തിരുവനന്തപുരം: കിഫ്ബി സിഐഒ കെ എം എബ്രഹാം രാജിവെച്ചു. കെ എം എബ്രഹാം രാജിക്കത്ത് കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. കിഫ്ബി അഡീഷണൽ സിഐഒ മിനി ആൻ്റണിക്കാണ് പുതിയ ചുമതല.
തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിൻ്റെ കിഫ്ബിയോടുള്ള സമീപനം എന്തായിരിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. കിഫ്ബി വഴിയുള്ള ഫണ്ടിൻ്റെ വകമാറ്റം ഉൾപ്പെടെ പല തരത്തിലുള്ള ആരോപണങ്ങൾ കിഫ്ബി സിഐഒ ഉൾപ്പെടെയുള്ളവർക്കെതിരെ യുഡിഎഫ് നേതാക്കൾ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ സൂപ്പർ ചീഫ് സെക്രട്ടറി ചമയുന്നു എന്ന തരത്തിലും കെ എം എബ്രഹാമിനെതിരെ ആക്ഷേപമുണ്ട്. അതിനിടെ കേരളത്തിൽ ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിലാണ് എബ്രഹാമിൻ്റെ രാജി. കിഫ്ബിയിൽ നിന്നും SIO ഉൽസാഹിച്ച് ഇരുനൂറ് കോടിയിൽപരം രൂപ വായ്പയെടുത്താണ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖ്യമന്ത്രിക്കുള്ള വിശേഷ പിആർകളിലും നിന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോക് വാർത്താമാധ്യമത്തിലൂടെ ആരോപിച്ചതും ശ്രദ്ധേയമാണ്.
നിലവിൽ ഒരുലക്ഷം കോടിയിൽപ്പരം രൂപയുടെ കിഫ്ബി പദ്ധതികൾ നടക്കുന്നു. ഇതിൻ്റെ ഭാവി എന്താകും എന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കിഫ്ബി പദ്ധതികളെ സംബന്ധിച്ച് പുതിയ സർക്കാർ നിലപാട് വ്യക്തമാക്കും. കിഫ്ബി വേണോ അതോ വേണ്ടെന്ന് വെക്കണോ എന്നതിനെ സംബന്ധിച്ച് അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാരിൻ്റെ നയപരമായ തീരുമാനം എടുത്തേക്കും.ഇതിനിടെയാണ് കെ എം എബ്രഹാമിൻ്റെ രാജി.



