തറവാട്ടിലെ ഒത്തുചേരൽ.
അമ്മയുടെ കൈവിരലുകളിൽ ചോറിന്റെ മണവും, അച്ഛന്റെ നെറ്റിയിൽ വിയർപ്പിന്റെ ചരിത്രവും, മക്കളുടെ ചിരിയിൽ നാളെയുടെ സ്വപ്നങ്ങളും ചേർന്നതാണ് ഒരു സാധാരണ വീട്ടിന്റെ മഹത്തായ കവിത.
സ്നേഹകുടീരം എട്ടുകെട്ടിന്റെ സർപ്പം തുള്ളലിന് വീട്ടിലെ എല്ലാ അംഗങ്ങളും ഓടിയെത്തും. തറവാട്ടിലെ പൂട്ടിക്കിടന്ന മുറികൾ തുറക്കുമ്പോൾ, വർഷങ്ങളായി ഉറങ്ങിക്കിടന്ന ആ വലിയ വീടിന് വീണ്ടും ജീവൻ വെക്കും.
ഓരോ മൂലക്കും അവിടെ ഒരുകഥയുണ്ട് പറയാൻ. പ്രത്യേകിച്ചും മുറ്റത്തെ മുത്തശ്ശി മാവിന്റെ തണലിനും, ഉമ്മറത്തെ പഴക്കം ചെന്ന ചാരുകസേരയുടെ കിരുകിരുപ്പിനും, കിഴക്കേ കോലായിലെ തണുത്ത അരികുതിണ്ണയ്ക്കും.
ഈ ഒത്തുചേരലിൽ പുതിയ വിഭവങ്ങളോ, ആധുനിക സമ്മാനങ്ങളോ അല്ല മുഖ്യം. അത് പഴയ തമാശകളുടെ പുനരവതരണം തന്നെയാണ്.
കുടുംബങ്ങൾ പലപ്പോഴും പഴയ മരങ്ങളെപ്പോലെയാണ്. പുറത്ത് ചില
കൊമ്പുകൾ ഉണങ്ങിയതായി തോന്നിയാലും വേരുകളിൽ ഇപ്പോഴും
സ്നേഹത്തിന്റെ വെള്ളം ഒഴുകി കൊണ്ടിരിക്കും.
അതാണ് സ്നേഹകുടീരത്തിന്റേത്. പഴമക്കാർ പറഞ്ഞ തമാശകൾ കേട്ട് ചിരിച്ചു ചിരിച്ച് കണ്ണുനിറഞ്ഞാലും ചിരി ഒതുക്കാൻ കഴിയാതെ എല്ലാവരും പരസ്പരം ചാരിയിരുന്നു പോകും.
പല്ലില്ലാത്ത മോണയും, ചുണ്ടിൽ മായാത്ത പുഞ്ചിരിയുമായി മുത്തശ്ശി ഓരോ അംഗത്തിന്റെയും മുന്നിലെത്തും. “കൗമുദീ, ഇന്നു നിന്റെ കറിയിൽ മുളക് ഇത്തിരി കൂടുതൽ ആണല്ലോ?… വായിൽ വെക്കാൻ കൊള്ളില്ല.”
ആ പരിഹാസം കേട്ട് കൗമുദി അമ്മ കണ്ണീർ ഒലിപ്പിച്ചു അമ്മയെ നോക്കുമ്പോൾ, മുത്തശ്ശി പല്ലില്ലാത്ത മോണകാട്ടി ഉറക്കെ ചിരിക്കും. ആ ചിരിയിൽ അവരുടെ സ്നേഹം തുളുമ്പി നിൽക്കും. കൂടെ മറ്റുള്ളവരും പൊട്ടിച്ചിരിക്കും.
എല്ലാവർഷവും വിരുന്നെത്തുന്ന പൊങ്ങച്ചക്കാരിയായ ചെറിയമ്മ, പത്തായത്തിന്റെ ചുവട്ടിൽ നിന്നും എലി കടിച്ച കഥ പറയുമ്പോൾ, കേൾക്കുന്നവരുടെ മനസ്സിൽ നുണയുടെ ചെറിയൊരു വേദന കടന്നുപോകുന്നത് കാണേണ്ട രംഗമാണ്.
വിശാലമായ തെക്കിനിയുടെ നിലത്ത് പലകയിട്ടിരുന്ന്, കളിച്ചും തമാശ പറഞ്ഞും കൂട്ടച്ചിരിയുമായി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, കരുണാകര മേനോൻ കൗമുദി അമ്മയുടെ വായിലേക്ക് ചോറ് വാരി കൊടുക്കുന്ന രംഗം കാണാം. അതോടെ ഒരു വലിയ കൂട്ടച്ചിരിക്ക് അവിടെ തുടക്കമാകും. മുതിർന്നവർ തങ്ങളുടെ കുട്ടിക്കാലത്തെ കുസൃതികളെയും കളികളെയും കുറിച്ച് വാതോരാതെ സംസാരിക്കും.
ഈ നർമ്മവും, പരസ്പരമുള്ള കരുതലും, പഴയ ഓർമ്മകൾ പങ്കുവെക്കലുമാണ് ആ തറവാട്ടിലെ അംഗങ്ങളെ തമ്മിൽ പരസ്പരം അടുപ്പിക്കുന്നതും, സ്നേഹം നിലനിർത്തുന്നതും. ഈ മനോഹരമായ ഓർമ്മകളുടെ ഭാണ്ഡവും പേറിയാണ് ഓരോരുത്തരും അവരവരുടെ സ്ഥലങ്ങളിലേയ്ക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. അടുത്ത ഒത്തുചേരൽ വരേയും ആ സ്നേഹം മനസ്സിൽ മായാതെ നിറഞ്ഞു നില്ക്കും.
കാലം എത്ര ദൂരം കൊണ്ടുപോയാലും മനസ്സ് ഒടുവിൽ തിരികെ ഓടിച്ചെന്നെ
ത്തുന്നത് കുട്ടിക്കാല ശബ്ദങ്ങൾ ചുമരുകളിൽ ഉറങ്ങുന്ന ആ പഴയ വീട്ടിലേയ്ക്കാണ്.
അടുത്തതിൽ നമുക്ക് തറവാട്ടിലെ ഭഗവതി പുരയിലൂടേയും അവിടുത്തെ ആചാരങ്ങളിലൂടേയും യാത്ര ചെയ്യാം.



