കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത ഭേദമന്യേ എല്ലാ മനുഷ്യരും ആഘോഷിക്കുന്ന സ്നേഹത്തിന്റേയും ഐക്യത്തിന്റേയും ഉത്സവമാണിത്. മഹാബലി രാജാവിന്റെ സ്മരണയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്.
ഓണക്കാലമെത്തുമ്പോൾ പ്രകൃതി തന്നെ പുതുമയോടെ ചിരിക്കുന്നു. വീടുകൾ വൃത്തിയാക്കുകയും മുറ്റത്ത് പല നിറത്തിലുള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂക്കളം ഒരുക്കുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് റെഡിമെയ്ഡ് പൂക്കളവും, റെഡിമെയ്ഡ് സദ്യയും വ്യാപകമായിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങൾ ഒന്നിച്ചുചേർന്ന് സ്വന്തം കൈകൊണ്ട് പൂക്കളം ഒരുക്കുന്നതിലാണ് യഥാർഥ ഓണത്തിന്റെ മാധുര്യം.
ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യയാണ്. വാഴയിലയിൽ വിളമ്പുന്ന സദ്യയിൽ ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, തോരൻ, ഓലൻ, കാളൻ, പച്ചടി, ഇഞ്ചിക്കറി, അച്ചാർ, പായസം തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാകും. എല്ലാവരും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നത് സ്നേഹവും പങ്കിടലും വളർത്തുന്നു.
ഓണക്കളികൾ, വള്ളംകളി, പുലികളി, തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവ ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും ആവേശവും പകരുന്നു. കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ ലഭിക്കുകയും ബന്ധുക്കളെ സന്ദർശിക്കുകയും ചെയ്യുന്നത് വലിയ സന്തോഷമാണ്. വിദേശത്ത് കഴിയുന്ന മലയാളികൾക്കും ഓണം സ്വന്തം നാടിന്റെ മണ്ണിന്റെ മണവും ബാല്യകാല ഓർമ്മകളും മനസ്സിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന ഒരു ഉത്സവമാണ്.
എനിക്ക് ഓണം വളരെ ഇഷ്ടമാണ്. കാരണം ഈ ഉത്സവം നമ്മെ സന്തോഷത്തോടെ ജീവിക്കാനും എല്ലാവരെയും സ്നേഹിക്കാനും ഒരുമിച്ച് ആഘോഷിക്കാനുമാണ് പഠിപ്പിക്കുന്നത്. സമ്പന്നനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ആഘോഷം പങ്കിടുന്ന ദിവസമാണ് ഓണം.
ഓണം വെറുമൊരു ഉത്സവമല്ല, അത് സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നൽകുന്ന മലയാളിയുടെ ആഘോഷോത്സവമാണ്.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..



