പെണ്ണിന്റെ വിവാഹം ലോട്ടറി പോലെയാണ്. കിട്ടിയാൽ കിട്ടി, പോയാൽ പോയി. ചിലർ കോടിപതികളാവുന്നു. മറ്റു ചിലർ ലക്ഷാധിപതികളാവുന്നു. ബാക്കിയുള്ളവർ ആയിരങ്ങളിലും അഞ്ഞൂറുകളിലും തൃപ്തരാവുന്നു. എല്ലാം പോയവരായിരിക്കും അധികവും. ഇത് പോലെ തന്നെയാണ് പെൺകുട്ടികളുടെ വിവാഹവും.
എല്ലാ സൗഭാഗ്യങ്ങളും കൊടുത്ത് പൊന്നുപോലെ, കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ഭർത്താവും കുടുംബവും അപൂർവ്വം ചില പെൺകുട്ടികൾക്ക് കിട്ടുന്നു. എങ്ങനെയെങ്കിലും വല്ല വിധേന ജീവിച്ചു പോവുന്ന പെൺകുട്ടികളണ് നല്ലൊരു വിഭാഗം. ഇവരുടെ സുഖവും സമാധാനവും സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയതാടെ അവസാനിച്ചു. പിന്നെയൊരു വിഭാഗം പീഡനങ്ങളുടെ തീച്ചൂളയിൽ വെന്തുരുകന്നു. പലപ്പോഴും ഭർതൃഗൃഹങ്ങളിൽ തന്നെ നല്ല യൗവ്വനത്തിൽ തന്നെ ജന്മമൊടുക്കുന്നു.
ഒരു പെൺകുട്ടി ജനിച്ചാൽ അവളുടെ വിവാഹം വരെ എത്രയെത്ര തലങ്ങളിലൂടെയാണ് അവൾ കടന്ന് പോവുന്നത് എന്ന് നോക്കുക. കുഞ്ഞുടുപ്പുകളും പെറ്റിക്കോട്ടും ഹാഫ് സ്കർട്ടും, ഫുൾ സ്കർട്ടും, പാവാടയും ദാവണിയും ചുരിദാറുകളും അങ്ങനെ നൂറ് കണക്കിന് അലങ്കാരവസ്ത്രങ്ങളാണ് അവൾക്ക്. കൺമഷിയും ചാന്ത്പൊട്ടും വളകളും കമ്മലുകളും പാദസരവും മുടിപ്പൂവും എല്ലാം പെൺകുട്ടിക്ക് മാത്രമുള്ളതാണ്. സംഗീതവും നൃത്തവുമൊക്കെ അവളുടെ കുത്തക അവകാശമാണ്. വളർന്ന് വരുമ്പോൾ ഒരു പ്രായപൂർത്തി കല്യാണവും ഉണ്ടവൾക്ക്. എല്ലാം കൊണ്ടും പെണ്ണ് വീടിന് ഒരലങ്കാരമാണ്. ആൺ കുട്ടിക്ക് ഇതൊന്നുമില്ലതാനും. അവന് അലങ്കാര വസ്തങ്ങളില്ല., പ്രായപൂർത്തി കല്യാണവുമില്ല.
പെൺകുട്ടി ഭർതൃഗൃഹത്തിൽ ചെല്ലുമ്പോൾ അവിടത്തെ പലഅമ്മായിയമ്മമാർക്കും പുതുപെണ്ണിനെ ഉൾക്കൊള്ളാൻ കഴിയാറില്ല. കാരണം ഇന്നലെ വരെ അതവരുടെ വീടാണ്. അവരുടെ ഭർത്താവും മക്കളും മാത്രമുള വീട്. അത് ഒരു സ്വർഗ്ഗമാണ്. അതിൽ മറ്റൊരാൾ വരുമ്പോൾ തുടക്കത്തിൽ അഡ്ജസ്റ്റ് ചെയ്യും. പിന്നെ ചില്ലറ ചില്ലറ പ്രശ്നങ്ങളിലൂടെ അത് പ്രകടമാവുകയും ചെയ്യും. എന്റെ വീട്ടിൽ എന്റെ മക്കൾക്കാണ് സ്ഥാനം എന്ന് പറയാതെ പറയുകയാണ് അവിടത്തെ അമ്മ.
ഇവിടെയാണ് നമ്മൾ പുതിയ ആശയങ്ങൾ രൂപപ്പെടുത്തേണ്ടത്. കേരളത്തിൽ പൊന്നാനിയിലും കോഴിക്കോട്ടും മുസ്ലിംവിവാഹം മറ്റൊരു രീതിയിലാണ്. പെൺകുട്ടികളെ വിവാഹം ചെയ്ത് പറഞ്ഞയക്കുന്നില്ല. വരൻ വധുവിന്റെ വീട്ടിൽ വന്നു പോവുന്നു. വിരുന്നുകാരനെപ്പോലെ എന്നും പുതിയാപ്ല. നേരം പുലർന്നാൽ വരൻ അയാളുടെ വീട്ടിലേക്ക് തിരിച്ചു പോവുന്നു. അമ്മായിയമ്മക്കും നാത്തൂൻമാർക്കും പീഡിപ്പിക്കാൻ പറ്റില്ല. പെൺകുട്ടി മരിക്കുന്നുമില്ല. സ്വന്തം വീട്ടിൽ സുരക്ഷിതം. ഇത് പോലെ തന്നെയാണ് ഹിന്ദുക്കളിലെ പഴയ കാലത്തെ സമ്മന്തവും.
അമ്മക്ക് സ്വന്തം പെണ്മക്കൾ ഒരിക്കലും ‘ നഷ്ടമാവുന്നില്ല. അമ്മയുടെ ആൺകുട്ടികളും പകൽ സമയങ്ങളിൽ അമ്മയോടും അച്ഛനോടും ഒപ്പമുണ്ടായിരിക്കും. ഇന്നത്തെ അവസ്ഥയിൽ വിവാഹം ഇങ്ങനെയും ചിന്തിച്ചു കൂടെ. നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരായിരിക്കും. കുട്ടികൾ വലുതായാൽ അമ്മയെ മറ്റാർക്കും തൊടാൻ കിട്ടില്ല.
അടുത്ത ലക്കത്തിൽ ഈ വിഷയം വിശദമായി ചിന്തിക്കാം.




ആശയം നല്ലതാണ് പക്ഷേ എല്ലാ യുവാക്കളും അതിന് തയ്യാറാവില്ല വധുവിൻ്റെ വീട്ടിൽ നിൽക്കാൻ. പല വീട്ടുകാരും അത്തരം ഒരു ബന്ധത്തിന് താല്പര്യവും കാണിക്കില്യ എന്നൊരു കാര്യവും ഉണ്ട്. ചില പയ്യന്മാർ ദത്ത് നിൽക്കാൻ തയ്യാറാകും. ഓരോ നാട്ടിലും ഓരോ രീതികൾ ആണല്ലോ. ടീച്ചർ പറഞ്ഞത് പോലെ വിവാഹം ഒരു ലോട്ടറി തന്നെയാണ്. അതിലുപരി ദൈവാനുഗ്രഹവും! പെൺകുട്ടികൾക്ക് വിവാഹ ശേഷവും സ്‌നേഹവും കരുതലും സുരക്ഷിതത്വവും കിട്ടണം എന്നത് ന്യായമായ അവകാശം തന്നെയാണ്. അത് ഹനിക്കപ്പെടുന്ന അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ🤝❤️🌹