Tuesday, July 28, 2026
Homeകേരളംകൈക്കൂലിക്കാരെ പിടിക്കാൻ ‘എഐ സിഐഡി’; വിവരത്തിന് 5000 രൂപ: വരുന്നു പ്രോജക്ട് സീറോ.

കൈക്കൂലിക്കാരെ പിടിക്കാൻ ‘എഐ സിഐഡി’; വിവരത്തിന് 5000 രൂപ: വരുന്നു പ്രോജക്ട് സീറോ.

തിരുവനന്തപുരം; ഇനി കൈക്കൂലിയെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മനസ്സില്‍ കണ്ടാല്‍ വിജിലന്‍സ് അത് മാനത്തു കാണും. സകല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മേലെ എഐ നിരീക്ഷണവലയം തീര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ അഴിമതി വിമുക്തമാക്കാനുള്ള ‘പ്രോജക്ട് സീറോ’ എന്ന വമ്പന്‍ പദ്ധതിയാണ് ആഭ്യന്തരവകുപ്പ് നടപ്പാക്കുന്നത്. കൈക്കൂലി നല്‍കാതെ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കുള്ള സാധ്യതകള്‍ മുളയിലേ നുള്ളി പുതിയൊരു തൊഴില്‍ സംസ്‌കാരം തന്നെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം വിശദീകരിച്ചു.

ഇപ്പോള്‍ അഴിമതി നടന്ന് ഏറെ കഴിഞ്ഞ് പരാതികള്‍ വരുമ്പോള്‍ മാത്രമാണ് വിജിലന്‍സിന് ഇടപെടാനും അന്വേഷിക്കാനും കഴിയുന്നതെന്നും എന്നാല്‍ പ്രോജക്ട് സീറോ നടപ്പാക്കി കഴിയുമ്പോള്‍ അഴിമതിക്കുള്ള നീക്കം തുടക്കത്തില്‍ തന്നെ അറിയാനും അതില്‍ ഇടപെടാനും വിജിലന്‍സ് സംവിധാനത്തിനു കഴിയുമെന്നും മനോജ് ഏബ്രഹാം പറഞ്ഞു. ഇതിനു പുറമേ പൊതുജനങ്ങളുടെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പരാതി സ്വീകരിക്കല്‍ സംവിധാനവും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്താണ് പ്രോജക്ട് സീറോ?

പൊതുജനങ്ങള്‍ക്കുള്ള മിക്ക സര്‍ക്കാര്‍ സേവന സംവിധാനങ്ങളും ഇപ്പോൾ ഡിജിറ്റലാണ്. ഈ സംവിധാനങ്ങളെയെല്ലാം ഉൾപ്പെടുത്തി, അതിലെ ഓരോ പ്രവർത്തനവും നിർമിത ബുദ്ധി നിരീക്ഷിച്ചു വിലയിരുത്തുന്നതാണ് പ്രോജക്ട് സീറോ. പ്രവർത്തനങ്ങളിൽ അസ്വാഭാവികതയോ പാളിച്ചകളോ കണ്ടെത്തിയാൽ ഉടൻ വിജിലൻസിനു വിവരം ലഭിക്കും.

ഉദാഹരണത്തിന്, ഒരു പദ്ധതിയുടെ ഇ-ടെന്‍ഡര്‍ വിളിക്കുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ എഐ സംവിധാനത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ടെന്‍ഡര്‍ വ്യവസ്ഥകള്‍ എന്തൊക്കെയാണ്, ആരൊക്കെ പങ്കെടുത്തു, എത്രയാണ് ഓരോരുത്തരും ക്വോട്ട് ചെയ്ത തുക തുടങ്ങിയ കാര്യങ്ങള്‍ വിജിലന്‍സ് വകുപ്പിന് അറിയാന്‍ കഴിയും. വ്യവസ്ഥകള്‍ പാലിച്ച്, കുറഞ്ഞ തുക ക്വോട്ട് ചെയ്തിരിക്കുന്നവര്‍ക്കു തന്നെയാണോ ടെന്‍ഡര്‍ നല്‍കിയത് എന്ന് എഐ പരിശോധിക്കും. അതിൽ വീഴ്ചയോ പാളിച്ചയോ ഉണ്ടെന്നു കണ്ടാൽ എഐ സിസ്റ്റം അലര്‍ട്ടായി ‘റെഡ് ഫ്‌ളാഗ്’ ചെയ്യും. അതോടെ വിജിലന്‍സ്, അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർക്കു വിവരം കിട്ടും. എന്താണു നടന്നതെന്ന് അവർ അന്വേഷിക്കും.

സമാനമായി, കെ-സ്മാര്‍ട് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി കെട്ടിട പെര്‍മിറ്റിനും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഉള്‍പ്പെടെ അപേക്ഷിക്കുമ്പോള്‍, സമയപരിധിക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ അത് എഐ കണ്ടെത്തി അപ്പോള്‍ത്തന്നെ വിജിലന്‍സ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തും. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉടൻ പരിശോധിച്ച് അഴിമതി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാണെങ്കില്‍ അതു തിരുത്തിക്കുകയും ചെയ്യും. ഇതിനൊപ്പം, സംശയാസ്പദമായ ഇടപാടുകള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ ഫയല്‍ നീക്കങ്ങളും എഐ സംവിധാനത്തിന്റെ നിരീക്ഷണത്തിലായിരിക്കും.

പൊതുജനങ്ങളിൽ നിന്നു പരാതി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കണ്‍ട്രോള്‍ റൂമും പോർട്ടലും തയാറാക്കും. ഇതിന്റെ വിശദാംശങ്ങൾ സമൂഹമാധ്യമത്തിലൂടെ അറിയിക്കും. അഴിമതിയെപ്പറ്റി വിവരം ലഭിച്ചാല്‍ അപ്പോള്‍ത്തന്നെ നടപടി എടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതു സജ്ജമാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ടാൽ അതിന്റെ വിഡിയോ ജനങ്ങൾക്ക് വിജിലന്‍സിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. തെളിവുകള്‍ പരിശോധിച്ച് ഇതു ശരിയാണെന്നു തെളിഞ്ഞാൽ പരാതിക്കാരന് 5,000 രൂപ പാരിതോഷികം നല്‍കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പുറത്തുവിടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ