തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ ഉത്തരവ്. സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.
വിതരണം ചെയ്യാതെ ശേഷിക്കുന്ന പെൻഷൻ തുകകൾ സമയബന്ധിതമായി സർക്കാരിന് തിരിച്ചടയ്ക്കുന്നതിലുള്ള കാലതാമസം, സേവന പോർട്ടലിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ യഥാസമയം നടത്തുന്നതിലെ വീഴ്ച, അതുവഴി ഉണ്ടാകുന്ന Reconciliation സംബന്ധമായ ബുദ്ധിമുട്ടുകൾ, ആധാർ അധിഷ്ഠിത പെൻഷൻ വിതരണം പൂർണമായി നടപ്പിലാക്കാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ വിതരണം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നത്, പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങൾക്ക് ഇൻസെൻറീവ് ഇനത്തിൽ വരുന്ന ചെലവ്, വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതി തുടരുന്നതിലൂടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം എന്നിവ പരിഗണിച്ചാണ് തീരുമാനം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്കും ഒഴിച്ച് ബാക്കിയെല്ലാ ഗുണഭോക്താക്കൾക്കും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സിസ്റ്റം വഴിയുള്ള പെൻഷൻ വിതരണം നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് നൽകിയ കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പൂർണ്ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ഒഴികെയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി അവരവരുടെ ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ മുഖേന അനുവദിക്കുന്നത് തത്ത്വത്തിൽ അംഗീകരിച്ച് ഉത്തരവ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിൻറെ വീട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നത് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. വിതരണം ചെയ്യാത്ത പെൻഷൻ തുക തിരികെ അടവാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആയത് പ്രകാരം പ്രതിമാസ പെൻഷൻ വിതരണത്തിനുശേഷം വിതരണം ചെയ്യാതെ അവശേഷിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുക നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടക്കേണ്ടതാണെന്നും, തുക സംബന്ധിച്ച ഡാറ്റാ എൻട്രി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കേണ്ടതാണെന്നും, അല്ലാത്ത പക്ഷം തുകയ്ക്ക് പലിശ കൂടി ഈടാക്കി അടുത്ത മാസത്തെ ഇൻസെന്റീവിൽ കുറവ് വരുത്തുന്നതാണ് എന്നും നിർദ്ദേശം നിലവിലുണ്ടായിരുന്നെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എന്നാൽ പ്രതിമാസ പെൻഷൻ വിതരണത്തിനു ശേഷം ഇവയുടെ ഡാറ്റ എൻട്രി നടത്തുന്നതിനു പത്ത് ദിവസത്തേയ്ക്ക് സൊസൈറ്റികൾക്ക് സേവന പോർട്ടൽ ഓപ്പൺ ചെയ്തു നൽകാറുണ്ടെങ്കിലും പല സൊസൈറ്റികളൂം തിരിച്ചടവ് വിവരം നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ രേഖപ്പെടുത്താറില്ലെന്നും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് അറിയിച്ചതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം എന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തിയിരിക്കുന്നത്.



