കോട്ടയം : കോട്ടയം വെള്ളൂരിൽ റബ്ബർ ബോർഡ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കാട്ടാകുന്ന് മലമ്പതി ഭാഗത്ത് ചന്ദ്രഗിരി വീട്ടിൽ സേതു ബി പണിക്കർ( 51) ആണ് മരിച്ചത്. രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയുമായി വേർ പെട്ട് താമസിക്കുകയായിരുന്നു സേതു. മക്കൾ ബാംഗ്ലൂരിൽ വിദ്യാർഥികളാണ്. അമ്മ ബന്ധു വീട്ടിൽ ആയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഇന്ന് അമ്മ വീട്ടിൽ എത്തി വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനാൽ ജനൽ പാളിക്കിടയിലൂടെ കമ്പിട്ട് കതകു തുറന്നപ്പോൾ ആൾ നിലത്ത് കിടക്കുന്നതായി കണ്ടു.
തുടർന്ന് ദുർഗന്ധം വമിക്കുകയും ചെയ്തതോടെ പാമ്പാടി പോലീസിൽ വിവരം അറിയിച്ചു. സബ് ഇൻസ്‌പെക്ടർ വിദ്യ വി യുടെ നേതൃത്വത്തിൽ പാമ്പാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക്, വൈസ് പ്രസിഡന്റ് ജോളി പി ഐസക്ക്, മെമ്പർമാരായ രഞ്ജു കെ രാജു, ജോമോൾ ചാക്കോ, വിദ്യ വി വേണു, പ്രവീൺ പ്രസാദ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.



