സനാ: ചെങ്കടലില്‍ യെമന്‍ തീരത്ത് ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി. എംഎസ് വി ഫൈസ് നൂര്‍ ഒലിയ എന്ന കപ്പലാണ് മുങ്ങിയത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാര്‍ അടക്കം 14 നാവികരെയും രക്ഷപ്പെടുത്തിയതായി യെമന്‍ സര്‍ക്കാരിന്റെ നാഷണല്‍ റെസിസ്റ്റന്റ് ഫോഴ്സ് ചൊവ്വാഴ്ച അറിയിച്ചു. പ്രൊജക്ടൈൽ ഇടിച്ചാണ് കപ്പല്‍ മുങ്ങിയത്.
ചെങ്കടലില്‍ അല്‍ ഹുദൈദാഹയ്ക്ക് തെക്കായി 13 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുമ്പോഴാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടില്‍ നിന്നും കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. അതേസമയം ആരാണ് ആക്രമണത്തിന് പിന്നിലെന്ന് നാഷണല്‍ റെസിസ്റ്റന്റ് ഫോഴ്സ് വ്യക്തമാക്കിയിട്ടില്ല. യെമനി നാവിക സേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കപ്പലില്‍ ഉണ്ടായിരുന്ന ഒരാള്‍ യെമന്‍ പൗരനാണ്.
കപ്പലിലെ ക്രൂ അംഗങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും അവര്‍ക്ക് മെഡിക്കല്‍ സഹായം നല്‍കിയെന്നും യെമന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.



