ഹരിയാനയിൽ നിന്നുള്ള ഒരു സങ്കടകരമായ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുംബൈ സ്വദേശിയായ 74 കാരൻ ശിവചരൺ രാംരതൻ ഗുപ്ത ഹരിയാനയിലെ സോണിപത്തിലുള്ള ഒരു വൃദ്ധസദനത്തിൽ അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മൃതദേഹം കാണാനോ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനോ മുംബൈയിലുള്ള പെൺമക്കൾ ആരും എത്തിയില്ല.
ഭാര്യയുടെ മരണശേഷം കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം ഈ വൃദ്ധസദനത്തിലായിരുന്നു താമസം. അച്ഛന്റെ ആരോഗ്യനില വഷളായ വിവരം ആഴ്ചകൾക്ക് മുൻപ് തന്നെ അധികൃതർ പെൺമക്കളെ അറിയിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നും സോണിപത്തിൽ തന്നെ സംസ്കരിക്കാനും മക്കൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മൂത്ത മകൾ സംസ്കാര ചെലവുകൾക്കായി ഓൺലൈനായി 5,100 രൂപ അയച്ചുനൽകുകയും, ചടങ്ങുകൾ വീഡിയോ കോളിലൂടെ കാണാൻ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫോണിലൂടെ അച്ഛന്റെ മുഖം കണ്ട് മകൾ “പപ്പാ” എന്ന് വിളിക്കുന്നത് കണ്ടതായി വൃദ്ധസദന അധികൃതർ പറഞ്ഞു
മതാപിതാക്കളുടെ അന്തിമ ചടങ്ങുകളിൽ പോലും മക്കൾ പങ്കെടുക്കാത്തതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ, കുടുംബത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ അറിയാതെ മക്കളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.



