ജീവിതം ഒരു തീർത്ഥയാത്ര
(യോഹ.14: 1-7)
“ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു
നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തു
കൊള്ളും” (വാ. 3).
ഒരു ക്രിസ്തു വിശ്വാസിയുടെ ഈ ലോക ജീവിതം യഥാർത്ഥത്തിൽ ഒരു തീർത്ഥയാത്രയാണ്. കർത്താവു നമുക്കു വേണ്ടി ഒരുക്കിക്കൊണ്ടിരിക്കുന്ന ഭവനത്തിലേക്കുളള ഒരു തീർത്ഥയാത്ര. അവിടെ അനേക വാസസ്ഥലങ്ങൾ ഉണ്ട് എന്ന ഉറപ്പ് താൻ ധ്യാന ഭാഗത്ത് നൽകുന്നുണ്ട്. ഈ യാത്രയിൽ ആപൽക്കരമായ പല ഘട്ടങ്ങളിലൂടെ നമുക്കു കടന്നുപോകേണ്ടി വന്നേക്കാം? എന്നാൽ എല്ലാ നാളും താൻ നമ്മോടുകൂടെ ഉണ്ടായിരിക്കും (മത്താ.28:20) എന്ന വാഗ്ദത്തം താൻ നൽകിയിട്ടുള്ളതിനാൽ, തികഞ്ഞ സുരക്ഷിത ബോധത്തോടെ ഈയാത്ര ചെയ്യുവാൻ നമുക്കു സാധിക്കും.
പത്തൊമ്പതാം നൂറ്റാണ്ടിലെ പേരു കേട്ട സുവിശേഷകനായിരുന്നു, വെൽഡൻ ഫിലിപ്പ്സ്. രോഗിയായ തന്റെ സഹധർമ്മിണി ആനിയെ ഭവനത്തിൽ വിട്ടിട്ടായിരുന്നു താൻ സുവിശേഷ ഘോഷണത്തിനായി യാത്ര ചെയ്തിരുന്നത്. ഒരു രാത്രി തന്റെ സ്വന്തം നഗരമായ ബോസ്റ്റണിൽ നിന്ന് , അകലെയുള്ള
ഒരു പട്ടണത്തിലെ പരിപാടി കഴിഞ്ഞ് മടങ്ങിപ്പോകുവാൻ ഒരുങ്ങുമ്പോൾ, രാത്രി യാത്ര ഏറെ ദുർഘടവും ക്ലേശ പൂർണ്ണവും ആയിരിക്കുമെന്നതിനാൽ, അടുത്ത പ്രഭാതത്തിൽ മടങ്ങുന്നതായിരിക്കും ഉചിത്രം എന്ന് അവിടത്തെ തന്റെ സ്നേഹിതർ പറയുകയുണ്ടായി! അദ്ദേഹത്തിന്റെ മറുപടി ഹൃസ്വവും ലളിതവുമായിരുന്നു: “യാത്ര എത്ര തന്നെ ദുർഘടവും ബുദ്ധിമുട്ടു നിറഞ്ഞതുമാണെങ്കിലും, അതിനൊടുവിൽ എനിക്കെന്റെ ഭവനത്തിൽ ചെല്ലാനും, പ്രീയപ്പെട്ട ആനിയെ കാണാനും സാധിക്കുമല്ലോ?”
ക്രിസ്തു വിശ്വാസികളായ നമ്മെയും, ദുർഘട പൂർണ്ണവും ക്ലേശങ്ങൾ നിറഞ്ഞ തുമായ ഈ ലോക ജീവിതയാത്ര പൂർത്തീകരിക്കാൻ സഹായിക്കുന്നത്, അതിന്റെ അന്ത്യത്തിൽ കർത്താവൊരുക്കുന്ന ഭവനത്തിൽ ചെന്നുചേരാമെന്നും, തന്നെമുഖാമുഖം കാണാമെന്നുമുള്ള പ്രത്യാശയാണ്. യേശുവിനെ നേരിൽ കാണാം എന്നത് നമ്മുടെ കഷ്ടതകൾക്കെല്ലാമുള്ള അതിമഹത്തായ പ്രതിഫലം ആയിരിക്കും, സംശയമില്ല. പാട്ടുകാരനോടൊപ്പം നമുക്കും പാടാനാകട്ടെ:
“കഷ്ടങ്ങൾ സാരമില്ല;
കണ്ണുനീർ സാരമില്ല;
നൊടിനേരത്തേക്കുള്ള
കഷ്ടങ്ങൾ സാരമില്ല.
നിത്യ തേജസ്സിൻ ഘനം
ഓർത്തിടുമ്പോൾ,
കഷ്ടങ്ങൾ സാരമില്ല;
കണ്ണുനീർ സാരമില്ല!”
ചിന്തയ്ക്ക്: കഷ്ടത സഹിഷ്ണതയേയും, സഹിഷ്ണത സിദ്ധതയേയും, സിദ്ധത
പ്രത്യാശയേയും ഉളവാക്കും എന്നറിഞ്ഞ്, നാം കഷ്ടങ്ങളിലും പ്രത്യാശിക്കുന്നു!



