തിരുവനന്തപുരം: അയ്യങ്കാളി വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമിയുടെ നാലാം തലമുറക്കാരിക്ക് നേരെ ജാതി അധിക്ഷേപം എന്ന് പരാതി. മണ്ണാമൂല സ്വദേശി ജയശ്രീയാണ് ജാതി വിവേചനത്തിനും അപമാനത്തിനും ഇരയായതായി ആരോപിച്ച് പരാതി നല്‍കിയത്.
ഊരുട്ടമ്പലം സരസ്വതി വിദ്യാലയം സ്‌കൂളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ബസ്സിലെ ആയ ആയി ജോലി നോക്കുകയായിരുന്നു ജയശ്രീ. ജാതി അധിക്ഷേപം നടത്തുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായാണ് പരാതി.
സ്‌കൂളിലെ ബസുകളുടെ കോഡിനേറ്ററും വെള്ളൂര്‍ക്കോണം സ്വദേശിയുമായ അഭിലാഷിനെതിരെയാണ് പരാതി. ഇയാള്‍ ജാതി അധിക്ഷേപം നടത്തിയെന്നാണ് ജയശ്രീയുടെ പരാതി. ജയശ്രീയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് പരാതിയുണ്ടെന്നും ജയശ്രീയുടെ മണം കുട്ടികള്‍ക്കും മറ്റും ഇഷ്ടപ്പെടുന്നില്ല എന്നും പറഞ്ഞ് അധിക്ഷേപിച്ച് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും പരാതിയില്‍ പറയുന്നു.
മൂന്ന് ദിവസം ജോലി ചെയ്തതിന് ശേഷമാണ് ജയശ്രീയെ സ്‌കൂള്‍ അധികൃതര്‍ ഒഴിവാക്കിയത്. സംഭവത്തില്‍ മാറനല്ലൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. 32 വര്‍ഷമായി സരസ്വതി വിദ്യാലയം പ്രവര്‍ത്തിക്കുകയാണ്. വിവിധ ജാതിമതസ്ഥര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.



