Thursday, August 13, 2026
Homeഅമേരിക്കആഗ്രഹം (കഥ) ✍ മാഗ്ളിൻ ജാക്സൻ

ആഗ്രഹം (കഥ) ✍ മാഗ്ളിൻ ജാക്സൻ

ഗ്രാമത്തിലെ ചെറിയൊരു ചായക്കടയിൽ പാത്രം കഴുകുന്ന പത്തു വയസ്സുകാരൻ രാജുവിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.
കടയുടെ മുന്നിലെ റോഡിലൂടെ കളിച്ചുചിരിച്ച് സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികളെപ്പോലെ ഒരു ദിവസമെങ്കിലും തനിക്കും സ്കൂളിൽ പോകണം. കയ്യിലെ സോപ്പുപതയും മുഷിഞ്ഞ വസ്ത്രവും നോക്കി അവൻ ദിവസവും നെടുവീർപ്പിട്ടു. അച്ഛന്റെ പെട്ടെന്നുള്ള രോഗാവസ്ഥയും വീട്ടിലെ കടുത്ത ദാരിദ്ര്യവും കാരണം അവൻ്റെ പുസ്തകങ്ങൾ മാറ്റിവെച്ച് ചായക്കടയിലെ ചൂടിലേക്കും പുകയിലേക്കും ഇറങ്ങേണ്ടി വന്നവനായിരുന്നു രാജു.
​എങ്കിലും, കടയുടെ ഒരു മൂലയിൽ സന്ദർശകർ ഉപേക്ഷിച്ചു പോകുന്ന പത്രങ്ങളിലെ അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും അവൻ കൊതിയോടെ വിരലോടിച്ചു.

​ഒരു വൈകുന്നേരം, കടയിലെ സ്ഥിരം സന്ദർശകനും, വിരമിച്ച ഹെഡ് മാസ്റ്റർ ശശിധരൻ മാഷ്. രാജു പത്രത്തിലൂടെ മിഴികൾ ഓടിക്കുന്നത് മാഷിൻ്റെ ശ്രദ്ധയിൽപ്പെട്ടു. പത്രത്താളിലൂടെയുള്ള അക്ഷരങ്ങളെ തൊടുമ്പോൾ ആ കുഞ്ഞു കണ്ണുകളിൽ മിന്നിമറയുന്ന തിളക്കം ആ അധ്യാപകൻ തിരിച്ചറിഞ്ഞു. മാഷ് അവനടുത്തേക്ക് ചെന്ന് സ്നേഹത്തോടെ തലയിൽ തലോടി ചോദിച്ചു.
​”നിനക്ക് പഠിക്കാൻ ആഗ്രഹമുണ്ടോ, രാജു” മാഷിൻ്റെ ചോദ്യം കേട്ട്
​അവൻ്റെ കണ്ണുകളിലൂടെ കണ്ണുനീർ താഴെക്ക് ഒലിച്ചിറങ്ങി, ഒന്നും സംസാരിക്കാൻ അവനു കഴിഞ്ഞില്ല.

​പിറ്റേന്ന് ശശിധരൻ മാഷ് രാജുവിൻ്റെ വീട്ടിൽ വന്നു അച്ഛനോടും അമ്മയോടും സംസാരിച്ചു. “ചായക്കടയിലെ ജോലികഴിഞ്ഞ് രാജു വൈകുന്നേരങ്ങളിൽ എൻ്റെ എൻ്റെ വീട്ടിലേക്ക് വന്നോട്ടെ ഞാൻ അവനെ സൗജന്യമായി പഠിപ്പിക്കാമെന്ന്. അദ്ദേഹം അവർക്കു വാക്കു കൊടുത്തു. പിറ്റേ ദിവസം ശശിധരൻ മാഷ്
എത്തിയത് വെറും കൈയോടെയായിരുന്നില്ല. ഒരു പുതിയ ബാഗും കുറെ പുസ്തകങ്ങളുമായാണ്. അന്നു മുതൽ മാഷിന്റെ വീടിന്റെ പൂമുഖം രാജുവിന് അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാലയമായി മാറി. മാഷിന്റെ ശിക്ഷണത്തിൽ അവൻ കഠിനമായി പരിശ്രമിച്ചു.

​പത്താം ക്ലാസിലും പ്ലസ് ടുവിലും ഉയർന്ന വിജയം നേടിയ രാജുവിന്റെ ആഗ്രഹം ഡോക്ടറാകണമെന്നതായിരുന്നു. എന്നാൽ ഉപരിപഠനത്തിനുള്ള വലിയ തുക എങ്ങനെ കണ്ടെത്തുമെന്നോർത്ത് അവൻ വിഷമിച്ചു. അവിടെയും വഴിവിളക്കായ് എത്തിയത് ശശിധരൻ മാഷായിരുന്നു. മാഷിന്റെ കൃത്യമായ വഴികാട്ടലിലൂടെ സർക്കാർ നൽകുന്ന നിർദ്ധനരായ നന്നായി പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾക്കും എജ്യുക്കേഷണൽ ലോണിനുമായി രാജു അപേക്ഷിച്ചു. പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് നേടിയ രാജുവിന് മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റ് ലഭിക്കുകയും ചെയ്തു. മെഡിക്കൽ പഠനകാലത്ത് പഠനച്ചെലവുകൾക്കായി ഒഴിവുസമയങ്ങളിൽ ട്യൂഷൻ എടുത്തും മറ്റ് ചെറിയ ജോലികൾ ചെയ്തുമാണ് അവൻ മുന്നോട്ടുപോയത്.

​വർഷങ്ങൾ കടന്നുപോയി..
​നാടെങ്ങും തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഗ്രാമത്തിലെങ്ങും പൂക്കളങ്ങളുടെ മണവും ഓണപ്പാട്ടുകളുടെ ഈണവും നിറഞ്ഞുനിന്ന ഒരു പൊൻപുലരിയിൽ. ശശിധരൻ മാഷ് തന്റെ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടന്നു പത്രം വായിക്കുകയായിരുന്നു.
​പെട്ടെന്നാണ് മാഷിന്റെ വീട്ടുമുറ്റത്തേക്ക് ഒരു ചുവന്ന കാർ വന്നുനിന്നത്. കാറിൽ നിന്നും സുമുഖനായ ഒരു യുവാവ് പുറത്തിറങ്ങി. കയ്യിൽ വലിയൊരു സമ്മാനപ്പൊതിയുമുണ്ടായിരുന്നു. അവൻ നേരെ ഉമ്മറത്തേക്ക് നടന്നു. പ്രായത്തിന്റെ ആധിക്യം കാരണം കാഴ്ച മങ്ങിയ മാഷ്, തന്നിലേക്ക് നടന്നടുക്കുന്ന ആ അപരിചിതനെ സംശയത്തോടെ നോക്കി.
​പക്ഷേ, അടുത്ത നിമിഷം ആ യുവാവ് മാഷിന്റെ കാൽക്കൽ പ്രണമിച്ച്, ആ പാദങ്ങളിൽ കണ്ണീർത്തുള്ളികൾ വീഴ്ത്തി.
​”ആരാപ്പാ ഇത്?” മാഷ് വിറയ്ക്കുന്ന കൈകളോടെ അവനെ എഴുന്നേൽപ്പിച്ചു.
​”മാഷേ… ഇത് രാജുവാണ്. അന്ന് ആ ചായക്കടയിലെ സോപ്പു പതഞ്ഞ കൈകൾക്കുള്ളിൽ ചേന പിടിക്കാനുള്ള എന്റെ വലിയ ‘ആഗ്രഹം’ തിരിച്ചറിഞ്ഞ എന്റെ കൺകണ്ട ദൈവമായ ശശിധരൻ മാഷിന്റെ രാജു”
​മാഷിന്റെ കണ്ണുകൾ അത്ഭുതം കൊണ്ടും സന്തോഷം കൊണ്ടും വിടർന്നു.
​രാജു തന്റെ കയ്യിലിരുന്ന ആ സമ്മാനപ്പൊതി മാഷിന്റെ കൈകളിൽ ഗുരുദക്ഷിണയായി വെച്ചുകൊടുത്തു. അതിൽ മനോഹരമായ ഒരു ഓണക്കോടിയും മാഷിന് എന്നും തന്നോട് സംസാരിക്കാൻ പാകത്തിൽ വലിയ അക്ഷരങ്ങളുള്ള ഒരു ഫോണും ഉണ്ടായിരുന്നു.

​തൊണ്ടയിടറിക്കൊണ്ട് രാജു പറഞ്ഞു “മാഷേ, മാഷിന്റെ പ്രാത്ഥനയും തണലും കൊണ്ട് ഇന്ന് ഞാൻ ഒരു ഡോക്ടറാണ്. വിദേശത്തു നിന്നും ഇന്നലെ രാത്രിയാണ് ഞാൻ നാട്ടിലെത്തിയത്. ഈ ഓണദിവസം എന്റെ ദൈവത്തെ കണ്ടില്ലെങ്കിൽ എന്റെ ഓണം പൂർണ്ണമാകില്ലായിരുന്നു. അന്ന് മാഷ് എനിക്ക് തന്നത് പുസ്തകങ്ങളും വഴികാട്ടലും മാത്രമായിരുന്നില്ല, എന്റെ ജീവിതം തന്നെയാണ്. മാഷിന് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാൻ വേണ്ടിയാണ് ഈ ഫോൺ. ഈ ഓണക്കോടിയും ഫോണും എന്റെ ആദ്യത്തെ അധ്വാനത്തിന്റെ ഫലം കൊണ്ട് വാങ്ങിയതാണ്. മാഷ് സ്വീകരിക്കണം.” അവൻ്റെ വാക്കുകൾ കേട്ട് മാഷിൻ്റെ
​കണ്ണുനിറഞ്ഞു തുളുമ്പി. ശശിധരൻ മാഷ് ആ ഓണക്കോടി നെഞ്ചോട് ചേർത്തുപിടിച്ച് രാജുവിനെ കെട്ടിപ്പിടിച്ചു.

​ആ തിരുവോണ നാളിൽ മാഷിന്റെ അനുഗ്രഹം ഏറ്റുവാങ്ങുമ്പോൾ രാജു ഒരു കാര്യം കൂടി തിരിച്ചറിയുകയായിരുന്നു.ആത്മാർത്ഥവും സത്യസന്ധവുമായ ആഗ്രഹങ്ങൾ മനസ്സിനുള്ളിൽ ഉണ്ടെങ്കിൽ, വഴിയിൽ വെളിച്ചമായി ദൈവദൂതന്മാരെപ്പോലെ ചിലർ കടന്നുവരും. അന്ന് ചായക്കടയുടെ ഇരുളിലിരുന്ന് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കണ്ട ആ ചെറിയ ആഗ്രഹം, ഇന്ന് രാജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സത്യമായി മാറിയിരിക്കുന്നു

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ