Friday, July 24, 2026
Homeഅമേരിക്കയുവത്വത്തിന്റെ പോരാട്ടത്തിന് ഡാളസിന്റെ കൈത്താങ്ങ്: ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യവുമായി പ്രദീപ് നാഗനൂലിൽ, ബോബൻ...

യുവത്വത്തിന്റെ പോരാട്ടത്തിന് ഡാളസിന്റെ കൈത്താങ്ങ്: ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യവുമായി പ്രദീപ് നാഗനൂലിൽ, ബോബൻ കൊടുവത്ത്, സജി ജോർജ്

-പി പി ചെറിയാൻ

 ഡാളസ്: ഇന്ത്യയെന്ന ആശയം മുൻപെങ്ങുമില്ലാത്തവിധം വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ ബി.ജെ.പി. ഭരണം രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും ഗുരുതരമായ ആഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. ഈ തകർച്ചയിൽ നിന്ന് രാജ്യത്തെ പുനഃപ്രാപ്തിയിലേക്കും ഭരണഘടനയുടെ ആത്മാവിലേക്കും നയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമായ ഉത്തരവാദിത്വമാണ്.

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. നീറ്റ്-യു.ജി. (NEET-UG) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി ആരംഭിച്ച പ്രതിഷേധം, പാർലമെന്റ് മാർച്ചിലെ വലിയ ജനപങ്കാളിത്തത്തോടെ കൂടുതൽ വ്യാപകമായ ജനകീയ പ്രക്ഷോഭമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവാക്കളും പ്രതിഷേധവുമായി ഡൽഹിയിലെ ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുകയാണ്.

പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ലാത്തിച്ചാർജും കടുത്ത ബലപ്രയോഗവും നടത്തിയെന്ന വാർത്തകളും ദൃശ്യങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ ബലം പ്രയോഗിക്കുന്നത് ജനാധിപത്യ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.

24 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ നീറ്റ്-യു.ജി. പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും സി.ബി.എസ്.ഇ. പ്ലസ് ടു മൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും രാജ്യത്തെ യുവജനങ്ങളിൽ വലിയ നിരാശയും അമർഷവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യവും ഏറെ ആശങ്കയുയർത്തുന്നു.

വിദ്യാർഥികളെ മർദിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസ്സ് വേദനിപ്പിക്കുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങളാണ്. അവ സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനും അനിവാര്യമാണ്.

ഈ സാഹചര്യത്തിൽ, ഡാളസിലുള്ള മുഴുവൻ ജനാധിപത്യവിശ്വാസികളും മനുഷ്യാവകാശ പ്രവർത്തകരും ഡൽഹിയിൽ സമാധാനപരമായി പോരാടുന്ന വിദ്യാർഥികളോടും യുവജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ശ്രീ. പ്രദീപ് നാഗനൂലിൽ, ശ്രീ. ബോബൻ കൊടുവത്ത്, ശ്രീ. സജി ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

വാർത്ത: പി പി ചെറിയാൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com