വാഷിങ്ടൺ: സാൽമൊണല്ല എൻറിറിറ്റിഡിസ് (Salmonella Enteritidis) ബാക്ടീരിയയുടെ മലിനീകരണ സാധ്യതയെ തുടർന്ന് ടെക്സസിൽ ഉൽപാദിപ്പിച്ച ഏകദേശം 15.9 ലക്ഷം ഡസൻ (1,589,577 dozen) മുട്ടകൾ സ്വമേധയാ പിൻവലിക്കുന്നതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അറിയിച്ചു.
Midwest Poultry Services, L.P. എന്ന കമ്പനിയാണ് ജൂൺ 6 മുതൽ ജൂലൈ 3 വരെ ടെക്സസിലെ രണ്ട് ഫാമുകളിൽ ഉൽപാദിപ്പിച്ച വെള്ളയും ബ്രൗൺ കേജ്-ഫ്രീയുമായ മുട്ടകളാണ് തിരിച്ചുവിളിക്കുന്നത്. ഈ മുട്ടകൾ ജൂലൈ 20 മുതൽ ഓഗസ്റ്റ് 17 വരെയുള്ള Sell By അല്ലെങ്കിൽ Best By തീയതികളോടെയാണ് വിപണിയിലെത്തിയത്.
Kroger, Simple Truth Cage Free, Brookshire’s, Country Morning, Sunups എന്നീ ബ്രാൻഡ് പേരുകളിലാണ് മുട്ടകൾ വിപണിയിൽ ലഭ്യമായിരുന്നത്. ടെക്സസ്, ലൂസിയാന, ഒക്ലഹോമ, അർക്കൻസാസ്, ന്യൂ മെക്സിക്കോ, മിസിസിപ്പി എന്നിവിടങ്ങളിലെ ക്രോഗർ, ബ്രൂക്‍ഷയർസ് ഉൾപ്പെടെയുള്ള സ്റ്റോറുകളിലേക്കാണ് വിതരണം ചെയ്തിരുന്നത്.
ഫാമുകളിൽ നടത്തിയ പരിസ്ഥിതി പരിശോധനയിലൂടെയാണ് മലിനീകരണ സാധ്യത കണ്ടെത്തിയതെന്ന് കമ്പനി അറിയിച്ചു. മുൻകരുതൽ നടപടിയായി ബന്ധപ്പെട്ട ഫാമുകളിൽ നിന്നുള്ള പുതിയ മുട്ടകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇതുവരെ ഈ മുട്ടകളുമായി ബന്ധപ്പെട്ട രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.
കാർട്ടണിന്റെ വശത്ത് അച്ചടിച്ചിരിക്കുന്ന P-1950 അല്ലെങ്കിൽ 0840962 എന്ന പ്ലാന്റ് കോഡും Julian Date 157 മുതൽ 184 വരെയും ഉള്ള മുട്ടകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
സാൽമൊണല്ല അണുബാധ പനി, വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. ചെറിയ കുട്ടികൾ, വയോജനങ്ങൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ഇത്തരം മുട്ടകൾ ഉപയോഗിക്കാതെ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകി പൂർണമായ തുക തിരിച്ചുവാങ്ങണമെന്ന് FDA നിർദേശിച്ചു.



