന്‍റെ അവസാന ആഗ്രഹമായിരുന്നു ഗംഗയിലെ അലിഞ്ഞു ചേരല്‍. ചിതാഭസ്മ നിമഞ്ജനം നടത്താന്‍ ലോഡ്ജില്‍ നിന്നും ഇറങ്ങും മുന്‍പ് മരുമകള്‍ കഴുത്തില്‍ കിടന്ന മാല ഊരിവാങ്ങി തിരക്കിലെവിടേലും നഷ്ടപ്പെട്ടാലോയെന്നും പറഞ്ഞ് .
വലിയ തിരക്കിലൂടെ ഗംഗാതീരത്തേക്ക്, നാല്‍പ്പത്തിരണ്ട് വര്‍ഷത്തോളം കൂടെ കഴിഞ്ഞവന്‍,താങ്ങായും തണലായും മഴയിലും വെയിലിലും കുടയായി നിന്നവന്‍ ഒരു മാത്ര കൊണ്ട് ജലത്തിലലിഞ്ഞു പോകുന്നതു നോക്കി അവര്‍ നിന്നു.
വൈകിട്ട് ഗംഗാതീരത്തെ ആരതി കണ്ടുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോളാണ് ഒറ്റപ്പെട്ടു പോയത് .
വലിയ ജനക്കൂട്ടത്തില്‍ കൂടെ വന്നവര്‍ അലിഞ്ഞു പോയി.
എവിടെ പോയി തിരയും..?
ആരോടു ചോദിക്കും ?
ഇന്നും ഇപ്പോളും അവരുപേക്ഷിച്ചു പോയതാണെന്നു വിശ്വസിക്കാന്‍ അവര്‍ക്കു തോന്നുന്നില്ല. കഴിയാറുമില്ല.
ചില രാത്രികളില്‍ ഒറ്റപ്പാലത്തെ നിലാവുള്ള വീടും ചീവിടിന്‍റെ പാട്ടുയരുന്ന, കാട്ടുതഴകള്‍ നിറഞ്ഞ തോട്ടിന്‍ കരയിലെ പൊന്തക്കാടുകള്‍ക്കിടയില്‍ നിന്നും ഇണകളായ കുളക്കോഴികള്‍ പ്രണയാതുരമായി ഉയര്‍ത്തുന്ന ശബ്ദം കേള്‍ക്കും .
രാപ്പാടികളും വയല്‍കിളികളുടേയും ഈണമേറിയ കൊഞ്ചലും കേള്‍ക്കും .
ഇവിടെ ഈ നരച്ച ആകാശത്തിനു കീഴെ നക്ഷത്രങ്ങളെ കാണാനാവാത്ത പരിചിതമായൊരു മുഖമോ,സ്നേഹം കലര്‍ന്നൊരു നോട്ടമോ പോലുമില്ലാത്ത,ആയിരങ്ങള്‍ ചവിട്ടി കുഴച്ചിട്ട ഗംഗാതീരവും. മായിച്ചും പതിപ്പിച്ചും കോടിക്കണക്കിന് കാല്‍പ്പാടുകള്‍ ഉഴുതുമറിച്ച തെരുവിലെ പൊടിമണ്ണും നോക്കിയിരിക്കുമ്പോള്‍ മനസ്സിലാവും താനില്ലാത്ത ദൂരെ വീട്ടിലെ ആരവങ്ങള്‍.
കുറേനേരമവരോടപ്പമയാള്‍ ഇരുന്നു.
അവസാനം പോകാനായി എഴുന്നേറ്റു.
മോനേ പോകുവാണോ..?
ഞാനും വരട്ടെ..?
എങ്ങോട്ട്
മോന്‍റെ വീട്ടിലേക്ക് ..
എനിക്ക് വീടില്ലമ്മച്ചീ
എന്നേം കൂടി കൊണ്ടു പോ മോനേ..
അവിടുന്നര കിലോമീറ്റര്‍ ദൂരെ പൊളിഞ്ഞു പോയൊരു പഴയ കെട്ടിടത്തിന്‍റെ വരാന്തയിലാണയാളുടെ താമസം. വരാന്ത പഴയ തുണിയകളും പ്ളാസ്റ്റിക്കും വലിച്ചുകെട്ടി മറച്ച് മൂന്ന് കല്ലുകളടുപ്പാക്കി മാറ്റി വീഞ്ഞപ്പട്ടി അലമാരയും ചാക്കടുക്കിയ കിടക്കയുമുള്ള കൊട്ടാരം.
ആ പഴുന്തുണി കൊട്ടാരത്തില്‍ ഒരു ചാക്കു മെത്ത കൂടി വിരിക്കപ്പെട്ടു.
രാവിലെ മണികര്‍ണ്ണിക ഘട്ടിലേക്ക് പുറപ്പെടാന്‍ നേരത്ത് അവരോടു പറഞ്ഞു. ഞാന്‍ എന്നുമിങ്ങോട്ട് വരണമെന്നില്ല
ചിലപ്പോള്‍ വരും ചിലപ്പോളൊരിക്കലും വന്നില്ലെന്നുമിരിക്കും എന്നെ അന്വേക്ഷിച്ചു ഒരിടത്തേക്കും വരരുത് കേട്ടോ..?
അവര്‍ തലകുലുക്കി അവര്‍ പകല്‍ ഭിക്ഷ തെണ്ടിയോ കൈനീട്ടിയോ എങ്ങിനെ എങ്കിലും ജീവിച്ചു കൊള്ളും..
അയാള്‍ യു പിക്കാരനായ ഹനുമന്ദുമായി ചേര്‍ന്ന് മണികര്‍ണ്ണികയില്‍ ചിതയൊരുക്കുകയാണ്.പത്ത് പതിനാറുമാസമായി അതണയാള്‍ ചെയ്യുന്നത് . ആയിരക്കണക്കിന് ശവങ്ങളയാളുടെ കൈയ്യിലൂടെ സ്വര്‍ഗ്ഗം നേടിപ്പോയിരിക്കുന്നു. പാതി കത്തിയും കത്താതെയും പലരും മോക്ഷകവാടം കടന്നു പോയിരിക്കുന്നു .
നാട്ടില്‍ എത്ര പവിത്രതയോടെ സ്നേഹപൂര്‍വ്വമാണ് ഓരോരുത്തരും അഗ്നിശുദ്ധിവരുത്തി അവസാന തീയുമണഞ്ഞ് ഭൂമി വെടിയുന്നത് .
ഇവിടെ പലപ്പോളും അടുത്ത ശരീരം വരും വരെയേ സ്വന്തമാരു ചിതപോലുമുള്ളൂ…
ചിലദിവസങ്ങളില്‍ വിറകു ചുമന്നു തോളൊടിയും.
കത്തിയമരുന്ന ചിതകളില്‍ നീണ്ട കോലിട്ട് വിറകു കുത്തിയൊതുക്കുമ്പോള്‍ പണ്ട് ചെറുപ്പത്തില്‍ നാട്ടിലെ വീട്ടില്‍ പൂത്തിരി കത്തിച്ചതോര്‍മ്മവരും. ചില ചിതകള്‍ കത്തുമ്പോള്‍ അകിലിന്‍റേയും ചന്ദനത്തിന്‍റേയും ഗന്ധം പടരും. ചിലപ്പോള്‍ ഏതൊക്കയോ കാട്ടുമരങ്ങള്‍ പൂത്ത ഗന്ധം, മറ്റു ചിലപ്പോള്‍ നെയ്തേങ്ങ ഉരുകുന്ന ഗന്ധം..
താമസസ്ഥലത്തെത്തുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ ഭക്ഷണം പങ്കിടും ചിലപ്പോള്‍ അവലും മലരുമാകാം പഴങ്ങള്‍ കടലകള്‍,അങ്ങിനെ പലതും..
ഭാംഗടിച്ചു കടത്തിണ്ണയില്‍ വീണു പോകാത്ത ദിവസങ്ങളിലെല്ലാം അയാള്‍ അയാളുടെ കൊട്ടാരത്തിലെത്തി. പിന്നതു പതിവായി ആരോ ഒരാള്‍ കാത്തിരിക്കാനുണ്ടെന്നു തോന്നല്‍ വന്നു.
തെരുവിലൂടാരോ പറഞ്ഞു കൊണ്ടു പോകുന്നതയാള്‍ കേട്ടു അടുത്ത ബുധന്‍ കേരളത്തില്‍ ഓണമാണെന്ന് . അയാളതൊക്കെ മറന്നു പോയിട്ടും ആഘോഷിച്ചിട്ടും എത്രയോ വര്‍ഷങ്ങളായി.അയാള്‍ ചെല്ലുമ്പോള്‍ അവര്‍നല്ല ഉറക്കമാണ്. അയാളും ഉറങ്ങി.
പിറ്റേന്നയാള്‍ ആ വിശേഷം അവരോട് പറഞ്ഞു അവര്‍ തെരുവിലോട്ട് നോക്കിയിരുന്നു.
ഇനി നമുക്ക് അല്ല എനിക്ക് ഒരു ഓണംപോലും അവശേഷിച്ചിട്ടില്ല അല്ലേ മോനേ..?
അയാളൊന്നും പറഞ്ഞില്ല.
അവരോടതു പറയേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നി. പിന്നീടുള്ള ദിവസങ്ങളിലെല്ലാമവര്‍ നിശബ്ദയായിരുന്നു.
പോയ കാലത്തിന്‍റെ ഓണദിനങ്ങളിലൂടവര്‍ കയറിയിറങ്ങുകയാവാം..
പട്ടു പാവാടയും അച്ചഛന്‍റെ മടിത്തട്ടും ഓണസദ്യയും,ഓണക്കോടിയും ഓണ നിലാവും തുമ്പിയും തുമ്പിതുള്ളലും ഭര്‍ത്താവും മോനും മരുമകളും പേരക്കുട്ടികളും ചേര്‍ന്ന ഓണനിലാവിലൂടവര്‍ ഊഞ്ഞാലാടുകയാവാം..
തിരുവോണത്തിന്‍റന്നായാള്‍ ഉച്ചയായപ്പോളാണെത്തിയത്. അവരപ്പോള്‍ തിണ്ണയില്‍ കുറെ ദൂരെ നില്‍ക്കുന്ന ആര്യവേപ്പിലൂടെ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണന്‍മാരെ നോക്കിയിരിക്കുകയായിരുന്നു.
കുളിച്ചു വൃത്തിയായി പഴകിയ എന്നാല്‍ വൃത്തിയുള്ള വസ്ത്രം ധരിച്ചിരുന്നു. മുക്കാലും നരച്ച മുടി തുമ്പുകെട്ടി തുളസിക്കതിര്‍ വെച്ചിരുന്നു.
തിണ്ണയില്‍ അഞ്ചോ ആറോ പൂവുകള്‍ക്കൊണ്ടൊരു പൂക്കളവും തീര്‍ത്തിരുന്നു.
അയാള്‍ കൊണ്ടുവന്ന സഞ്ചി താഴെ വച്ചു.കുറച്ചു പൊതികള്‍ പുറത്തെടുത്തു.
രണ്ടാള്‍ക്കു കഷ്ടി കഴിക്കാനുള്ള ചോറ് രണ്ട് മൂന്നു കറികള്‍ ഒരു ഗ്ളാസ് സേമിയ പായസം.
അയാള്‍ ചമ്രം പടിഞ്ഞു തറയിലിരുന്നു.
അവരതു വിളമ്പി.
നാട്ടിലെ സുഗന്ധമാവാഹിച്ചവരത് കഴിച്ചു. പായസമയാള്‍ കുറച്ചേ കഴിച്ചുള്ളൂ ,കൂടുതലും അവര്‍ക്ക് നല്‍കി. അവര്‍ രണ്ടുപേരും ഒന്നും പറഞ്ഞില്ല.ഊണു കഴിഞ്ഞയാളുറങ്ങി. കാലിലെന്തോ ഇഴഞ്ഞപ്പോളയാള്‍ ഞെട്ടിയുണര്‍ന്നു.
അവരയാളുടെ കാലുകള്‍ തിരുമ്മുകയായിരുന്നു.ഞെട്ടിയ അയാളത് തടഞ്ഞു.
അന്നയാള്‍ തിരിച്ചു വന്നില്ല.
ഘട്ടിനടുത്ത് കഞ്ചാവ് പുക തീര്‍ത്ത മാസ്മരലോകത്തില്‍ യാത്ര പോയി.
പിറ്റേന്നുച്ചയോടെയാണ് തിരിച്ചത്തിയത് അവരുറക്കമായിരുന്നു. അയാളും അവിടെ കിടന്നുറങ്ങി. ചാക്കിനു പുറത്തേക്ക് തറയില്‍ മുട്ടികിടന്ന കൈപ്പത്തിയിലെന്തോ കടിച്ചപ്പോളാണയാള്‍ കണ്ണു തുറന്നത്.
ഉറുമ്പുകള്‍, തറയാകെ കടിയനുറുമ്പുകള്‍, ശവംതീനിയുറുമ്പുകള്‍.
അയാള്‍ തലതിരിച്ചവരെ നോക്കി. അവരുടെ കണ്ണിലൂടെ മൂക്കിലൂടെ ഉറുമ്പുകള്‍ കയറിയിറങ്ങുന്നു.
ഇന്നലെ എപ്പോളോ അവസാനത്തെ ഓണമുണ്ടവര്‍ മടങ്ങിപ്പോയിരിക്കുന്നു. ഓണങ്ങളില്ലാത്ത ആഘോഷങ്ങളില്ലാത്ത വേദനകളോ ഞരക്കങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ആരും ആരേയും ഉപേക്ഷിക്കാത്ത വേദനിപ്പിക്കാത്ത ലോകത്തിലേക്ക്.
കൈവണ്ടിയില്‍ കിടത്തി മണികര്‍ണ്ണികയിലേക്കവരെ അയാള്‍ കൊണ്ടുപോയി കൂട്ടൂകാരുടെ സഹായത്തോടെ മഞ്ചലില്‍ കിടത്തി ഗംഗയില്‍ മുക്കിയെടുത്തു. അയാള്‍ തനിയെ ചിത അടുക്കി.കര്‍മ്മങ്ങള്‍ ചെയ്തു.
ചിത ഗംഗയിലെ കാറ്റില്‍ കൊല്ലന്‍റെ ആലയിലെ ഉലയിലെ കാറ്റടിച്ചെന്നപോലെ ആളിക്കത്തി.
അയാള്‍ കല്‍കെട്ടിലിരുന്നു. അവസാന തീക്കനലും അണയും വരെ .
ആ ചിതയിട്ട സ്ഥലം അടുത്ത ആള്‍ക്ക് ഒഴിഞ്ഞു കൊടുക്കേണ്ടുന്ന സമയമെത്തി.
അയാള്‍ രണ്ടു കൈകൊണ്ടും ചിതയില്‍ നിന്നും കൈനിറയെ ചൂടുചാരം വാരി . അതുമായി ഗംഗയിലേക്കു പടവുകളിറങ്ങി.അരയോളം വെള്ളത്തിലിറങ്ങി കൈയ്യിലിരുന്ന ആ ചാരം പതിയെ ഗംഗയിലേക്കു ചേര്‍ത്തു. ചൂടു ചാരത്തിലേക്ക് വെള്ളം പറ്റിയപ്പോള്‍ കക്ക നീറ്റും പോലെ കൈയ്യിലൊരു ചൂടുണ്ടായി വിരലുകള്‍ക്കിടയിലൂടെ ഗംഗയിലേക്കതലിഞ്ഞു പോയി.
അയാള്‍ ജലത്തില്‍ മുങ്ങി നിവര്‍ന്നു.ഘട്ടില്‍ നിന്നും മുകളിലേക്ക് കയറിപ്പോകുന്ന നടകളിലേക്കയാള്‍ നോക്കി .അതാ അവര്‍ നടകളിലൂടെ മുകളിലേക്ക് കയറിപ്പോകുന്നു. അവര്‍ പെട്ടന്നു തലതിരിച്ചയാളെ നോക്കി.ആ മുഖം ശാന്തവും ദയ നിറഞ്ഞതുമായിരുന്നു.
അതിനു ചുറ്റു നിര്‍വ്വചിക്കാനാവാത്തൊരു പ്രകാശമുണ്ടായിരുന്നു.
മുഖത്തുകൂടിയൊഴുകിയ ഒഴുകിയ വെള്ളം തുടച്ചയാള്‍ വീണ്ടും നോക്കി.വലിയ ആള്‍ക്കൂട്ടം ശവശരീരങ്ങള്‍ നടകളിറക്കി ചിതയിലേക്കു കൊണ്ടു പോകുന്നു. നായകളും പശുക്കളും അലഞ്ഞു നടക്കുന്നു.
അയാള്‍ കരയിലേക്കു കയറി.
ഇന്നലെ തിരുവോണമായിരുന്നു.
മനോഹരമായ തിരുവോണം.
ഇനിയും ഓണം വരും പക്ഷേ ഇത്രയും ലളിതവും മനോഹരമായ ഒരോണം ഇനിയാരും അയാള്‍ക്ക് നല്‍കില്ല ഒരിക്കലും ..!




🙏🙏🙏
നന്നായിട്ടുണ്ട്