ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി മൂന്നുപേരെ ചങ്ങരംകുളം പോലീസ് പിടികൂടി. ആലങ്കോട് ചിയ്യാനൂര്‍ പരപ്പില്‍ സജിത്ത് (30), പൊന്നാനി സ്വദേശി പള്ളിതാഴത്ത് ഷെഫീക്ക് (23), കക്കിടിപ്പുറം ഒടിച്ചുത്തുഞാലില്‍ ആഷിക്ക് (24) എന്നിവരാണ് അറസ്റ്റിലായത്.
ഒരുമാസത്തിനിടെ ഇവരുടെ നേതൃത്വത്തിലുള്ള സംഘം 75 കിലോയോളം കഞ്ചാവ് മേഖലയില്‍ എത്തിച്ച് വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളാണ് ഇവരുടെ പ്രധാന ലക്ഷ്യം. വില്‍പ്പനസംഘത്തില്‍ വിദ്യാര്‍ഥികളുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ചങ്ങരംകുളത്ത് സ്വകാര്യ ബാറിനു സമീപത്തുനിന്നാണ് സജിത്തിനെ ചങ്ങരംകുളം പോലീസ് കഞ്ചാവുമായി പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് കൂട്ടുപ്രതികളായ ഷെഫീക്കിനെയും ആഷിക്കിനെയും കസ്റ്റഡിയിലെടുത്തത്.
പ്രദേശത്തെ ലഹരിസംഘങ്ങളെ പിടികൂടാന്‍ ഏതാനും ദിവസങ്ങളായി പോലീസ് പരിശോധന നടക്കുന്നുണ്ട്. ഒരുമാസത്തിനിടെ മുപ്പതോളംപേരെ പിടികൂടിയെന്നും ഇതില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍വരെയുണ്ടെന്നും പരിശോധന തുടരുമെന്നും സിഐ ഷൈന്‍ പറഞ്ഞു.



