മലപ്പുറം: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗൂഗിൾ പേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട് സ്‌കൂൾപടി സ്വദേശി പുളിക്കൽ ഹൗസ് ജംഷാദ് (29) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് പ്രതിയെ തന്ത്രപൂർവ്വം വലയിലാക്കിയത്. പൊന്നാനി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പൊന്നാനി എരമംഗലം, മാറഞ്ചേരി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ സ്വർണ്ണക്കടകളിലാണ് പ്രതി പ്രധാനമായും തട്ടിപ്പ് നടത്തിയത്. സ്വർണ്ണാഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കടകളിലെത്തി വലിയ തുകയുടെ കച്ചവടം ഉറപ്പിച്ച ശേഷം പണം ഡിജിറ്റലായി കൈമാറാമെന്ന് കടക്കാരെ അറിയിക്കുകയാണ് ഇയാളുടെ രീതി. തുടർന്ന് മൊബൈലിലെ വ്യാജ ആപ്പ് ഉപയോഗിച്ച് പണം വിജയകരമായി അയച്ചുവെന്ന സ്ക്രീൻഷോട്ടും, കൃത്രിമമായി നിർമ്മിച്ച ശബ്ദ സന്ദേശവും കടയുടമകളെ കാണിച്ച് വിശ്വസിപ്പിക്കും. അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ വ്യാപാരികൾ ആഭരണങ്ങൾ കൈമാറുന്നതോടെ ഇയാൾ സ്ഥലം വിടും.
കച്ചവട സമയത്തിന് ശേഷം കടയുടമകൾ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കുമ്പോഴാണ് പണം വന്നിട്ടില്ലെന്നും തങ്ങൾ കബളിപ്പിക്കപ്പെട്ടെന്നും തിരിച്ചറിയുന്നത്. പ്രതി സമാനമായ രീതിയിൽ മറ്റ് എവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ വ്യാജ സ്ക്രീൻഷോട്ടുകൾ കണ്ട് വഞ്ചിതരാകരുതെന്നും, സ്വന്തം അക്കൗണ്ടിൽ പണം എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്നും പോലീസ് വ്യാപാരികൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



