നഷ്ടപ്പെട്ടതിനെ കണ്ടെത്താം (ലൂക്കോ.15:8-10)
” അവൾ വിളക്ക് കത്തിച്ച് വീട് അടിച്ചുവാരി, അത് കിട്ടും വരെ സൂക്ഷ്മതയോ
ടെ അന്വേഷിക്കാതിരിക്കുമോ? കണ്ടു കിട്ടിയാൽ, സ്നേഹിതരെയും അയൽ
ക്കാരത്തികളെയും വിളിച്ചു കുട്ടി, കാണാതായ ദ്രഹ്മ കണ്ടു കിട്ടിയതു കൊണ്ട്, എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു പറയും”(വാ. 8, 9).
എന്താണെങ്കിലും നഷ്ടപ്പെടുന്നത് ദു:ഖവും തിരിച്ചു കിട്ടുന്നത് സന്തോഷവും ജനിപ്പിക്കുന്ന അനുഭവങ്ങളാണ്. ധ്യാന ഭാഗത്ത് നഷ്ടപ്പെട്ട തന്റെ ദ്രഹ്മ കണ്ടു കിട്ടിയതിലുള്ള സന്തോഷം തന്റെ കൂട്ടുകാരോടും അയൽക്കാരത്തികളോടും പങ്കിടുന്ന ഒരു കുടുംബിനിയുടെ ചിത്രമാണ് നാം കാണുന്നത്. നഷ്ടപ്പെടുക, നഷ്ടപ്പെടുത്തുക ഇവ മനുഷ്യ സഹജമായ കാര്യങ്ങളാണ്. എന്നാൽ, അന്വേഷിച്ചു കണ്ടെത്തുക എന്നതു ഒരളവിൽ ദൈവീകമായ പ്രവൃത്തിയും. ദൈവം നഷ്ടപ്പെട്ടതിനെ തേടി വന്നവനാണ് എന്നാണ് ദൈവ വചനം നൽകുന്ന സൂചന. യേശുവിന്റെ ഉപമകളിൽ, സ്നേഹവാനായ ദൈവത്തെ ഒരു സ്ത്രീയോടു താരതമ്യപ്പെടുത്തുന്ന ഒരേയൊരെണ്ണം ഇതു മാത്രമാണെന്ന പ്രത്യേകതയും ഈ ഉപമയ്ക്കുണ്ട്.
പത്തിലൊന്നേ പോയുളളു സാരമില്ല എന്നു പറഞ്ഞ്, നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് ഉദാസീനതയോടെയല്ല, ഇവിടെ പരാമർശിച്ചിരിക്കുന്ന സ്ത്രീ പെരുമാറുന്നത്.
മറിച്ച് വിളക്ക് കത്തിച്ച് വീടിന്റെ മുക്കും മൂലയും എല്ലാം അടിച്ചു വാരി, നഷ്ടപ്പെട്ട ദ്രഹ്മ കണ്ടെത്തും വരെ കഠിനമായി അവൾ അദ്ധ്വാനിച്ചതു കൊണ്ടാണ്, അവൾത് കണ്ടെത്താനായത്. നഷ്ടപ്പെട്ടത് എന്താണെന്നും, നഷ്ടപ്പെട്ട ഇടം എവിടെയാണെന്നും അവൾക്കു നല്ല ബോദ്ധ്യം ഉണ്ടായിരുന്നു. ഒന്നു നഷ്ടപ്പെടുത്തിയിട്ട് മറ്റൊന്ന് അന്വേഷിച്ചിട്ടോ, ഒരിടത്ത് നഷ്ടപ്പെടുത്തിയിട്ട് മറ്റൊരിടത്ത് അന്വേഷിച്ചിട്ടോ ഫലമില്ല. “വഴിയിൽ കളഞ്ഞിട്ടു മടിയിൽ തപ്പിയിട്ടു കാര്യമില്ല” എന്നാണ് ജ്ഞാനമൊഴി!
നമ്മുടെ ആത്മീയ ജീവിതത്തിലും ഇതൊക്കെ യാഥാർത്ഥ്യമാണ്. നാം എന്തല്ലാമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത് എന്നും, എവിടെയാണവ നഷ്ടപ്പെട്ടതെന്നും
വചനമാകുന്ന വിളക്ക് കത്തിച്ച് അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്. അങ്ങനെയുള്ള അന്വേഷണത്തിലൂടെയും കണ്ടെത്തലിലൂടെയും മാത്രമേ സമൂഹത്തിലും
സഭയിലും ഗുണപരമായ മാറ്റങ്ങൾ രൂപപ്പെടൂ. നഷ്ടബോധം ഉള്ളവർക്ക് മാമാത്രമേ അന്വേഷിക്കാനും കണ്ടെത്തുവാനും ആകൂ. നമുക്കതിന് ആകട്ടെ.. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നവർക്കു മാത്രമേ,
തുടർമാന മാനസാന്തരത്തിൽ ജീവിക്കുവാനാകൂ!



