കൊച്ചി: സിഎംആർഎൽ എക്‌സോളജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയൻ്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ചു . കേരളത്തിലും ബംഗളൂരുവിലും നടത്തിയ റെയ്ഡുകളുടെ തുടർച്ചയാണ് നടപടി.
വീണ വിജയൻ്റെ പേരിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലെ പണമാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിൻ്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി.
വീണയുടെ എക്‌സലോജിക് സൊല്യൂഷൻസ് സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാട് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിവിധയിടങ്ങളിൽ ഐഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയൻ്റെ വാടകവീട്, കണ്ണൂരിലെ വീട്, മുൻമന്ത്രി മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഇഡി പരിശോധന നടത്തിയത്. ഇതിൽ കണ്ണൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ വീട്ടിൽ നിന്നും ഒന്നും കിട്ടിയില്ലെന്ന് ഇടി എഴുതിനൽകിയിരുന്നു.
സിഎംആർഎൽ മാനേജ്മെൻ്റും വീണയും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നത് കണ്ടെത്തിയതിൻ്റെ നടപടികളെന്ന് റെയ്ഡിന് പിന്നാലെ ഇഡി വ്യക്തമാക്കിയിരുന്നു. തെളിവ് ശേഖരണത്തിൻ്റെ ഭാഗമായി കേരളത്തിലും കർണ്ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇടി തിരച്ചിൽ നടത്തിയത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്‌മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചിരുന്നു.



