2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി.
അത്ലറ്റിക്സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ. അഞ്ചാം ദിനം മാത്രം ആറ് മെഡലുകളാണ് സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം പത്തിലേക്ക് ഉയര്‍ന്നു. പാരാ അത്ലറ്റിക്സ് വിഭാഗത്തില്‍ ഷര്‍മിള ധന്‍കര്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചു.
9.81 മീറ്റര്‍ ദൂരം എറിഞ്ഞ ഷര്‍മിള, കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്സില് സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും സ്വന്തമാക്കി. ഇതേ ഇനത്തില്‍ നൈജീരിയന്‍ താരം അയോഗ്യയാക്കപ്പെട്ടതോടെ ഇന്ത്യന്‍ താരം ശില്പ ശൈല വെങ്കല മെഡലിന് അര്‍ഹയായി. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ 2.25 മീറ്റര്‍ ചാടിക്കടന്ന സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും ഇനി ഈ മുപ്പത്തിയൊന്നുകാരന് സ്വന്തം. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡും ഇതേ ഉയരം തന്നെയാണ് ചാടിയതെങ്കിലും, കുറഞ്ഞ ശ്രമങ്ങളില്‍ ഈ ദൂരം മറികടന്നത് ബെക്ക്ഫോര്‍ഡിന് തുണയായി.
ഭാരോദ്വഹന വേദിയിലും ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്. മൂന്ന് മെഡലുകളാണ് അഞ്ചാം ദിനം ഈ ഇനത്തില്‍ നിന്ന് ലഭിച്ചത്.പുരുഷന്മാരുടെ 79 കിലോ വിഭാഗത്തില്‍ വല്ലൂരി അജയ് ബാബു ഗെയിംസ് റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ള പ്രകടനത്തോടെ വെള്ളി മെഡല്‍ സ്വന്തമാക്കി.
വനിതകളുടെ 53 കിലോ വിഭാഗത്തില്‍ ഗ്യാനേശ്വരി യാദവും വെള്ളി മെഡല്‍ നേടി. വനിതകളുടെ 58 കിലോ വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവി വെങ്കല മെഡല്‍ കൂടി നേടിയതോടെ ഭാരോദ്വഹനത്തില്‍ നിന്നുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. അഞ്ചാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളുമായി ഇന്ത്യ കരുത്തുറ്റ നിലയിലാണ്.



