സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളില് നിലനിന്നിരുന്ന ഉയര്ന്ന താപനില മുന്നറിയിപ്പുകള് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്വലിച്ചു. വേനൽമഴ സജീവമായതും ആന്ധ്രായ്ക്കും കർണാടകയ്ക്ക് മുകളിലുള്ള സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിൻ്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാൻ കാരണമെന്നാണ് നിഗമനം. (കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് പിൻവലിച്ചു
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം.
അതേസമയം ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷമാകുകയാണ്. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാന്, ഒഡീഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കനത്ത ചൂടിന് ആശ്വസമായി ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഡൽഹിയിലെ ചില പ്രദേശങ്ങളിൽ പുലര്ച്ചെ നേരിയ മഴ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
പകൽ പതിനൊന്നാം മണിമുതല് വൈകിട്ട് നാലുമണിവരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ ബാന്ധയിലാണ് ഇന്നലെ ഏറ്റവും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ ഉഷ്ണ തരംഗത്തിനൊപ്പം പൊടിക്കാറ്റും ശക്തമാകുന്നുണ്ട്.



