Friday, July 24, 2026
Homeഅമേരിക്കനാമം എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2ന്; എട്ട് മേഖലകളിലെ മികവുകൾക്ക് ആദരം, ആദ്യമായി ലൈഫ് ടൈം...

നാമം എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2ന്; എട്ട് മേഖലകളിലെ മികവുകൾക്ക് ആദരം, ആദ്യമായി ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും

സജി എബ്രഹാം

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാമം എക്സലൻസ് അവാർഡ് ഗാലാ ഞായറാഴ്ച, ഓഗസ്റ്റ് 2-ന് വൈകിട്ട് 5 മണിക്ക്, ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ) നടക്കും. ചടങ്ങിന്റെ പ്രഖ്യാപനവും പുരസ്‌കാര ജേതാക്കളുടെ വിവരങ്ങളും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ നാമം ഭാരവാഹികൾ വിശദീകരിച്ചു.

ഇന്ത്യ പ്രസ് ക്ലബ്ബ് ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം ആമുഖ പ്രസംഗം നടത്തി. നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത് ഏവരെയും സ്വാഗതം ചെയ്തു.

വാർത്താസമ്മേളനത്തിൽ സംസാരിച്ച നാമം സ്ഥാപക ചെയർമാൻ മാധവൻ നായർ, സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന മികവിനും പിന്നിൽ പ്രവർത്തിച്ച മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ചു. 2010-ൽ ആരംഭിച്ച നാമം ഇന്ന് വിവിധ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും, ഓരോ വർഷവും സമൂഹത്തിലെ വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിലൂടെ മികവിനെ പ്രോത്സാഹിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും മാധവൻ നായർ പറഞ്ഞു.

മറ്റു പുരസ്‌കാരങ്ങളിൽ നിന്ന് നാമം എക്സലൻസ് അവാർഡിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ വിദഗ്ധരെയും വിശ്വാസ്യതയുള്ള സ്രോതസുകളെയും ഉൾപ്പെടുത്തി പ്രൊഫഷണൽ രീതിയിൽ ജേതാക്കളെ കണ്ടെത്തുകയും അവരുടെ നേട്ടങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും ചെയ്യുന്ന സംവിധാനമാണ് പിന്തുടരുന്നത് . മികവിനെ പ്രോത്സാഹിപ്പിക്കുകയും പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് പുരസ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം.

ഈ വർഷം ആദ്യമായി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഏർപ്പെടുത്തുന്നുവെന്നതാണ് പ്രത്യേകത. ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും, ഓങ്കോളജി രംഗത്ത് ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച പ്രമുഖ കാൻസർരോഗ വിദഗ്ധനും സാംസ്കാരിക നായകനുമായ ഡോ. എം.വി. പിള്ളയാണ് ഈ ബഹുമതിക്ക് അർഹനായത്.

ഒമ്പതാമത് നാമം എക്സലൻസ് അവാർഡിൽ വിവിധ മേഖലകളിലെ ജേതാക്കൾ : പത്മശ്രീ എച്ച്. ആർ. ഷാ (മാധ്യമ പ്രവർത്തനം), കേണൽ വീരേന്ദ്ര തവാതിയ (പൊതു സേവനം, ജീവകാരുണ്യ പ്രവർത്തനം), ഡോ. സജിമോൻ ആന്റണി (സാമൂഹിക നേതൃത്വം), ഡോ.മാത്യു കെ. ഐസക് (സാഹിത്യം), കിഷോർ വാരിയത്ത് (സംരംഭകത്വം), പണ്ഡിറ്റ് ശ്രീ രഘു ശങ്കരമഞ്ചി (സാമൂഹിക സേവനം), ഡോ. നന്ദിനി മേനോൻ (വിദ്യാഭ്യാസം), സ്പർശ് ഷാ (അതുല്യ പ്രതിഭ) എന്നിവരാണ്.

ഇതുകൂടാതെ ജൂറിയുടെ പ്രത്യേക സൈറ്റേഷൻ അവാർഡുകൾ ജോർജ്ജ് ജോസഫ്, സുനിൽ ട്രൈസ്റ്റാർ, തബല വാദനത്തിനു കേന്ദ്ര അക്കാദമി അവാർഡ് നേടിയ ടി.എസ്. നന്ദകുമാർ എന്നിവർക്കും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യ പ്രാപ്തിയുടെ ഇരുനൂറ്റമ്പതാം വാർഷികം കൊണ്ടാടുന്നതിൻ്റെ ഭാഗമായി, ‘നാമം ലെഗസി എഡിഷൻ’ എന്ന കോഫി ടേബിൾ ബുക്ക് അണിഞ്ഞൊരുങ്ങുന്നെന്ന് നാമം പ്രസിഡന്റ് പ്രദീപ് മേനോൻ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന 40 പേരുടെ ജീവിതയാത്ര, ‘നാമം ലെഗസി എഡിഷനിൽ’, പ്രൊഫഷണൽ രീതിയിലുള്ള എഴുത്തിലൂടെയും, സിനിമാറ്റിക് ഫോട്ടോഗ്രാഫിയിലൂടെയും, കാത്തുസൂക്ഷിക്കും. നാമം നെറ്റ്‌വർക്കിലുടനീളം അഞ്ചുലക്ഷത്തിലധികം ആളുകളിലേക്ക് എത്തുന്ന, സോഷ്യൽ മീഡിയ കാമ്പെയ്‌നുകളും, ഈ ചരിത്ര പതിപ്പിന്റെ ഭാഗമാകും. നാമം പ്ലാറ്റ്‌ഫോമിലുള്ള സ്ഥിരമായ ഡിജിറ്റൽ ആർക്കൈവും ഈ അംഗീകാരങ്ങൾക്ക് മാറ്റുകൂട്ടും എന്ന് നാമം സെക്രട്ടറി ബിന്ദു സത്യ പറഞ്ഞു.

പുരസ്‌കാരച്ചടങ്ങിനോടനുബന്ധിച്ച്, അന്തർദേശീയ നിലവാരത്തിലുള്ള കലാപരിപാടികളും പ്രത്യേക നൃത്താവിഷ്‌കാരങ്ങളും സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രത്യേക ബാൻഡിന്റെ സംഗീതാവതരണവും ചടങ്ങിന്റെ ഭാഗമാകുമെന്നും ബിന്ദു സത്യ അറിയിച്ചു.

ചടങ്ങിന്റെ വിജയത്തിനായി കഴിഞ്ഞ നിരവധി ആഴ്ചകളായി സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന വലിയ സംഘം ആത്മാർത്ഥമായി പ്രവർത്തിക്കുകയാണെന്ന്, നാമം പ്രസിഡന്റ് പ്രദീപ് മേനോൻ പറഞ്ഞു. നാമം എക്സലൻസ് അവാർഡ് നിശയുടെ വിജയത്തിന് മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും അനിവാര്യമായ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.

സമൂഹത്തിനുവേണ്ടി മികച്ച സേവനം ചെയ്യുന്ന വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നത് നാമത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണെന്ന് നാമം ട്രഷറർ സിറിയക്ക് എബ്രഹാം പറഞ്ഞു. നാമം എക്സലൻസ് അവാർഡ് ഗാല കൂടുതൽ ഭംഗിയായി നടത്താൻ എല്ലാവരുടെയും സഹകരണം ട്രഷറർ സിറിയക്ക് എബ്രഹാം അഭ്യർത്ഥിച്ചു.

നാമംഅവാർഡ് സമ്മേളനം ഗംഭീരമാക്കുന്നതിനു വേണ്ടി ഊർജ്ജസ്വലരായ നാമം അംഗങ്ങൾ, രാവും പകലും പ്രവർത്തിക്കുകയാണെന്നും എല്ലാവരും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്നും യൂത്ത് ചെയർ ഹരികൃഷ്ണൻ അഭ്യർത്ഥിച്ചു.

സമൂഹസേവനം, മികവ്, യുവജനശാക്തീകരണം, സാംസ്കാരിക ഐക്യം എന്നിവ ഒരേ വേദിയിൽ ആഘോഷിക്കുന്ന സമ്മേളനമായിരിക്കും ഒമ്പതാമത് നാമം എക്സലൻസ് അവാർഡ് ഗാലാ എന്ന് പി ആർ ഓ ജോർജ് നടവയൽ പറഞ്ഞു.

പുരസ്‌കാരദാന ചടങ്ങിൽ ഒതുങ്ങുന്നതല്ല നാമത്തിന്റെ പ്രവർത്തനങ്ങളെന്ന് മാധവൻ നായർ ചൂണ്ടിക്കാണിച്ചു. യുവജന നേതൃത്വ വികസനം, ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, മെന്ററിംഗ്, കൗൺസിലിംഗ്, അക്കാദമിക് പരിശീലനങ്ങൾ തുടങ്ങിയ നിരവധി പദ്ധതികൾ സംഘടന നടപ്പാക്കിവരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ യുവാക്കളെ സമൂഹനേതൃത്വത്തിലേക്ക് വളർത്തിക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നാമം, മലയാളികൾ ആരംഭിച്ച സംഘടനയായിരുന്നെങ്കിലും ഇന്ന് അത് എല്ലാ ഇന്ത്യൻ സമൂഹത്തിനും തുറന്നിട്ട വേദിയായി വളർന്നുവെന്ന് മാധവൻ നായർ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളും മിശ്രകുടുംബങ്ങളും സംഘടനയുടെ ഭാഗമാണ്.

അവാർഡ് ചടങ്ങിൽ ക്ഷണിക്കപ്പെട്ട ഏകദേശം 500 വിശിഷ്ട വ്യക്തികൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പത്ര സമ്മേളനത്തിൽ ജോസ് കാടാപ്പുറം, സുനിൽ ട്രൈസ്റ്റാർ, പ്രതാപൻ, ബിനു, ഷിജോ പൗലോസ്, തുടങ്ങിയവരും പങ്കെടുത്തു.

സജി എബ്രഹാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com