2026 ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ആരാധകരെയെല്ലാം നിരാശയിലാക്കി ദയനീയ പരാജയമാണ് അർജന്റീന ഏറ്റുവാങ്ങിയത്. കിരീടം നിലനിർത്താൻ കച്ചകെട്ടിയിറങ്ങിയ മെസിക്കും സംഘത്തിനും സ്പെയിനിന് മുന്നിൽ മുട്ടുവിറച്ചു. ഒരു ഘട്ടത്തിൽപ്പോലും വെല്ലുവിളി ഉയർത്താനാകാതെ കരഞ്ഞുകൊണ്ട് അർജന്റീനപ്പട മൈതാനം വിട്ടു.
ആരാധകരുടെ വിഷമവും കലിപ്പും അതിരുവിട്ടിരിക്കുകയാണ്. പരാജയത്തിന് പിന്നാലെ അർജന്റീനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തലസ്ഥാനമായ ബ്യൂനസ് ഐറിസിലും മറ്റിടങ്ങളിലും ആരാധകർ തെരുവിലിറങ്ങി. പ്രതിഷേധവും നിരാശാപ്രകടനങ്ങളും അതിരുവിട്ടതോടെ പൊലീസിന് ജലപീരങ്കികളും കണ്ണീർ വാതകങ്ങളും ഉപയോഗിക്കേണ്ടി വന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അർജന്റീനയുടെ തോൽവിക്ക് പിന്നാലെയാണ് ജനക്കൂട്ടം ബ്യൂനസ് ഐറിസിൽ കലാപം അഴിച്ചുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നഗരമധ്യത്തിലുള്ള ദേശീയ സ്മാരകമായ ഒബെലിസ്കിന് ചുറ്റും ആരാധകർ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസിന് നേരെ ഇവർ ചില്ല് കുപ്പികളും മറ്റും എറിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്നാണ് പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.
കലാപത്തിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. അതേസമയം സ്പെയിൻ സർവാധിപത്യം പുലർത്തിയ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ പരാജയം.



