തിരുവനന്തപുരം: പൊതിച്ചോറ് വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. ഭക്ഷണ വിതരണമല്ല ആശുപത്രികളില്‍ സ്ഥലം കയ്യേറുന്നതാണ് പ്രശ്‌നമെന്നാണ് കെ മുരളീരധരന്റെ പ്രതികരണം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐയും സേവാഭാരതിയും ചേര്‍ന്ന് സ്ഥലം കയ്യേറി. ആലപ്പുഴ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഭക്ഷണ വിതരണത്തിന് യാതൊരു തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ സ്ഥലം കയ്യേറി അതാണ് പ്രശ്‌നം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണം നല്‍ക്കുന്നതില്‍ സര്‍ക്കാര്‍ തടസ്സം നിന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഒരു സംഘടന തടസ്സം നിന്നുവെന്നും പ്രതികരണമുണ്ട്.
ക്രിട്ടിക്കൽ കെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ഒരു സംഘടന പറഞ്ഞു. വേറെ സ്ഥലം തരാതെ മാറില്ലെന്ന നിലപാട് എടുത്തു. ഇത്തരം പ്രവണതകള്‍ വെച്ചുപൊറിപ്പിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ആലപ്പുഴ ഒഴികയുള്ള സ്ഥലങ്ങളില്‍ ഭക്ഷണ വിതരണത്തിന് തടസ്സമില്ല. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറടക്കം നല്‍കാം. അവിടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. വെറുതെ പ്രഖ്യാപിച്ചാല്‍ മാത്രം പോരല്ലോ, പകരം ഭക്ഷണം കൊടുക്കാനുള്ള സംവിധാനവും ഉണ്ടാക്കണ്ടേ. ഭൂമി കൈയേറിയാണ് പൊതിച്ചോറ് കൊടുക്കുന്നതെങ്കില്‍ നടപടിയെടുക്കും. പറഞ്ഞ കാര്യങ്ങളില്‍ മലക്കംമറിച്ചില്‍ ഇല്ല. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പരാതി ലഭിച്ചത് കൊണ്ടാണ് നടപടിയുണ്ടായത്. മറ്റിടങ്ങളില്‍ നിന്ന് പരാതി ലഭിച്ചാലും നടപടി എടുക്കും. കോട്ടയം ജില്ലാ ആശുപത്രിയിലെ കെ കരുണാകരന്റെ പേരിലുള്ള പൊതിച്ചോറ് വിതരണത്തില്‍ ഇതുവരെയും ഒരു പരാതിയും ലഭിച്ചിട്ടില്ല’; മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്ന കാര്യത്തിലും മുരളീധരന്‍ പ്രതികരിച്ചു. ഇഎംഎസിന്റെ പേര് എത്ര സ്ഥാപനങ്ങള്‍ക്ക് ഇട്ടിട്ടുണ്ടെന്ന് ചോദിച്ചാണ് അദേഹം പ്രതികരിച്ചത്. ദേശീയ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടെയും പേര് സ്ഥാപനങ്ങള്‍ക്ക് ഇടാറുണ്ട്. പരനാറി, ചെറ്റ എന്നീ പ്രയോഗങ്ങള്‍ തന്റെ ഭാഗത്തുനിന്ന് ഇതുവരെ വന്നിട്ടില്ല. അക്രമങ്ങളും പ്രതിഷേധങ്ങളും കണ്ടു ഭയക്കുന്ന ആളല്ല താനെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.



